08:32pm 15 September 2026
NEWS
മംഗലുരുവിലെ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിംലീഗ്
28/05/2025  06:46 PM IST
നെല്ലിക്കുത്ത് ഹനീഫ
മംഗലുരുവിലെ ആൾക്കൂട്ടക്കൊല: ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിംലീഗ്

നിരവധിപ്പേർക്ക് ജീവൻനഷ്ടമായ കാശ്മീർ-പഹൽഗാം സംഭവത്തെ തുടർന്ന് രാജ്യത്ത് ന്യൂനപക്ഷ സമുദായക്കാർക്ക് നേരെ സംഘ്പരിവാറിന്റെ കൂട്ട ആക്രമണം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. മുസ്ലിംകൾക്കെതിരെ സംഘ്പരിവാർ രൂക്ഷമായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയും, പലയിടത്തും കൂട്ട ആക്രമണങ്ങൾ നടത്തുന്നതിൽ ആശങ്കയുമായി വിവിധ സംഘടനകളിൽ നിന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. കാശ്മീരി വിദ്യാർത്ഥികളെ കാമ്പസ്സുകളിൽ അതിക്രമിച്ച് കേറി ആക്രമിക്കുക. മുസ്ലിം കച്ചവടക്കാരെ നഗരങ്ങളിൽ നിന്ന് പുറത്താക്കുക. മുസ്ലിം തൊഴിലാളികളെ ഭീഷണിപ്പെടുത്തുക എന്നിങ്ങനെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇത്തരം സംഭവങ്ങളെ യുക്തി സഹമാക്കുന്നതിനായി ഹിന്ദുത്വ ഗ്രൂപ്പുകൾ  പലതും കെട്ടിച്ചമച്ച് പ്രചരിപ്പിക്കുകയാണെന്നും, ആക്രമണം നടക്കുന്നിടത്ത് പോലീസ് നോക്കുകുത്തികളായി മാറുകയാണെന്നും ആരോപിക്കപ്പെടുന്നു. കർണ്ണാടകയിലെ കമ്മ്യൂണിറ്റി സെൻസിറ്റീവ് തീരദേശ ബെൽറ്റുകളിൽ അടുത്തിടെ ഇത്തരത്തിലുള്ള  നിരവധി സംഭവങ്ങൾ അരങ്ങേറിയതായി പറയുന്നുണ്ട്. ഏപ്രിൽ 27-ന്, മംഗലുരു നഗരത്തിൽ നിന്ന് 10 കിലോമീറ്റർ മാറി കുടുപ്പു പ്രദേശത്തെ ബത്ര കല്ലൂർത്തി ക്ഷേത്ര മൈതാനത്ത് വെച്ച് ആർ.എസ്.എസ്-ബജ്‌റംഗ്ദൾ പ്രവർത്തകർ കൂട്ട ആക്രമണം നടത്തി മലപ്പുറം സ്വദേശിയായ അഷ്‌റഫ് എന്ന 35-കാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. ശക്തമായ പ്രതിഷേധത്തിന് ഇത് വഴിമരുന്നിട്ടിരിക്കുകയാണ്.

വിവിധ സംഘടനകളും, പ്രാദേശിക കോൺഗ്രസ്സ് നേതൃത്വവും വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ തീരദേശ ബെൽറ്റുകളിലും, മംഗലുരു നഗരത്തിലുമായി വർദ്ധിച്ച് വരുന്ന ജനക്കൂട്ട ആക്രമണ സംഭവങ്ങൾ ഇല്ലാതാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കണമെന്ന് സീനിയർ കോൺഗ്രസ്സ് നേതാവ് ബി. രാമനാഥറായ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ സാമുദായിക പിരിമുറുക്കമുണ്ടാക്കുകയും, അത് അശാന്തിയ്ക്ക് വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണങ്ങളിൽ അവിശ്വാസം വർദ്ധിച്ച് വരികയാണ്. അതുകൊണ്ട് നീതി ഉറപ്പാക്കാൻ ന്യായമായ സ്‌പെഷ്യൽ അന്വേഷണം അത്യാവശ്യമാണെന്നും റായ് ഓർമ്മിപ്പിച്ചു. മംഗലുരുവിലുണ്ടായത് ക്രൂരമായ ആൾക്കൂട്ട കൊലയാണ്. സംഭവത്തെ തെറ്റിദ്ധരിപ്പക്കുന്നതിനായി ബോധപൂർവ്വം കള്ള പ്രചാരണങ്ങൾ നടത്തുന്നു. കൊല്ലപ്പെട്ട അഷ്‌റഫിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചു എന്നത് മെനഞ്ഞുണ്ടാക്കിയ കഥയാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ക്രൂരമായ കൊല

