
ദോഹ: ഖത്തറിലെ വ്യവസായ നിക്ഷേപ അവസരങ്ങളിലേക്ക് ഹൈഡ്രോകാർബൺ അധിഷ്ഠിത വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കുന്നതിനും മിസൈഈദ് ഇൻഡസ്ട്രിയൽ സിറ്റിയിൽ (MIC) പുതിയ ഇടത്തരം വ്യവസായ മേഖല വികസിപ്പിക്കുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയവും (MoCI) ഖത്തർഎനർജിയും ടേംസ് ഓഫ് റഫറൻസിൽ (ToR) ഒപ്പുവെച്ചു.
വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽ ഥാനി, ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർഎനർജി പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ഷെരീദ അൽ കാബി എന്നിവരുടെ സാന്നിധ്യത്തിലാണ് സുപ്രധാന കരാർ ഒപ്പിട്ടത്. വാണിജ്യ വ്യവസായ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി സാലിഹ് മജീദ് അൽ ഖുലൈഫിയും ഖത്തർഎനർജി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് സയീദ് അൽ അമൂദിയുമാണ് കരാറിൽ ഒപ്പുവെച്ചത്.രാജ്യത്തെ ഹൈഡ്രോകാർബൺ വിഭവങ്ങൾ, പ്രകൃതിവാതകം, വൈദ്യുതി എന്നിവ ചെറുകിട-ഇടത്തരം വ്യവസായ നിക്ഷേപങ്ങൾക്കായി കൃത്യമായ ഭരണസംവിധാനത്തിലൂടെ നീക്കിവെക്കാൻ ഈ കരാർ വ്യവസ്ഥ ചെയ്യുന്നു.പദ്ധതിക്കായി ഇരുവിഭാഗവും ചേർന്ന് ഒരു പ്രത്യേക വർക്കിംഗ് ടീം രൂപീകരിക്കും. ധനകാര്യ മന്ത്രാലയം, കഹ്‌റാമ (KAHRAMAA), ഇൻവെസ്റ്റ് ഖത്തർ, ഖത്തർ ഫ്രീ സോൺസ് അതോറിറ്റി, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് (QDB) എന്നിവയുമായി ഏകോപിപ്പിച്ചാകും ഈ ടീം പ്രവർത്തിക്കുക.നിക്ഷേപകരെ ആകർഷിക്കുന്നതിനും വ്യവസായ ആവാസവ്യവസ്ഥയെ ഏകോപിപ്പിക്കുന്നതിനും വാണിജ്യ വ്യവസായ മന്ത്രാലയം നേതൃത്വം നൽകുമ്പോൾ, വിഭവങ്ങളുടെ വിനിയോഗവുമായി ബന്ധപ്പെട്ട സാങ്കേതികവും വാണിജ്യപരവുമായ മേൽനോട്ടം ഖത്തർഎനർജി നിർവ്വഹിക്കും.ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് നൽകുന്നതിന് തുല്യമായ അളവിൽ പ്രകൃതിവാതകം മിസൈഈദിലെ പുതിയ വിപുലീകരണ മേഖലയ്ക്കും ലഭ്യമാക്കാൻ ഖത്തർഎനർജി പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ്ജ കാര്യ സഹമന്ത്രി സാദ് ഷെരീദ അൽ കാബി പ്രഖ്യാപിച്ചു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാമത് ദേശീയ വികസന തന്ത്രം (NDS3) എന്നിവയ്ക്ക് അനുസൃതമായി രാജ്യത്തെ വ്യവസായ മേഖലയുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനും സാമ്പത്തിക വൈവിധ്യവത്കരണത്തിന് ആക്കം കൂട്ടാനും ഈ പങ്കാളിത്തം വഴി സാധിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി വ്യക്തമാക്കി.











