
ദോഹ: ഖത്തറിന്റെ ചില തീരദേശ മേഖലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വൈകുന്നേരം ആറ് മണി വരെയുള്ള കാലാവസ്ഥാ പ്രവചനമനുസരിച്ച്, തീരദേശങ്ങളിൽ ചിലയിടങ്ങളിൽ തുടക്കത്തിൽ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക.
പകൽ സമയത്ത് താരതമ്യേന ചൂട് അനുഭവപ്പെടുമെങ്കിലും ഉച്ചയ്ക്ക് ശേഷം പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടാനും ഇടിമിന്നലോട് കൂടിയ മഴ പെയ്യാനും സാധ്യതയുണ്ട്. കടലിൽ ചിലപ്പോഴൊക്കെ ചിതറിയ മേഘങ്ങളും പൊടിപടലങ്ങളും നിറഞ്ഞ അന്തരീക്ഷമായിരിക്കും.തീരദേശത്ത് തുടക്കത്തിൽ തെക്കുപടിഞ്ഞാറൻ/വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്കുകിഴക്കൻ/തെക്കുകിഴക്കൻ ദിശയിലേക്ക് മാറും. മണിക്കൂറിൽ 5 മുതൽ 15 നോട്ടിക്കൽ മൈൽ വേഗതയിൽ വീശുന്ന കാറ്റിന്റെ വേഗത, ഉച്ചയ്ക്ക് ശേഷം ഇടിമിന്നലുള്ള സമയങ്ങളിൽ 25 നോട്ട് വരെ ഉയർന്നേക്കാം. കടലിൽ വടക്കുകിഴക്കൻ/തെക്കുകിഴക്കൻ ദിശയിൽ 2 മുതൽ 10 നോട്ട് വേഗതയിലായിരിക്കും കാറ്റ് വീശുക.ദോഹയിൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസാണ്. സൂര്യ അസ്തമയം വൈകുന്നേരം 5:08-ന് ആയിരിക്കും.