ഏപ്രിൽ 27-ന് വൈകീട്ട് മൂന്ന് മണിയോടെ മംഗലുരു- കുഡുപ്പുവിലെ സംഘ്പരിവാർ നേതൃത്വത്തിലുള്ള 'സാമ്രാട്ട് ഗയ്‌സ്' എന്ന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ബത്ര കല്ലൂർത്തി ക്ഷേത്ര മൈതാനിയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറുന്നത്. മലപ്പുറം വേങ്ങരയ്ക്കടുത്ത പറപ്പൂർ സ്വദേശി മൂച്ചിക്കാടൻ അഷ്‌റഫിനെ ആൾക്കൂട്ടം ക്രിക്കറ്റ് ബാറ്റും, വടിയുമായി കൂട്ട ആക്രമണം നടത്തി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ്. അഷ്‌റഫും, കുടുംബവും മലപ്പുറത്ത് താമസിച്ചിരുന്ന വീട്, ബാങ്ക് നടപടിയിൽ ജപ്തി ചെയ്യപ്പെട്ട്, നഷ്ടപ്പെട്ടതോടെയണ് അഷ്‌റഫിന് മാനസിക അസ്വാസ്ഥ്യം തുടങ്ങുന്നത്. പിതാവ് വയനാട്ടിൽ ചെറിയ ബിസ്സിനസ്സുമായി പിന്നീട് അവിടെയായിരുന്നു താമസം. അഷ്‌റഫും അവിടെയായിരുന്നു. പലയിടത്തും ചികിത്സ നടത്തിയിരുന്ന അഷ്‌റഫിനെ ഇടയ്ക്ക് കാണാതാകുമെന്ന് വീട്ടുകാർ പറയുന്നു. എവിടെയെങ്കിലും അലഞ്ഞ് തിരിഞ്ഞ് എന്തെങ്കിലുമൊക്കെ ജോലി ചെയ്യും. അടുത്ത കാലത്തായി ആക്രിസാധനങ്ങൾ പെറുക്കി വിൽക്കുന്നതിലായിരുന്നു ശ്രദ്ധ. അങ്ങനെ കിട്ടുന്ന പൈസ പലർക്കും നൽകുന്ന പതിവുണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.

കല്ലൂർത്തി ക്ഷേത്രമൈതാനിയിൽ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ, അലക്ഷ്യമായി അഷ്റഫ് അവിടെ എത്തിപ്പെട്ടു എന്നാണ് അയാളുടെ വീട്ടുകാർ പറയുന്നത്. കളിക്കാർക്കായി കൊണ്ട് വെച്ച കുടിവെള്ളബോട്ടിലുകളുടെ റാപ്പർ പൊട്ടിച്ച് അഷ്‌റഫ് ഒരു കുപ്പി വെള്ളമെടുത്ത് കുടിച്ചതായി അവിടുത്തെ ദൃക്‌സാക്ഷികളും പറയുന്നു. പ്രദേശത്തെ ഓട്ടോഡ്രൈവറായ സച്ചിൻ, വെള്ളക്കുപ്പി എടുത്തതിനെ ചോദ്യം ചെയ്തു. ഈ സമയം അഷ്‌റഫ് അശ്രദ്ധനായി നിൽക്കുകയായിരുന്നുവത്രെ. ഇതിനിടെ ബി.ജെ.പി യുടെ നഗരസഭാംഗം സംഗീത നായിക്കിന്റെ ഭർത്താവ് രവീന്ദ്ര നായിക്കിന്റെ നേതൃത്വത്തിൽ, 25-ഓളം പേരടങ്ങുന്ന സംഘം ഓടിയടുത്ത് ക്രിക്കറ്റ് ബാറ്റും, വടികളുമായി അഷ്‌റഫിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. കളികാണാനെത്തിയവർ തടയാൻ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല. യുവാവ് നിശ്ചലമായതോടെയാണ് സംഘം പിൻമാറുന്നതും. രണ്ട് മണിക്കൂറോളം അഷ്റഫ് അവിടെ അബോധാവസ്ഥയിൽ കിടന്നു. വൈകീട്ട് ആറ് മണിയോടെ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടതായി ചിലർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ജഡം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംശയകരമായ സാഹചര്യത്തിലുള്ള അസ്വഭാവിക  മരണത്തിനാണ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ടത് മലയാളിയാണെന്നും പിന്നീട് കണ്ടെത്തി. ദേഹമാസകലമുള്ള ചതവുകളും ആന്തരിക രക്തസ്രാവം ഉണ്ടായതുമാണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കർണ്ണാടക പൊലീസ് അഷ്‌റഫിന്റെ സഹോദരൻ ജബ്ബാറിനെ മംഗലുരുവിലെത്തിച്ച്, കൊല്ലപ്പെട്ടത് അഷ്റഫ്  തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

