
ദോഹ: ഖത്തറിലെ ഡ്രൈവിംഗ് സ്‌കൂളുകൾ ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നതിന് മുൻപ് വ്യക്തമായ രേഖാമൂലമുള്ള കരാർ നിർബന്ധമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരിശീലന സേവനങ്ങൾ കൂടുതൽ സുതാര്യമായി നിയന്ത്രിക്കുന്നതിനുമാണ് 2008-ലെ എട്ടാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം മന്ത്രാലയം പുതിയ വ്യവസ്ഥകൾ പുറപ്പെടുവിച്ചത്.
പുതിയ നിയമമനുസരിച്ച്, സേവനങ്ങളെ സംബന്ധിച്ച് കൃത്യമായ കരാർ ഇല്ലാതെ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് പണം ഈടാക്കാൻ സാധിക്കില്ല. കരാറിൽ പരിശീലനം ആരംഭിക്കുന്ന യഥാർത്ഥ തീയതി വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അനുവദിക്കുന്ന പെർമിറ്റ് നമ്പർ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടായിരിക്കും.
നിയമങ്ങൾ പാലിച്ച് തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി ഡ്രൈവിംഗ് സ്‌കൂളുകൾക്ക് നിർദ്ദേശം ലഭിച്ച തീയതി മുതൽ ഒരു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ കാലാവധിക്ക് ശേഷം വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം ഫീൽഡ് പരിശോധനകൾ നടത്തും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 16001 എന്ന കാൾ സെന്റർ നമ്പറിലോ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ പരാതിപ്പെടാവുന്നതാണ്.










