
ദോഹ: ഇന്ത്യൻ പ്രവാസികൾക്കിടയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ വാരിയേഴ്‌സ് എഫ്‌സി ആദ്യമായി നടത്തുന്ന ലെജൻഡ്സ് ടൂർണമെൻ്റിൻ്റെ സമാപന ദിവസമായ ഒക്ടോബർ 03ന് വക്രയിലെ ജെംസ് ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ MBST വാരിയേഴ്‌സ് എഫ്‌സിയും ഡാറ്റാപ്ലസ് എഫ്‌സിയും ഏറ്റുമുട്ടും. ഫൈനൽ മത്സരത്തിന് മുന്നോടിയായി മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരവും കുട്ടികൾക്കായി 04 ടീമുകൾ പങ്കെടുക്കുന്ന ജൂനിയർ കപ്പ് മത്സരങ്ങളും അരങ്ങേറും. ഖത്തറിലെ 08 പ്രശസ്ത ടീമുകൾ പങ്കെടുത്ത് ലീഗ് അടിസ്ഥാനത്തിൽ UDST ഗ്രൗണ്ടിൽ സെപ്റ്റംബർ 19ന് ആരംഭിച്ച ആവേശകരമായ മത്സരങ്ങൾക്കാണ് ഒക്ടോബർ 03ന് ജെംസ് ഗ്രൗണ്ടിൽ ഫൈനലോടെ തിരശീല വീഴുന്നത്.
സുഗമമായ നടത്തിപ്പിനായി എല്ലാ സുരക്ഷാ നടപടികളും മറ്റ് ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. ഈ ടൂർണമെന്റ് ഇതുവരെ അവിസ്മരണീയമാക്കിയതിന് കാണികൾക്കും ക്ലബ്ബുകൾക്കും സംഘാടക സമിതി നന്ദിയും പറഞ്ഞു.