പാക്കിസ്ഥാൻ  സിന്ദാബാദ്...?

ക്രൂരമായ മർദ്ദനത്തെത്തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് അഷ്‌റഫിന്റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ, വെള്ളം അതിക്രമിച്ചെടുത്ത് കുടിച്ച അഷ്‌റഫ് 'പാക്കിസ്ഥാൻ അനുകൂലിയാണെന്ന്' വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്. അഷ്‌റഫ് പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നതായും പ്രചരിക്കപ്പെട്ടു. ക്രിക്കറ്റ് കളിയ്ക്കുന്നിടത്ത്, തോക്ക് ഒളിപ്പിച്ച് വെച്ച ബാഗുമായാണ് അഷ്‌റഫ് എത്തിയതെന്നും, ''പാകിസ്ഥാൻ സിന്ദബാദ് '' എന്നാക്രോശിച്ചതോടെ, ഒരുകൂട്ടം ആളുകൾ വിറകുകമ്പുകൾ കൊണ്ട് അയാളെ അക്രമിക്കുകയായിരുന്നു എന്നും തുടർ വിശദീകരണമുണ്ടായി. പ്രദേശവാസികളായ ഏതാനും ചെറുപ്പക്കാർ ക്രിക്കറ്റ് കളിയ്ക്കുന്നിടത്ത് ചെന്ന്, ഒരു മലയാളി യുവാവ് പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചുവെന്ന് പറയുന്നിടത്ത് എന്ത് ലോജിക്കാണ് ഉള്ളതെന്ന ചോദ്യം വ്യാപകമായി ഉയർന്നു. പാക്കിസ്ഥാൻ മുദ്രാവാക്യ പരാമർശം കോൺഗ്രസ്സിന്റെ ആഭ്യന്തരമന്ത്രി ജി പരമേശ്വര ഏറ്റ് പിടിച്ചതോടെ, ആഭ്യന്തരമന്ത്രിയ്ക്ക് ഈ വിവരം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവുമായി കോൺഗ്രസ്സ് ന്യൂനപക്ഷ സെൽ ചെയർമാൻ ഷാഹുൽ ഹമീദ് ആവശ്യമുന്നയിച്ചതോടെ, മന്ത്രി വെട്ടിലായി.

