
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം 39% വർദ്ധിച്ചിട്ടും, ഓരോ വർഷവും ആയിരക്കണക്കിന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിച്ചു. 2024-25 അദ്ധ്യയന വർഷം മാത്രം 2,849 എം.ബി.ബി.എസ്. സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.
ഇന്ത്യൻ വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത് കുറയ്ക്കുന്നതിനാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സീറ്റുകൾ വർദ്ധിപ്പിച്ചത്. 2020-21-ൽ 83,275 ആയിരുന്ന സീറ്റുകൾ 2024-25-ൽ 1,15,900 ആയി ഉയർന്നു. കേരളത്തിൽ ഇത് 4,705 ആയി വർദ്ധിച്ചിട്ടുണ്ട്.
എന്നിരുന്നാലും, സങ്കീർണമായ പ്രവേശന നടപടികളും, പുതിയ കോളേജുകളോടും ഗ്രാമീണ മേഖലകളിലെ കോളേജുകളോടുമുള്ള താഴ്ന്ന താല്പര്യവുമാണ് ഇത്രയധികം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതിന് പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എൻ.എം.സി. നിശ്ചയിക്കുന്ന സമയപരിധിക്ക് മുമ്പ് പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടി വരുന്നതും ഒരു കാരണമാണ്.
വർഷം തോറും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം:
* 2020-21: 2,012
* 2022-23: 4,146
* 2023-24: 2,959
* 2024-25: 2,849
*ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) എന്നിവയിലെ കണക്കുകൾ ഇതിൽ ഉൾപ്പെടുന്നില്ല.











