
തിരുവനന്തപുരം: കോറോ ഹെൽത്ത് എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി വെള്ളിയാഴ്ചയിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സർക്കാർ നിർദേശം പാലിക്കാത്തത് കമ്പനിയുടെ നിയമവിരുദ്ധ നടപടിയാണ്. വിഷയത്തിന്റെ ഗൗരവം സർക്കാർ മനസിലാക്കിയാണ് തൊഴിൽ മന്ത്രി നേരിട്ട് കമ്പനി ഉന്നത ഉദ്യോഗസ്ഥരുമായി ജൂലൈ പത്തിന് ചർച്ച നടത്തുന്നത്. ലേബർ കോഡ് അനുസരിച്ചാണെങ്കിലും കോറോ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് നിയമവിരുദ്ധമായ സമീപനമാണ്. മുന്നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിന് മുൻപ് വകുപ്പിനെ അറിയിക്കണം എന്നതാണ് നിയമം. സംസ്ഥാന സർക്കാരിന് തുറന്ന സമീപനമാണ്, അതുകൊണ്ട് കമ്പനിക്ക് എതിരെ പ്രോസിക്യൂഷൻ നടപടികൾ എടുക്കുന്നതിനേക്കാൾ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സ്ഥാപനം സംസ്ഥാനത്തു തന്നെ നിലനിർത്തി ജീവനക്കാർക്ക് തൊഴിൽ ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ സർക്കാർ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
Photo Courtesy - Google