''ഈ സംഭവം ഒരു നിമിഷത്തിനുള്ളിൽ ഉണ്ടായതല്ല. വളരെ ആസൂത്രിതമായി നടത്തിയ ക്രൂര കൊലപാതകമാണ്. ഒരു പ്രത്യേക കമ്മ്യൂണിറ്റിയിൽ നിന്നുള്ള വ്യക്തിയെ ലക്ഷ്യമിടുന്ന കൊലപാതകമാണിത്. കടുത്ത കുറ്റ കൃത്യമായിത്തന്നെ ഇതിനെ കാണണം. യുവാവിനെ കൂട്ടമായി ആക്രമിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ചു എന്ന കള്ള പ്രചാരണമാണ്''. 
ദക്ഷിണ കന്നഡ ജില്ലയിലെ കോൺഗ്രസ്സ് നേതാവ് കെ ഹരിഷ്‌കുമാർ ആരോപിച്ചു. പ്രതിഷേധം രൂക്ഷമായതോടെ, തന്റെ പ്രസ്താവന അങ്ങനെയല്ലെന്നും, പ്രതികൾ പോലീസിനോട് പറഞ്ഞതാണ് താൻ പറഞ്ഞതെന്നും കൂടുതൽ കാര്യങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്നും, പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളി സ്ഥിരീകരിച്ചിട്ടില്ലെന്നും പറഞ്ഞ് പിന്നീട് ആഭ്യന്തരമന്ത്രി പ്രസ്താവന തിരുത്തി.
സംഭവത്തെ കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ ശക്തമായി അപലപിച്ചു. ഇത് കടുത്ത ക്രൂരതയാണ്. കൊല്ലപ്പെട്ട അഷ്‌റഫിന്റെ കുടുംബത്തിന് ഞങ്ങൾ നീതി ഉറപ്പാക്കും. ഒരു പരിഷ്‌കൃത സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ അപമാനകരമാണെന്നും, ഗുരുതരമായ ഈ സംഭവത്തെക്കുറിച്ച്, എത്രയും വേഗത്തിൽ നീതിയിലധിഷ്ഠിതമായ സമഗ്രമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കർണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വരയുമായി സംസാരിച്ച ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

സംഘ്പാരിവർ പലപ്പോഴും അവരുടെ തന്ത്രങ്ങൾ പരീക്ഷിക്കുന്ന ഇടമാണ് മംഗലുരു. ഇതുപോലുള്ള സംഭവങ്ങൾ നേരത്തേയും അവിടെ ഉണ്ടായിട്ടുണ്ട്. അതിന്റേയെല്ലാം തുടർച്ച കൂടിയാണിത്. ഇത്തരം സംഭവങ്ങൾ ഗൗരവതരമായിത്തന്നെ കാണേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശനവും, മാതൃകാപരവുമായ നടപടികൾ ഉണ്ടാകണം. വെൽഫയർ പാർട്ടി സർക്കാറിനോട് ആവശ്യപ്പെട്ടു. 

പ്രതികൾ അറസ്റ്റിൽ

അഷ്‌റഫിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ വാർത്ത പുറത്ത് വിടാതെ പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് തുടക്കത്തിലുണ്ടായത്. ആൾക്കൂട്ട ആക്രമണം ആകസ്മികമാണെന്നും, അതിനെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും മംഗലുരു സിറ്റി നോർത്ത് ബി.ജെ.പി എം.എൽ.എ വൈ ഭരത്ത് ഷെട്ടി മംഗലുരുവിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും, സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും, പ്രതികൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സംഭവം ഉന്നത ഉദ്യോഗസ്ഥരെ യഥാസമയം അറിയിക്കാത്തതും, ചികിത്സ വൈകിയതും പോലീസ് വീഴ്ചയായി കണ്ടെത്തി, കാരണക്കാരായ മംഗലുരു റൂറൽ പോലീസ് ഇൻസ്‌പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. 

അഷ്‌റഫിനെ അക്രമിക്കുന്നതിന് തുടക്കമിട്ട ഓട്ടോറിക്ഷോ ഡ്രൈവർ  സച്ചിൻ ഉൾപ്പടെ, കേസ്സിൽ കുഡുപ്പുവിലെ തീവ്ര ഹിന്ദുത്വ ക്ലബ്ബ് 'സാമ്രാട്ട് ഗയ്‌സി' ലെ അംഗങ്ങളായ ദേവദാസ്, മഞ്ജുനാഥ്, സന്ദീപ്, നിധീഷ്‌കുമാർ, ദീക്ഷിത് കുമാർ, വിജയൻ, ശ്രീദത്ത, രാഹുൽ, പ്രദീപ് കുമാർ, മാനിഷ് ഷെട്ടി, ധനുഷ്, അൽവറസ്, ധീഖ്, കിഷോർ കുമാർ, യന്തിരാജ്, അനിൽ, സുഷാന്ത് എന്നിങ്ങനെ ഏതാനും യുവാക്കളെ മംഗലുരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ ബി.എൻ. എസ് (ഭാരതീയ ന്യായ് സംഹിത) പ്രകാരം 103 (2), 115 (2), 189 (2), 190, 191(1), 191(3), 240 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിട്ടുള്ളത്. ശേഷിക്കുന്ന പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് മംഗലുരു സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു. സംശയത്തിലുള്ളവരെ തിരിച്ചറിയുന്നതിനും, സാക്ഷികളെ കണ്ടെത്താനുമായി സി.സി.ടി.വി ഫൂട്ടേജുകളും, മൊബൈൽ ടവർ ഡാറ്റായും പരിശോധിച്ച് വരികയാണെന്ന് സിറ്റി പോലീസ്  വ്യക്തമാക്കി. ഒന്നിലധികം ടീമുകളാണ് കേസ്സന്വേഷിക്കുന്നത്.

