05:27am 27 October 2026
NEWS
ലക്ഷാധിപതികളായ പി.എസ്.സി 'വെള്ളാനകളും' തെരുവിൽ കണ്ണീരൊഴുക്കുന്ന കേരളത്തിലെ യുവത്വവും
26/10/2026  08:35 PM IST
സുരേഷ് വണ്ടന്നൂർ
ലക്ഷാധിപതികളായ പി.എസ്.സി വെള്ളാനകളും തെരുവിൽ കണ്ണീരൊഴുക്കുന്ന കേരളത്തിലെ യുവത്വവും

​കേരളത്തിലെ യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങളെയും അതിജീവന പോരാട്ടങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം തെളിയുന്നത് കഷ്ടപ്പാടുകളുടെയും കാത്തിരിപ്പുകളുടെയും ചിത്രങ്ങളാണ്. എന്നാൽ, ഭരണസിരാകേന്ദ്രങ്ങളിൽ ഇരുന്നു കൊടികുത്തിവാഴുന്ന ചില ഉയർന്ന പദവികളുടെയും ആഡംബര ധൂർത്തുകളുടെയും കണക്കുകൾ പരിശോധിച്ചാൽ ആരും ഞെട്ടിപ്പോകും. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ശമ്പളത്തെപ്പോലും നിഷ്പ്രഭമാക്കുന്ന തരത്തിലുള്ള ഉയർന്ന ശമ്പളവും കോടികളുടെ ആനുകൂല്യങ്ങളും കൈപ്പറ്റി കൊണ്ടിരിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) ഇന്ന് അക്ഷരാർത്ഥത്തിൽ ഒരു 'വെള്ളാന'യായി മാറിയിരിക്കുകയാണ്.


​ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സികളുമായും രാജ്യത്തിൻ്റെ പരമോന്നത പരീക്ഷാ ഏജൻസിയായ യു.പി.എസ്.സിയുമായും (UPSC) താരതമ്യം ചെയ്യുമ്പോഴാണ് കേരളത്തിലെ പി.എസ്.സിയുടെ ഈ അതികയറ്റം പൂർണ്ണമായും വ്യക്തമാകുന്നത്. 

ജനസംഖ്യയിൽ ഇന്ത്യയിൽ പതിമൂന്നാം സ്ഥാനത്തു മാത്രമുള്ള കേരളത്തിൽ, പി.എസ്.സി അംഗങ്ങളുടെ പരമാവധി അംഗസംഖ്യ 21 ആണ്. നിലവിൽ ചെയർമാൻ ഉൾപ്പെടെ 17 അംഗങ്ങളാണ് കമ്മീഷനിലുള്ളത്. എന്നാൽ, ജനസംഖ്യയിലും വിസ്തൃതിയിലും നമ്മേക്കാൾ എത്രയോ മടങ്ങു മുന്നിലുള്ള തമിഴ്നാട്ടിൽ ആകെ പി.എസ്.സി അംഗങ്ങളുടെ എണ്ണം 14 മാത്രമാണ്. കർണാടകയിൽ 9 ഉം, തെലുങ്കാനയിലും ആന്ധ്രപ്രദേശിലും 7 വീതവും, ഉത്തർപ്രദേശിൽ 9 ഉം, മഹാരാഷ്ട്രയിൽ വെറും 3 അംഗങ്ങൾ മാത്രമുള്ളപ്പോഴാണ് കേരളം ഇത്രയധികം അംഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ഗൗരവമേറിയ ഒരു ചോദ്യചിഹ്നമാണ്. ചുരുക്കത്തിൽ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പി.എസ്.സി അംഗങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

​ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും കാര്യമെടുത്താൽ സ്ഥിതി ഇതിലും ഭീകരമാണ്. കേരള പി.എസ്.സി ചെയർമാന്റെ ഒരു മാസത്തെ ശമ്പളം 4,10,000 രൂപയാണ്. ഒരു അംഗത്തിന്റെ ഒരു ദിവസത്തെ ശമ്പളം തന്നെ 13,000 രൂപ വരും. വെറും 17 പേർക്ക് മാത്രം ശമ്പളം നൽകാൻ ഒരു മാസം കേരള സർക്കാരിന് ചിലവാകുന്നത് 69,70,000 രൂപയാണ്. ശമ്പളത്തിന് പുറമെ ഒന്നാം ക്ലാസ് യാത്രാപ്പടി, TA, ദ ഫേദാർ, കാർ, ഡ്രൈവർ, ആശ്രിതർക്കുള്ള മെഡിക്കൽ ചെലവുകൾ തുടങ്ങി നീളുന്നു മറ്റ് ആനുകൂല്യങ്ങൾ. കേരളത്തിലെ ഒരു പി.എസ്.സി അംഗത്തിന്റെ വാർഷിക വരുമാനം ഏകദേശം 48 ലക്ഷം രൂപയാണ്. 6 വർഷം അല്ലെങ്കിൽ 62 വയസ്സ് എന്ന വ്യവസ്ഥയിലാണ് നിയമനം എന്നതിനാൽ, 6 വർഷം കൊണ്ട് ഒരു മെമ്പർ കൈപ്പറ്റുന്ന ആകെ വരുമാനം 2 കോടി 88 ലക്ഷം രൂപയാണ്. ഇതിനുപുറമെയാണ് ജീവിത അവസാനം വരെ കിട്ടുന്ന പെൻഷനും മറ്റ് മെഡിക്കൽ ആനുകൂല്യങ്ങളും. അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാണ് പെൻഷനായി നൽകുന്നത്.

​ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ശമ്പളം 2,80,000 രൂപ മാത്രവും, കേരള മുഖ്യമന്ത്രിയുടെ മാസ ശമ്പളം 1,85,000 രൂപ മാത്രമായിരിക്കുമ്പോഴാണ് പി.എസ്.സി ചെയർമാനും അംഗങ്ങളും 4 ലക്ഷം രൂപ വീതം മാസംതോറും കൈപ്പറ്റുന്നത് എന്നത് വലിയൊരു വിരോധാഭാസമാണ്. കേന്ദ്രതലത്തിൽ UPSC ചെയർമാൻ്റെ ശമ്പളം 2,50,000 രൂപയും അംഗങ്ങളുടെ ശമ്പളം രണ്ടേകാൽ ലക്ഷം രൂപയുമാണ്. കൂടാതെ സിവിൽ സർവന്റ്സ്, എക്സ് സിവിൽ സർവന്റ്സ്, എക്സ് മിലിട്ടറി, അക്കാദമിഷ്യൻസ് തുടങ്ങിയ പ്രഗത്ഭരായ വ്യക്തികളാണ് യു.പി.എസ്.സിയിൽ അംഗങ്ങളാകുന്നത്. എന്നാൽ, കോടികൾ ശമ്പളം നൽകുന്ന കേരള പി.എസ്.സിയിൽ ഒരംഗമാകാനുള്ള യോഗ്യത എന്താണെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലായ്മയാണ് ബാക്കി—കാരണം ഇത് തികഞ്ഞ രാഷ്ട്രീയ നിയമനങ്ങളാണ്. യാതൊരു പ്രത്യേക യോഗ്യതയുമില്ലാതെ എത്തുന്നവരാണ് ഈ കൊള്ളലാഭം കൊയ്യുന്നത്.

​മറുവശത്ത്, രാത്രികളെ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച്, കഠിനാധ്വാനം ചെയ്ത് പരീക്ഷകളിൽ തിളങ്ങി റാങ്ക് ലിസ്റ്റുകളിൽ ഇടംനേടിയ കേരളത്തിലെ ചെറുപ്പക്കാരുടെ അവസ്ഥയോ? മണ്ണുവാരിയെറിഞ്ഞും, മുട്ടിലിഴഞ്ഞും, പ്രതിനിധാന ശവങ്ങളായും നിയമന ഉത്തരവുകൾക്ക് വേണ്ടി തെരുവിൽ സമരം ചെയ്യേണ്ട ഗതികേടിലാണ് അവർ. അർഹരായ ഉദ്യോഗാർത്ഥികൾ നീതിക്കായി വർഷങ്ങളോളം കാത്തിരിക്കുമ്പോഴാണ് രാഷ്ട്രീയ താൽപ്പര്യങ്ങളുടെ പുറത്ത് നിയമിക്കപ്പെടുന്നവർ ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ പറ്റുന്നത്. ഇതിനിടയിലാണ് പി.എസ്.സിയെ സംബന്ധിച്ച പരീക്ഷാ ക്രമക്കേടുകളും അനധികൃത ഇടപെടലുകളും ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

​യോഗ്യതയുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി ചോദ്യചിഹ്നമായി നിൽക്കുമ്പോൾ, പൊതുഖജനാവിൽ നിന്ന് കോടികൾ ധൂർത്തടിക്കുന്ന ഇത്തരം സംവിധാനങ്ങൾക്കെതിരെ ശക്തമായ ജനവിചാരണ ഉണ്ടാകേണ്ടിയിരിക്കുന്നു. ഉദ്യോഗാർത്ഥികളുടെ വിയർപ്പിനും കഷ്ടപ്പാടുകൾക്കും വിലകൽപ്പിക്കേണ്ട സംവിധാനങ്ങൾ അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ട്സുതാര്യവും നീതിയുക്തവുമായ തൊഴിൽ വ്യവസ്ഥയും ഉത്തരവാദിത്തമുള്ള പൊതുസേവനവും കേരളത്തിൽ ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അടിയന്തിര ആവശ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img