06:01pm 27 August 2026
NEWS
കെസിഎ പാലക്കാട് സ്പോർട്സ് ഹബ് നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും
25/02/2026  06:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെസിഎ പാലക്കാട് സ്പോർട്സ് ഹബ് നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും.  മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള  21 ഏക്കർ ഭൂമിയിലാണ് പാലക്കാടിന്റെ കായികമുഖച്ഛായ മാറ്റുന്ന സ്പോർട്സ് ഹബ് ഒരുങ്ങുന്നത്. അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിന് പിന്നിലുള്ള നിർദ്ദിഷ്ട സ്പോർട്സ് ഹബ് ഏരിയയിൽ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ  മന്ത്രി എം.ബി. രാജേഷ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും. കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി, എ. പ്രഭാകരൻ എം.എൽ.എ, പാലക്കാട് നഗരസഭാ അധ്യക്ഷൻ പി. സ്മിതേഷ്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, വുമൺസ് പ്രീമിയർ ലീഗ് ചെയർമാൻ ജയേഷ് ജോർജ്, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന  ബൃഹദ് കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ - ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ലീസ് എഗ്രിമെന്റ് അടിസ്ഥാനത്തിൽ 33 വർഷത്തേക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭൂമി ഏറ്റെടുക്കുന്നത്. ഇതുവഴി ക്ഷേത്രത്തിന് വാർഷിക വരുമാനമായി 21,35,000 രൂപ ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നൽകും. സ്പോർട്സ് ഹബ്ബ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് തൊഴിൽ മേഖലയിൽ മുൻഗണന നൽകാനും വ്യവസ്ഥയുണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്പോർട്സ് ഹബ് നിർമിക്കുക.

2018-ൽ ആരംഭിച്ച നടപടിക്രമങ്ങൾ കോവിഡിനെ തുടർന്ന് വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് 1951 പ്രകാരമുള്ള നിയമനടപടികൾ മലബാർ ദേവസ്വവും അമ്പലം ട്രസ്റ്റും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്‌ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ട നിർമാണം ഈ വർഷം പൂർത്തിയാക്കാനാണ് തീരുമാനമെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു. രണ്ടാം ഘട്ടം 2027 ഏപ്രിലോടെ പൂർത്തിയാക്കും. ജില്ലയിലെ കായിക മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നൽകുന്ന പദ്ധതി എല്ലാ കായിക ഇനങ്ങളെയും ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ പാലക്കാടിന്റെ കായിക ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്പോർട്സ് ഹബ് കേരളത്തിന്റെ കായിക പശ്ചാത്തല സൗകര്യ വികസനത്തിൽ  നാഴികക്കല്ലാകുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു. ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിലും വരും തലമുറയിലെ മികച്ച കായിക താരങ്ങളെ വാർത്തെടുക്കുവാനും  ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പാലക്കാട് ഡിസിഎയുടെ മുൻ ഭാരവാഹികളെയും ക്ഷേത്ര ഭാരവാഹികളെയും കെസിഎ ഭാരവാഹികൾ ആദരിക്കും. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബിന്ദു, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു, മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ കമ്മിറ്റി ചെയർമാൻ ദണ്ഡമാണി മാസ്റ്റർ,മലബാർ ദേവസ്വം ബോർഡ് അസിസ്റ്റഡ് കമ്മീഷണർ വേണു​ഗോപാലൻ.ആർ,പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി. ശോഭന, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം മലർകൊടി രാജൻ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ. കോമള ദാസൻ,   കെസിഎ  ട്രഷറർ ടി. അജിത്കുമാർ, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, കെസിഎ മെമ്പർ എ. സിയാബുദ്ദീൻ,  മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം.ആർ. മുരളി, ശ്രീ ചാത്തൻകുളങ്ങര ക്ഷേത്രം ട്രസ്റ്റ് മുൻ ചെയർമാൻ പി. നന്ദകുമാർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മണികണ്ഠൻ എം എന്നിവർ പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img