അതേസമയം, കേസ്സിൽ ആർ.എസ് എസ്, ബജ്‌റംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കേസ്സ് മംഗലുരു പോലീസ്  കൈകാര്യം ചെയ്യുന്ന രീതി നീതിപൂർവ്വമല്ല. അസ്വഭാവിക മരണമായി രജിസ്റ്റർ ചെയ്യപ്പെട്ട കേസ്സ്, പിന്നീട് ആൾക്കൂട്ട കൊലയായി മാറ്റിയതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ട്. നിരപരാധികളായ ബി.ജെ.പി പ്രവർത്തകരേയും, ഹിന്ദു സംഘടനാ പ്രവർത്തകരേയും അറസ്റ്റ് ചെയ്യുന്നതിനായിട്ടാണത്. മംഗലുരു പോലീസ് ഉദ്യോഗസ്ഥർ കോൺഗ്രസ്സ് നേതാക്കളുടെ നിർദ്ദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അന്വേഷണത്തിന്റെ മറവിൽ ഹിന്ദു യുവാക്കളെ ലക്ഷ്യമിടുന്നതും, ഭീഷണിപ്പെടുത്തുന്നതും തുടരുകയാണെങ്കിൽ, പോലീസ്‌സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്ന് മംഗലുരു ബജ്‌റംഗ്ദൾ നേതാവ് ഷെട്ടി പ്രസ്താവിച്ചു.

നഷ്ടപരിഹാരം നൽകണം

''വെള്ളമെടുത്ത് കുടിച്ചു എന്ന നിസ്സാര കാരണത്താൽ ഒരു മുസ്ലിം യുവാവിനെ തീവ്രവാദ ഹിന്ദുത്വ ഗ്രൂപ്പായ 'സമ്രാട്ട് ഗെയ്‌സ്' ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പാകിസ്ഥാൻ സിന്ദാബാദ് എന്നാക്രോശിച്ചു എന്നാണ് കാരണം പറഞ്ഞത്. വംശീയമായി ന്യൂനപക്ഷങ്ങളെ ഉൻമൂലനം ചെയ്യുന്നതിനുള്ള ആയുധം ഇതാണ്. നിരപരാധികളായ മുസ്ലിം യുവാക്കളെ  കൊല്ലാൻ ലൈസൻസ് നൽകുന്ന, അപകടവും, ആസൂത്രിതവുമായ ഒരു പദമാണ് അത്. ആക്രമണാത്മക ദേശീയതയെ ചില മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ന്യൂനപക്ഷങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വിവിധ സംഘടനാ നേതാക്കൾ ഉണർത്തിച്ചു. മംഗലുരുവിലുണ്ടായത് ആൾക്കൂട്ടകൊല തന്നെയാണ്. സംഭവത്തെ തെറ്റിദ്ധരിപ്പക്കുന്നതിനായാണ് ബോധപൂർവ്വം കള്ള പ്രചാരണങ്ങൾ നടത്തുന്നത്. കൊല്ലപ്പെട്ട അഷ്‌റഫിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണം'' മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. പാക് അനുകൂല മുദ്രാവാക്യം വിളിച്ചു എന്നത് മെനഞ്ഞുണ്ടാക്കിയ കഥയാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. സി.പി.എം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീർ കരിപ്പല, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്‌റഹ്മാൻ, സോളിഡാരിറ്റി മൂവ്‌മെന്റ് മുൻ സംസ്ഥാന പ്രസിഡണ്ട് സി.ടി ശുഹൈബ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ വാഹിദ് തുടങ്ങി വിവിധ നേതാക്കൾ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്ഷൻ കൗൺസിൽ

