08:16am 13 June 2026
NEWS
സ്വകാര്യ സ്കൂൾ ഫീസ് ഘടനയിൽ പുതിയ നയവുമായി വിദ്യാഭ്യാസ മന്ത്രാലയം; 54 സ്കൂളുകൾക്ക് ഫീസ് വർദ്ധനവിന് അനുമതി, 22 അപേക്ഷകൾ തള്ളി
12/06/2026  11:05 AM IST
NILA
സ്വകാര്യ സ്കൂൾ ഫീസ് ഘടനയിൽ പുതിയ നയവുമായി വിദ്യാഭ്യാസ മന്ത്രാലയം; 54 സ്കൂളുകൾക്ക് ഫീസ് വർദ്ധനവിന് അനുമതി, 22 അപേക്ഷകൾ തള്ളി

 

​ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും ട്യൂഷൻ ഫീസുകൾ നിയന്ത്രിക്കുന്നതിനായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും രക്ഷിതാക്കളുടെയും സ്കൂളുകളുടെയും അവകാശങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണമെന്ന് സ്വകാര്യ സ്കൂൾ-കിന്റർഗാർട്ടൻ വകുപ്പ് ഡയറക്ടറും സ്പെഷ്യൽ ലൈസൻസിങ് ആക്ടിങ് മേധാവിയുമായ ഡോ. റാനിയ മുഹമ്മദ് വ്യക്തമാക്കി.
​പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ മാനദണ്ഡങ്ങൾ പാലിച്ച 54 സ്വകാര്യ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ഫീസ് വർദ്ധനവിന് മന്ത്രാലയം അനുമതി നൽകി. എന്നാൽ, ആവശ്യമായ രേഖകളുടെ കുറവ് മൂലവും നിബന്ധനകൾ പാലിക്കാത്തതിനാലും 22 സ്കൂളുകളുടെ അപേക്ഷകൾ മന്ത്രാലയം നിരസിച്ചു.മുൻകാലങ്ങളിൽ സാമ്പത്തിക വശങ്ങൾക്ക് മാത്രം മുൻഗണന നൽകിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ സ്കൂളുകളുടെ അക്കാദമിക പ്രകടനവും വിദ്യാഭ്യാസ നിലവാരവും വിലയിരുത്തിയാകും ഫീസ് വർദ്ധനവ് നിശ്ചയിക്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്ക് അവരുടെ നിലവാരത്തിനനുസരിച്ച് 2% അല്ലെങ്കിൽ 3% വരെ ഫീസ് വർദ്ധനവിന് അനുമതി ലഭിക്കും.ഫീസ് വർദ്ധനവ് നടപ്പിലാക്കുന്നതിന് ഏകദേശം ഒന്നര വർഷം മുമ്പ് തന്നെ മന്ത്രാലയം അനുമതി നൽകും. ഇത് വഴി രക്ഷിതാക്കൾക്ക് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാനും, കുട്ടികളെ ഇതേ സ്കൂളിൽ തുടരാൻ അനുവദിക്കണോ അതോ മറ്റൊന്നിലേക്ക് മാറ്റണോ എന്ന് ആലോചിച്ചു തീരുമാനിക്കാനും ആവശ്യത്തിന് സമയം ലഭിക്കും.ജനുവരിയിലോ ഏപ്രിലിലോ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾ എല്ലാ വർഷവും സെപ്റ്റംബറിലും, സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾ ഡിസംബറിലും ഫീസ് വർദ്ധനവിനുള്ള അപേക്ഷകൾ സമർപ്പിക്കണം.പ്രത്യേക നിയന്ത്രണ ഇടപെടലുകൾ ആവശ്യമുള്ള സ്കൂളുകളെ സഹായിക്കാൻ മന്ത്രാലയം പ്രത്യേക പാതകൾ രൂപീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 3 സ്കൂളുകളെ സാമ്പത്തിക റിക്കവറി പാതയിലും, 13 സ്കൂളുകളെ അക്കാദമിക് റിക്കവറി പാതയിലും, 3 സ്കൂളുകളെ സാമ്പത്തിക-അക്കാദമിക് റിക്കവറി പാതയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
​യഥാർത്ഥ വരുമാനവും കാണിച്ച വരുമാനവും തമ്മിൽ പൊരുത്തക്കേടുകളുള്ള സ്കൂളുകൾക്കാണ് സാമ്പത്തിക റിക്കവറി പാതയിലൂടെ ഫീസ് വർദ്ധനവ് നിഷേധിച്ചത്. അതേസമയം, അക്കാദമിക് നിലവാരം കുറഞ്ഞ സ്കൂളുകൾക്ക് പ്രത്യേക വികസന പദ്ധതികളിലൂടെ നിലവാരം മെച്ചപ്പെടുത്താനുള്ള അവസരവും മന്ത്രാലയം ഒരുക്കുന്നുണ്ട്. ട്യൂഷൻ ഫീസ്, സർവീസ് ഫീസുകൾ, പരാതി പരിഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പത്ത് അധ്യായങ്ങൾ അടങ്ങുന്ന സമഗ്രമായ നയരേഖയാണ് മന്ത്രാലയം ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img