12:16pm 01 September 2026
NEWS
ഖനന നിയന്ത്രണം: അമൂല്യ സമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനോ?
31/08/2026  04:02 PM IST
ചവറ സുരേന്ദ്രൻപിള്ള
ഖനന നിയന്ത്രണം: അമൂല്യ സമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനോ?

പൊന്നും വിലയുള്ള കരിമണലിന്റെ നാട്ടിൽ വീണ്ടുമൊരു സംഘർഷത്തിനിടവരുത്താനുള്ള നിമിത്തവുമായി അമൂല്യലോഹങ്ങളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. ഖനന നിയന്ത്രണ ഭേദഗതി ബിൽ ലോക് സഭയും രാജ്യസഭയും പാസ്സാക്കിയതോടെ ഖനനം സ്വകാര്യ കുത്തകകൾക്കു കൂടി കൈയടക്കാനാവുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ധാതുക്കൾ കണ്ടെത്തുന്ന ഏതൊരു ഭുമിയും കേന്ദ്ര സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനും ഭുമിയിലെ ഖനനം സംബന്ധിച്ച് എന്തു തീരുമാനവുമെടുക്കാനും കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്ന നിയമ ഭേദഗതിയാണിപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്ന് ഖനന നിയന്ത്രണാധികാരം എടുത്തു മാറ്റാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. കേരളത്തിന്റെ ആഴക്കടലും തീരദേശവും ഖനനത്തിനായി സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ ഈ ബിൽ വഴിയൊരുക്കുമെന്ന ആശങ്ക ഏറെയുണ്ട്. 

ഖനി, ധാതു വികസനവും ക്രമീകരണവും ഭേദഗതി ബില്ലിലെ വ്യവസ്ഥ പ്രകാരം കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായേ ധാതുക്കൾക്കുമേൽ നികുതിയോ സെസ്സോ ചുമത്താനാവൂ. തീരദേശത്തും വനഭൂമിയിലും ഖനനം ചെയ്യുന്നതിന് കേന്ദ്രത്തിന് പൂർണാധികാരം ഉണ്ടാകും. ഇതു മൂലം കേരള തീരത്തെ അപൂർവ ധാതുക്കളുടെ കലവറയായ നീണ്ടകര മുതൽ തോട്ടപ്പള്ളി വരെയുള്ള തീരപ്രദേശം ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികൾക്ക് അവസരമുണ്ടാകും. ധാതുഭൂമിയിൽ നിന്ന് നികുതി പിരിക്കാനുള്ള അധികാരം ഇനി സംസ്ഥാനങ്ങൾക്കുണ്ടാകില്ല. റോയൽറ്റി, സെസ്സ്, ലൈസൻസ് ഫീസ് എന്നിവ ഈടാക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമുണ്ടാകും.    
                                        
സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന ഈ ഖനന നിയന്ത്രണം സംബന്ധിച്ച് 9 അംഗ സുപ്രീം കോടതി വിധി പോലും മാനിക്കാതെയും സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയുമാണ് ഭേദഗതി ബിൽ കൊണ്ടുവന്നിരിക്കുന്നത്. ഭൂമിയിന്മേലും വനത്തിന്മേലും പരിസ്ഥിതിയിന്മേലും തീരദേശ ആവാസവ്യവസ്ഥയിന്മേലും സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളും ജനങൾക്കുള്ള അവകാശങ്ങളും പൂർണമായും ബലികഴിക്കപ്പെടുന്നതാണ് ഭേദഗതി.     
                                                                  
1957 ലെ മൈൻസ് ആന്റ് മിനറൽസ് ആക്ട് പ്രകാരവും 1962 ലെ അണുശക്തി നിയമവും 1991 ലെ വ്യവസായ നയ പ്രമേയവും അനുസരിച്ച് കേരള തീരപ്രദേശത്തെ ലോഹമണൽ ഖനനം ചെയ്യുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിനാണ്. നിലവിലുള്ള നിയമപ്രകാരം കരിമണലിൽ നിന്നു കിട്ടുന്ന ധാതുക്കളുടെ ഖനനം നടത്തുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളിൽ നിക്ഷിപ്തമാണ്. ഇതനുസരിച്ചാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ് (ഇന്ത്യ) യും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡും ലോഹമണൽ ഖനനം നടത്തിവരുന്നത്. പുതിയ ഭേദഗതിയോടെ സ്വകാര്യ കുത്തകമുതലാളിമാർക്ക് കരിമണൽ ഖനന മേഖലയിലേക്ക് കടന്നുകൂടാനും നമ്മുടെ തീരദേശം മുഴുവനും ആർത്തിയോടെ ഖനനം ചെയ്തു കൊള്ളയടിക്കാനുമുള്ള അവസരമുണ്ടാകും. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ പൊതുമേഖലയിലുള്ള നമ്മുടെ ഖനന പ്രക്രിയയ്ക്കും അനുബന്ധ വ്യവസായ സ്ഥാപനങ്ങളായ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെയും (കെ എം എം എൽ) ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ് (ഇന്ത്യ) യുടെയും ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടിന്റെയും (ടി.ടി.പി) തകർച്ചയ്ക്കു തന്നെ കാരണമാകും. ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടും.        
                                    
