
ദോഹ: രാജ്യത്തെ വിതരണ ശൃംഖലകളുടെ (Supply Chains) കരുത്തും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും (MoCI) ഖത്തർ ഡെവലപ്‌മെന്റ് ബാങ്കും (QDB) ചേർന്ന് പ്രമുഖ വിതരണക്കാരുടെയും പ്രാദേശിക കമ്പനികളുടെയും ഏകോപന യോഗം വിളിച്ചുചേർത്തു.മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമാണ് വ്യാഴാഴ്ച ദോഹയിൽ യോഗം ചേർന്നത്.ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിതരണ ശൃംഖലയിലെ വെല്ലുവിളികൾ നേരിടാനും യോഗം തീരുമാനിച്ചു.പ്രാദേശിക ഉൽപ്പാദകരെയും വിതരണക്കാരെയും ശാക്തീകരിക്കുന്നതിലൂടെ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.
മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് മൊത്ത-ചില്ലറ വ്യാപാര മേഖലയ്ക്കും ഭക്ഷ്യ-ആരോഗ്യ വ്യവസായങ്ങൾക്കും പിന്തുണ നൽകുന്നതിനായി പ്രത്യേക ധനസഹായ പദ്ധതികൾ ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് അവതരിപ്പിച്ചു.യോഗത്തിന്റെ ഭാഗമായി വിതരണക്കാരും പ്രാദേശിക കമ്പനികളും തമ്മിൽ നടത്തിയ ചർച്ചകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള വിവിധ കരാറുകളിൽ ഒപ്പുവെച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻഡസ്ട്രിയൽ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാലിഹ് മാജിദ് അൽ ഖുലൈഫി, ക്യു.ഡി.ബി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹമദ് സാലിം മെജെഗീർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. സ്വകാര്യ മേഖലയെ സാമ്പത്തിക വികസനത്തിന്റെ പ്രധാന പങ്കാളിയായി കണ്ട് മുന്നോട്ട് പോകുമെന്ന് അധികൃതർ വ്യക്തമാക്കി.