 മലപ്പുറത്തെത്തിച്ച അഷ്‌റഫിന്റെ മൃതദേഹം ആംബുലൻസിൽ തന്നെയായിരുന്നു പൊതു ദർശനത്തിന് വെച്ചത്. പറപ്പൂരിലെ മഹല്ല് പള്ളി ഖബർസ്ഥാനിൽ ജഡം മറവ് ചെയ്തതിന് ശേഷം, കുടുംബത്തിന് നീതിലഭിയക്കുന്നതിനും, നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി നാട്ടുകാർ ആക്ഷൻ കൗൺസിലിന് രൂപം നൽകിയിട്ടുണ്ട്. കർണ്ണാടക സർക്കാരിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. നിയമ നടപടികളുമായി ആക്ഷൻ കൗൺസിൽ മുന്നോട്ട് പോകുമെന്നും, ആവശ്യമെങ്കിൽ പൊതു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആക്ഷൻ കൗൺസിൽ കൺവീനർ ഹബീബ് ജഹാൻ പറഞ്ഞു. അഷ്‌റഫ് പൊതുവെ സൗമ്യനാണ്. മാനസിക പ്രശ്‌നവുമുണ്ട്. ആരോടും അധികം സംസാരിക്കാറുമില്ല. അതെല്ലാവർക്കുമറിയാം. നേരത്തെ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടാക്കിയതായി മുൻകാല അനുഭവങ്ങളും ഇല്ല. ഉപജീവനത്തിനായി ആക്രിസാധനങ്ങൾ പെറുക്കി നടക്കും. കയ്യിൽ പൈസ ഉണ്ടെങ്കിൽ ആര് ചോദിച്ചാലും കൊടുക്കുന്ന സ്വഭാവമായിരുന്നു അവന്. ഒരു സംഘടനയുമായും അവന് ബന്ധവുമില്ല. പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും അഷ്‌റഫിന്റെ പിതാവ് കുഞ്ഞീതു പറഞ്ഞു.

അഷ്‌റഫ് കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ചിരുന്ന വയനാട്-പുൽപ്പള്ളിയിലെ വീട്ടിൽ മുസ്ലിം യൂത്ത്‌ലീഗ് ദേശീയ നേതൃസംഘം സന്ദർശനം നടത്തിയിരുന്നു. അഷ്‌റഫിന്റെ പിതാവ് മുച്ചിക്കാടൻ കുഞ്ഞീതു, മാതാവ് റുക്കിയ്യ, സഹോദരന്മാരായ ജാബ്ബാർ, ഹമീദ്, ബുഷ്‌റ, സലീന എന്നിവരുമായി സംസാരിച്ച നേതാക്കൾ, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും വരെയുള്ള നിയമപ്പോരാട്ടത്തിന് കുടുംബത്തിനൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി. അഷ്‌റഫിനെ  സംഘം ചേർന്ന് ആക്രമിക്കുകയും കൊല്ലപ്പെട്ടപ്പോൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി കള്ളം പ്രചരിപ്പിക്കുകയുമാണ് ഉണ്ടായത്. അനുകൂലമായ സാക്ഷിമൊഴികളും, റിപ്പോട്ടുമെല്ലാം സംഘിഭീകരർ പടച്ചുണ്ടാക്കി. ഇരുപതോളം പ്രതികളെ അറസ്റ്റ് ചെയ്ത കർണ്ണാടക സർക്കാർ, അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത് പ്രശംസനീയമാണെന്ന് യൂത്ത്‌ലീഗ് നേതാക്കൾ പറഞ്ഞു. മുസ്ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, മറ്റ് ദേശീയ നേതാക്കളായ അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, സി.കെ ശാക്കിർ, മുഫീദ തസ്‌നി, സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, വയനാട് ജില്ല പ്രസിഡണ്ട് എം.പി നവാസ്, സെക്രട്ടറി സി.എച്ച് ഫസൽ എന്നിവരാണ് യൂത്ത് ലീഗ് നേതൃ സംഘത്തിലുണ്ടായിരുന്നത്. പുൽപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ് ദിലീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗഫൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ സുമ ബിനീഷ്, സജിൻലാൽ തുടങ്ങിയവരും യൂത്ത് ലീഗ് നേതാക്കളെ അനുഗമിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img