01:54am 22 September 2026
NEWS
സ്വകാര്യതാ പ്രതിഷേധത്തിന് വഴങ്ങി മെറ്റ; 'മ്യൂസ് ഇമേജ്' എഐ ഫീച്ചർ പിൻവലിച്ചു
12/07/2026  03:59 PM IST
NILA
സ്വകാര്യതാ പ്രതിഷേധത്തിന് വഴങ്ങി മെറ്റ; മ്യൂസ് ഇമേജ് എഐ ഫീച്ചർ പിൻവലിച്ചു

 

 

മെറ്റ അവതരിപ്പിച്ച പുതിയ എഐ ഇമേജ് ജനറേഷൻ ഫീച്ചറായ 'മ്യൂസ് ഇമേജ്' സ്വകാര്യതാ വിവാദങ്ങളെ തുടർന്ന് പിൻവലിച്ചു. ഇൻസ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളിലെ ചിത്രങ്ങൾ ഉപയോഗിച്ച് എഐ ചിത്രങ്ങൾ സൃഷ്ടിക്കാനോ അവയിൽ മാറ്റങ്ങൾ വരുത്താനോ അനുവദിച്ച ഈ ഫീച്ചറാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയത്.

മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബ്സ് വികസിപ്പിച്ച ആദ്യ എഐ ഇമേജ് ജനറേഷൻ മോഡലായ മ്യൂസ് ഇമേജ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അവതരിപ്പിച്ചത്. മെറ്റയുടെ എഐ ചാറ്റ്ബോട്ട് വഴി ഇൻസ്റ്റാഗ്രാമിലെ പബ്ലിക് അക്കൗണ്ടുകളെ ടാഗ് ചെയ്ത് അവരുടെ ചിത്രങ്ങൾ അടിസ്ഥാനമാക്കി പുതിയ എഐ ചിത്രങ്ങൾ നിർമിക്കാനോ എഡിറ്റ് ചെയ്യാനോ ഉപയോക്താക്കൾക്ക് ഈ സംവിധാനത്തിലൂടെ സാധിച്ചിരുന്നു. എന്നാൽ വ്യക്തമായ സമ്മതമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ ഉപയോഗിക്കാൻ അവസരമൊരുക്കുന്ന ഈ സംവിധാനം സ്വകാര്യതാ ലംഘനമാണെന്ന വിമർശനം വ്യാപകമായി ഉയർന്നു.

വിവാദം ശക്തമായതിനെ തുടർന്ന് ജൂലൈ 9-ന് ഫീച്ചർ പിൻവലിച്ചതായി മെറ്റ അറിയിച്ചു. "ഉപയോക്താക്കൾക്ക് മികച്ച ക്രിയേറ്റീവ് ടൂൾ നൽകുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം ലഭിക്കാത്തതിനാലാണ് ഈ ഫീച്ചർ പിൻവലിക്കുന്നത്," എന്നാണ് കമ്പനി വിശദീകരിച്ചത്.

ഹോളിവുഡ് അഭിനേതാക്കളുടെ സംഘടനയായ SAG-AFTRA ഉൾപ്പെടെ നിരവധി സംഘടനകൾ ഈ ഫീച്ചറിനെതിരെ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളുടെ വ്യക്തമായ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങൾ എഐ പരിശീലനത്തിനോ ചിത്ര നിർമാണത്തിനോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് സ്വകാര്യതയുടെയും സൃഷ്ടിപരമായ അവകാശങ്ങളുടെയും ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഫീച്ചർ പിൻവലിച്ച മെറ്റയുടെ തീരുമാനത്തെ അവർ സ്വാഗതം ചെയ്യുകയും ചെയ്തു.

ഈ വർഷം എഐ സ്മാർട്ട് ഗ്ലാസുകൾ, ഇമേജ് ജനറേഷൻ ടൂളുകൾ തുടങ്ങിയ നിരവധി എഐ സേവനങ്ങൾ മെറ്റ അവതരിപ്പിച്ചിരുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവയിലേക്കും കൂടുതൽ എഐ സൗകര്യങ്ങൾ എത്തിക്കാനും എഐ വീഡിയോ ടൂൾ വികസിപ്പിക്കാനുമാണ് കമ്പനിയുടെ പദ്ധതി. എന്നാൽ ഉപയോക്തൃ ഡാറ്റയും പബ്ലിക് പോസ്റ്റുകളും അനുമതിയില്ലാതെ എഐ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഉയരുന്ന നിയമപരവും സ്വകാര്യതാ സംബന്ധവുമായ ആശങ്കകൾക്കിടയിലാണ് 'മ്യൂസ് ഇമേജ്' പിൻവലിക്കേണ്ട സാഹചര്യം മെറ്റയ്ക്ക് ഉണ്ടായത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.