
ആലപ്പുഴ : ഓണ വിപണിയിൽ ഇക്കുറിയും പഴങ്ങളുടെയും പച്ചക്കറിയുടെയും വില നിയന്ത്രിക്കാനായെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. വിപണി ഇടപെടലിനായി 2000 കർഷക ചന്തകളാണ് സംസ്ഥാനത്തുടനീളം കൃഷിവകുപ്പ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്ന് മുതൽ നാല് വരെ നീണ്ടു നിന്ന കർഷക ചന്തകളിലൂടെ 2,157 ടൺ പഴങ്ങളും പച്ചക്കറികളുമാണ് വിറ്റഴിച്ചത്. കാർഷികവികസന കർഷക ക്ഷേമ വകുപ്പ് വകുപ്പ് മുഖേന 1076, ഹോർട്ടികോർപ്പ് മുഖേന 764, വി.എഫ്.പി.സി.കെ മുഖേന 160 ഉം കർഷക ചന്തകളാണ് ഉണ്ടായിരുന്നത്. കർഷകരിൽ നിന്ന് 1,193 ടൺ പഴങ്ങളും പച്ചക്കറികളും കൃഷിവകുപ്പ് നേരിട്ട് സംഭരിച്ചാണ് കർഷക ചന്തകളിൽ എത്തിച്ചത്. ഇതിലൂടെ കർഷകർക്ക് 6.95 കോടി രൂപ കർഷകർക്ക് ലഭിച്ചു. പത്ത് ശതമാനം അധിക വില നൽകി കർഷകരിൽ നിന്ന് സംഭരിച്ച പഴങ്ങളും പച്ചക്കറികളും പൊതു വിപണിയെക്കാൾ മുപ്പത് ശതമാനം കുറച്ചാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത്.
Photo Courtesy - Google











