02:26am 12 November 2026
NEWS
ചെങ്ങന്നൂരിൽ വൻ ലഹരിവേട്ട
28/05/2026  07:21 PM IST
nila
ചെങ്ങന്നൂരിൽ വൻ ലഹരിവേട്ട

ചെങ്ങന്നൂർ : എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. വെസ്റ്റ് ബംഗാൾ മാൾട്ട സ്വദേശിയായ മസിദുർ റഹ്മാനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്.
ചെങ്ങന്നൂർ എക്‌സൈസ് റേഞ്ചും ആലപ്പുഴ ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തായുള്ള റോഡിൽ വച്ചാണ് സംശയാസ്പദമായ സാഹചര്യത്തിൽ മസിദുർ റഹ്മാൻ എക്‌സൈസിന്റെ വലയിലാകുന്നത്.
​ഇയാളെ പരിശോധിച്ചതിൽ നിന്നും വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നായ 37 ഗ്രാം ഹെറോയിനും, ഇതിനുപുറമെ 6 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിമരുന്ന് ആർക്കൊക്കെ കൈമാറാനാണ് എത്തിച്ചതെന്ന കാര്യത്തിൽ എക്‌സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
​ചെങ്ങന്നൂർ റെയിഞ്ച് ഇൻസ്പെക്ടർ സജീവ് വി., ഐ.ബി  ഇൻസ്പെക്ടർ വഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ അജിത്ത്, മധു, സതീശൻ, ബിജു പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, ശ്രീക്കുട്ടൻ, അമൽ, വിഷ്ണു, ഡ്രൈവർ ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരും ലഹരിവേട്ട നടത്തിയ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.