
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി വിവാദത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തിരിച്ചടി. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻബെഞ്ച് തള്ളി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് അഴിമതിക്കേസിലെ പ്രതികളുടെ ഭാഗം കേൾക്കേണ്ടതില്ലെന്നും, അതിന് നിയമപരമായി അവകാശമില്ലെന്നും ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണം നിർബന്ധമല്ല. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കൈമാറിയ വിവരങ്ങളിൽ കേസെടുക്കാൻ തക്ക വസ്തുതയുണ്ടെങ്കിൽ പ്രാഥമികാന്വേഷണത്തിന്റെ ആവശ്യമില്ല.
സ്വാഭാവിക നീതി ലംഘനമില്ല. എഫ്.ഐ.ആറിന് മുൻപ് ആരോപണവിധേയരായ പൊതുസേവകരെ കേൾക്കണമെന്നത് അവകാശമല്ലെന്ന് സുപ്രീംകോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
നടപടി തുടരാം . വിജിലൻസിനും ഇ.ഡിക്കും നിയമപരമായ കേസ് നടപടികളുമായി മുന്നോട്ട് പോകാം. സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുകളിലെ അന്വേഷണത്തിന് ഇനി തടസ്സമില്ല.
അടുത്ത നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക്?
ഡിവിഷൻബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്റെയും മറ്റും തീരുമാനം. അല്ലെങ്കിൽ വിജിലൻസ് എഫ്.ഐ.ആറും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുതിയ വാദങ്ങളുമായി ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകാനുള്ള സാധ്യതയും നിയമവൃത്തങ്ങൾ പരിശോധിക്കുന്നുണ്ട്.










