11:32am 14 October 2026
NEWS
മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് ഇടക്കാല സ്റ്റേയില്ല; അപ്പീൽ ഹർജി വിധി പറയാൻ മാറ്റി
14/10/2026  08:03 AM IST
നിയമകാര്യ ലേഖകൻ
മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിന് ഇടക്കാല സ്റ്റേയില്ല; അപ്പീൽ ഹർജി വിധി പറയാൻ മാറ്റി

കൊച്ചി: മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ അനുമതി തേടി മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ നൽകിയ ഉപഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി തള്ളി. അപ്പീൽ നിലനിൽക്കുമോയെന്ന് പരിഗണിക്കുമ്പോൾ, സ്റ്റേ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സിംഗിൾബെഞ്ച് പരിഗണിച്ച ഹർജിയിൽ പിണറായി അടക്കമുള്ളവർ കക്ഷികൾ അല്ലാത്തതിനാൽ ഫയലിൽ സ്വീകരിക്കണമെങ്കിൽ കോടതിയുടെ തീരുമാനമുണ്ടാകണം.
​ഉപഹർജികളിൽ വൈകാതെ ഉത്തരവുണ്ടാകുമെന്ന് ജസ്റ്റിസ് കെ.നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
​പിണറായി വിജയൻ, മകൾ ടി.വീണ, മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയ ഹർജിക്കാർ, സർക്കാർ, ഇ.ഡി, സിംഗിൾബെഞ്ചിലെ ഹർജിക്കാരൻ എന്നിവരെ വിശദമായി കേട്ടാണ് ഉത്തരവിനായി മാറ്റിയത്. അപ്പീലിന് അനുമതി നൽകുന്ന സാഹചര്യമുണ്ടായാൽ സ്റ്റേ അടക്കമുള്ള ആവശ്യം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് പ്രതികളെ കേൾക്കാറില്ലല്ലോ എന്ന് കോടതി ആരാഞ്ഞിരുന്നു. ഇപ്പോൾ എഫ്.ഐ.ആർ എടുത്തിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. എഫ്.ഐ.ആറിനെയല്ല, അതിലേക്ക് നയിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹർജിക്കാർ വിശദീകരിച്ചു.
​അപ്പീലിലെ പ്രധാന വാദങ്ങൾ
​പിണറായി, വീണ, മുഹമ്മദ് റിയാസ്: തങ്ങളെ കേൾക്കാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതും പൊതുതാത്പര്യ സ്വഭാവമുള്ള ഹർജി സിംഗിൾ ബെഞ്ച് പരിഗണിച്ചതും തെറ്റാണ്. ഇ.ഡി റിപ്പോർട്ടിൽ സർക്കാർ എസ്.ഐ.ടി രൂപീകരിച്ച് പ്രാഥമികാന്വേഷണം തുടങ്ങിയപ്പോൾ, അത് റദ്ദാക്കി വിജിലൻസിനോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചത് നിയമപരമല്ല.
​സർക്കാർ: ഇ.ഡി റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കാനാണ് പറഞ്ഞിരുന്നത്. അതനുസരിച്ചാണ് പ്രാഥമികാന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്. പിന്നീട് സിംഗിൾബെഞ്ച് ഉത്തരവു പാലിച്ച് എഫ്.ഐ.ആർ ഇട്ടു.
​ഇ.ഡി: അഴിമതിനിരോധന നിയമം ബാധകമായ കുറ്റകൃത്യം നടന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് കത്ത് നൽകിയത്.
​കെ.എം. ഷാജഹാൻ: പൊതുപണം നഷ്ടപ്പെട്ടു. അതിനാൽ ഹർജി നിലനിൽക്കും.
​സർക്കാർ അപ്പീൽ പോകേണ്ടതായിരുന്നു: എം.വി. ഗോവിന്ദൻ
​സി.എം.ആർ.എൽ - എക്സാലോജിക് കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകേണ്ടിയിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. രാഷ്ട്രീയ ആനുകൂല്യം നൽകണമെന്നല്ല സി.പി.എം ആവശ്യം. ഇ.ഡി നൽകിയ കത്ത് അടിസ്ഥാനമാക്കി എഫ്.ഐ.ആർ ഇടണമെന്ന വിധി സർക്കാർ ദുരുപയോഗം ചെയ്തു. ഇത് ഇന്ത്യയിലാകെ നടപ്പാക്കിയാൽ ബി.ജെ.പി താത്പര്യം സംരക്ഷിക്കപ്പെടും. ആരോ നൽകിയതായി പറയുന്ന മൊഴിയല്ലാതെ ഒരു തെളിവും ഇ.ഡി സമർപ്പിച്ചിട്ടില്ലെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img