
തിരുവനന്തപുരം:ചികിത്സാ ചെലവുകൾ കാരണം രോഗികൾ സാമ്പത്തികമായി തകർന്നേക്കാമെന്ന് പഠനം. കേരള മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു വിശകലനത്തിലാണ് ഇക്കാര്യം പറയുന്നത്. രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ, ഡോക്ടർമാർ രോഗിയുടെ സാമ്പത്തികസ്ഥിതി കൂടി പരിഗണിക്കണമെന്ന് ലേഖനം പറയുന്നു.
പാവപ്പെട്ടവരെ ദാരിദ്ര്യത്തിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്നതിന് ഉയർന്ന ആശുപത്രി ചെലവുകൾ കാരണമാകുന്നുണ്ട്. ചിലപ്പോൾ ഗുണകരമല്ലാത്തതും വലിയ തുക ചെലവുള്ളതുമായ ഐ.സി.യു. അഡ്മിഷനുകൾ ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നു. പ്രത്യേകിച്ച് ജീവിതത്തിൻ്റെ അവസാനഘട്ടത്തിലുള്ള രോഗികൾക്ക് ആശ്വാസ പരിചരണം മാത്രം നൽകിയാൽ മതി.
അതുപോലെ, ചികിത്സയുടെ കാര്യത്തിൽ ഡോക്ടർമാർക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. രോഗിയുടെ അവസ്ഥ മോശമാണെന്ന് അറിയാമെങ്കിലും, ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഐ.സി.യു. അഡ്മിഷൻ നൽകേണ്ടി വരുന്നു. ഇത് രോഗിക്ക് ഗുണം ചെയ്യുന്നില്ലെന്ന് മാത്രമല്ല, കുടുംബത്തെ സാമ്പത്തികമായി തകർക്കുകയും ചെയ്യും.
കൂടിയ ചികിത്സാ ചെലവുകളുള്ള കാൻസർ പോലുള്ള രോഗങ്ങൾക്കും ഇതേ അവസ്ഥയുണ്ട്. അതുകൊണ്ട് രോഗികൾക്കും അവരുടെ കുടുംബത്തിനും താങ്ങാനാവുന്ന ചികിത്സാ രീതികൾ നിർദ്ദേശിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കണം. കൂടാതെ, വാഹനാപകടങ്ങളും വലിയ ചികിത്സാ ചെലവുകൾക്ക് കാരണമാകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർ വലിയ കടത്തിൽ അകപ്പെടുന്നുണ്ട്.
ഇൻഷുറൻസ് ഉള്ളവർക്ക് പോലും ക്ലെയിം നിരസിക്കപ്പെടുന്നത് വലിയ തിരിച്ചടിയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രോഗികൾക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നതിന് പൊതുജന അവബോധം, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പരിശീലനം, പ്രതിരോധ ആരോഗ്യ പരിരക്ഷ, ശക്തമായ ഇൻഷുറൻസ് സംവിധാനങ്ങൾ എന്നിവ ആവശ്യമാണ്. ഡോക്ടർമാരായ രാജീവ് ജയദേവൻ, വിനോദ് സേവ്യർ ഫ്രാങ്ക്ലിൻ, സണ്ണി പി. ഓറത്തെൽ, മരിയ വർഗീസ് എന്നിവരാണ് ഈ വിശകലനം നടത്തിയത്.











