
ദോഹ:ഖത്തറിന്റെ പാരമ്പര്യ ഫാൽക്കണറി സംസ്കാരത്തെ ലോകവേദിയിൽ ആഘോഷിക്കുന്ന 17-ാമത് ഖത്തർ അന്താരാഷ്ട്ര ഫാൽക്കൺസ് ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവൽ വ്യാഴാഴ്ച സീലൈനിൽ ഔദ്യോഗികമായി ആരംഭിച്ചു. ശൈഖ് ജോആൻ ബിൻ ഹമദ് അൽ താനിയുടെ അനുഗ്രഹത്തോടെയും സാമൂഹ്യ–കായിക പ്രവർത്തന പിന്തുണാ ഫണ്ടായ ദാം (Daam)യുടെ പിന്തുണയോടെയാ
ണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിന്റെ ആദ്യദിനം ഹദ്ദ് ചലഞ്ച് മത്സരങ്ങളോടെയാണ് ആരംഭിച്ചത്. യുവ സാക്കർ ഫാൽക്കണുകൾക്ക് വേണ്ടി സംഘടിപ്പിച്ച ഈ മത്സരത്തിൽ, വിടുതൽ നൽകിയ ഹോമിംഗ് പ്രാവിനെ പിടികൂടുകയോ വളഞ്ഞുമാറ്റുകയോ ചെയ്യുന്നതാണ് ചലഞ്ച്. വിജയികൾക്ക് ഒരു ലക്ഷം ഖത്തർ റിയാൽ സമ്മാനമായി ലഭിക്കുകയും, ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്യും. അന്തിമ വിജയിക്ക് ലെക്സസ് കാർ ഉൾപ്പെടെയുള്ള വൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ആദ്യ റൗണ്ടിൽ അൽ ഷംസി ടീം (യുഎഇ), അൽ ഘർബിയ ടീം, അൽ മഷ്ഘർ ടീം, അൽ നസ്രാനിയ ടീം, കൂടാതെ മുഹമ്മദ് അഹമ്മദ് അൽ ഹർബി (യുഎഇ) എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടി. മർമി ഫെസ്റ്റിവൽ ചെയർമാൻ മുതൈബ് മുബാറക് അൽ ഖത്താനിയും ഉപാധ്യക്ഷൻ അബ്ദുൽവഹാബ് ഒമൈർ അൽ നുഐമിയും ചേർന്ന് വിജയികളെ വേദിയിൽ ആദരിച്ചു.
ഫെസ്റ്റിവലിന്റെ സംഘാടക വികസനത്തിലും ഫീൽഡ് മാനേജ്മെന്റിലും മത്സര ചട്ടങ്ങളിലുമുള്ള മുന്നേറ്റങ്ങൾ ഈ പതിപ്പിനെ ശ്രദ്ധേയമാക്കുന്നുവെന്ന് കമ്മിറ്റി തലവനും വക്താവുമായ മുഹമ്മദ് ബിൻ മുബാറക് അൽ അലി വ്യക്തമാക്കി. ഓരോ പതിപ്പും പുതുമകൾ അവതരിപ്പിച്ചുകൊണ്ട് മത്സര നിലവാരം ഉയർത്തുകയും ഖത്തറിന്റെ ഫാൽക്കണറി പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഹദ്ദ് ചലഞ്ചിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന്റെ പ്രാധാന്യം കമ്മിറ്റി തലവൻ ശാവി അൽ കാബി ചൂണ്ടിക്കാട്ടി. ട്രാക്കിംഗ് ഉപകരണങ്ങളും പ്രത്യേക ജഡ്ജുമാരും ഉപയോഗിച്ചാണ് ഫാൽക്കണുകളുടെ പ്രകടനംവിലയിരുത്തുന്നത്.ഫെസ്റ്റിവലിന്റെ ആദ്യദിനം കാണികൾക്കായി ആവേശകരമായ കാഴ്ചകൾ സമ്മാനിച്ചു. ഇന്ന് രാവിലെ തൽഅഹ് ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളും ഉച്ചയ്ക്ക് ഹദ്ദ് ചലഞ്ചിന്റെ രണ്ടാം റൗണ്ടും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.










