
കോഴിക്കോട്: എം.ഡി.എം.എ വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ട് അധ്യാപികമാർ അറസ്റ്റിലായി. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് വടകര പൊലീസിന്റെ പിടിയിലായത്.
ആദ്യം കീർത്തനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാവ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
ലഹരി ആവശ്യക്കാർ പണം ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച ശേഷം, ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ എം.ഡി.എം.എ എത്തിച്ചുനൽകുന്ന രീതിയിലായിരുന്നു പ്രവർത്തനമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ജില്ലയിൽ ലഹരി വിതരണത്തിന് നേതൃത്വം നൽകിയിരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരെന്നും പൊലീസ് സംശയിക്കുന്നു.
പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ പേർ കുടുങ്ങാനിടയുണ്ടെന്നും ലഹരി ശൃംഖലയെ പൂർണമായി തകർക്കാനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.