നീണ്ടകര മുതൽ തോട്ടപ്പള്ളി വരെ 32.54 കിലോമീറ്റർ കടൽത്തീരം ലോകത്തിലെ തന്നെ ഏറ്റവും സമ്പുഷ്ടമായ ധാതു നിക്ഷേപകേന്ദ്രമാണ്.12.7 കോടി മെട്രിക് ടൺ കരിമണൽ ശേഖരമുണ്ടെന്നാണ് കണക്ക്. ഇതിൽ ഇൽമനൈറ്റ് മാത്രം എട്ടു കോടി വരും. കായംകുളം പൊഴി മുതൽ ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും ഉൾപ്പെടെ തോട്ടപ്പള്ളി വരെ 1.7 കോടി മെട്രിക് ടൺ ധാതുക്കളും 90 ലക്ഷം മെട്രിക് ടൺ ഇൽമനൈറ്റുമുണ്ട്. നമ്മുടെ തീരത്ത് മാത്രം 80 വർഷത്തേക്കുള്ള ഇൽമനൈറ്റ് ശേഖരമുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണക്ക്. ചവറ തീരത്തുള്ള കരിമണലിൽ 40 മുതൽ 55 ശതമാനം വരെ ഇൽമനൈറ്റും 12 മുതൽ 17 ശതമാനം വരെ സിലിമനൈറ്റും ആറു മുതൽ എട്ടു ശതമാനം വരെ റൂട്ടൈലും ഒന്നു മുതൽ രണ്ട് ശതമാനം വരെ സിർക്കോണും ഒരു ശതമാനത്തിൽ താഴെ മോണോസൈറ്റും അടങ്ങിയിരിക്കുന്നു. ഒരു ടൺ കരിമണൽ വേർതിരിച്ചെടുത്താൽ ശരാശരി 475 കിലോഗ്രാം ഇൻമനൈറ്റും 146 കിലോഗ്രാം സിർക്കണം 122 കിലോഗ്രാം സിലിമനൈറ്റും 61 കിലോഗ്രാം റൂട്ടൈലും ലഭിക്കും. ഐ.ആർ.ഇയും കെ.എം.എം.എല്ലും കൂടി 2.3 ലക്ഷം ടൺ ധാതുക്കളാണ് ഉൽപാദിപ്പിച്ചു വരുന്നത്. റേഡിയോ ആക്ടീവ് പദാർഥമായ തോറിയത്തിന്റെ അയിരായിട്ടുള്ള മോണോസൈറ്റ് വേർതിരിക്കുന്നതിന് ഐ.ആർ.ഇ യ്ക്ക് മാത്രമാണ് അനുമതി ഉള്ളത്.                                                                         

പുതിയ ഖനന നിയന്ത്രണ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നാൽ കെ.എം.എം. എല്ലും ഐ. ആർ. ഇ യും ഏറ്റെടുക്കാത്ത സ്ഥലങ്ങളിൽ സ്വകാര്യ കുത്തകകൾ കടന്നുവന്ന് ധാതുസമ്പത്ത് മുഴുവൻ ചുരുങ്ങിയ കാലം കൊണ്ട് ചൂഷണം ചെയ്തുകൊണ്ടുപോകുമെന്ന് തൊഴിലാളികൾ ന്യായമായും ഭയക്കുന്നു. കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും കമ്പനികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ഖനനം സ്വകാര്യ മേഖലയ്ക്ക് ലഭിക്കുന്ന പക്ഷം തോറിയം, യുറേനിയം, പ്ല്യൂട്ടോനിയം തുടങ്ങിയ ആണവ ഊർജ മൂലകങ്ങളുമായി ബന്ധപ്പെട്ട അയിര് എന്ന നിലയിൽ മോനോസൈറ്റിന്റെ ദുരുപയോഗം രാജ്യരക്ഷയ്ക്കു തന്നെ ഭീഷണിയാകാനുളള സാധ്യതയും തള്ളിക്കളയാനാകില്ല.                                                            
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img