
ദോഹ: വാണിജ്യ വ്യാവസായിക മന്ത്രാലയം ഖത്തർ ഡെവലപ്‌മെന്റ് ബാങ്കുമായി (QDB) സഹകരിച്ച് ഗവേണൻസ്, റിസ്ക് മാനേജ്‌മെന്റ്, കോംപ്ലയൻസ് (GRC) എന്നിവയിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. സ്വകാര്യ മേഖലയിലെ പ്രതിനിധികൾ, സംരംഭകർ, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (SME) ഉടമകൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ബിസിനസ് രംഗത്ത് മികച്ച ഗവേണൻസ്, റിസ്ക് മാനേജ്‌മെന്റ് രീതികൾ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. സുസ്ഥിരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും സുതാര്യത ഉറപ്പുവരുത്താനും ഇത് സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യവസായങ്ങളുടെ സുസ്ഥിരത ഉറപ്പാക്കൽ, നിയമപരമായ അനുമതികളും വ്യവസ്ഥകളും പാലിക്കൽ, ഉത്തരവാദിത്ത നിർവ്വഹണം, റിസ്‌ക് വിലയിരുത്തൽ തുടങ്ങി നിരവധി വിഷയങ്ങളിൽ ശില്പശാലയിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സ്വകാര്യ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ മന്ത്രാലയം നടപ്പിലാക്കുന്ന തുടർ പദ്ധതികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.










