09:27am 28 November 2026
NEWS
തമിഴിൽ വീണ്ടും മമ്മൂട്ടിയുടെ ചുവടുവയ്പ്; മിഷ്‌കിനും രാജ്‌കുമാർ പെരിയസാമിക്കുമൊപ്പം പുതിയ ചിത്രങ്ങൾ
28/11/2026  08:55 AM IST
സുരേഷ് വണ്ടന്നൂർ
തമിഴിൽ വീണ്ടും മമ്മൂട്ടിയുടെ ചുവടുവയ്പ്; മിഷ്‌കിനും രാജ്‌കുമാർ പെരിയസാമിക്കുമൊപ്പം പുതിയ ചിത്രങ്ങൾ

‘ഓം’ നേടിയ വൻ വിജയത്തിന് പിന്നാലെ തമിഴിൽ കൂടുതൽ. സജീവമാകാൻ മമ്മൂട്ടി. മിഷ്‌കിനും രാജ്‌കുമാർ പെരിയസാമിയും ഒരുക്കുന്ന ചിത്രങ്ങളാണ് താരത്തിന്റെ അടുത്ത തമിഴ് പദ്ധതികളായി ഒരുങ്ങുന്നത്. വ്യത്യസ്തമായ ആഖ്യാനശൈലികളുള്ള രണ്ടു സംവിധായകർക്കൊപ്പം മമ്മൂട്ടി കൈകോർക്കുന്നുവെന്ന വാർത്ത ആരാധകരുടെ പ്രതീക്ഷ ഉയർത്തുന്നു.


മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥാരചനയിലാണ് മിഷ്‌കിൻ. മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. തിരക്കഥ പൂർത്തിയായശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. തമിഴ് സിനിമയിൽ സ്വന്തമായ ദൃശ്യഭാഷയും അവതരണരീതിയും രൂപപ്പെടുത്തിയ മിഷ്‌കിനും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ ശക്തമായൊരു കഥാപാത്രത്തെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സംവിധായകനൊപ്പം അഭിനേതാവായും ശ്രദ്ധേയനായ മിഷ്‌കിൻ, ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിൽ പ്രതിനായകവേഷവും ചെയ്തിട്ടുണ്ട്.


അതേസമയം, ‘ഓമി’നുശേഷം മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്ന കാര്യം രാജ്‌കുമാർ പെരിയസാമിയും അടുത്തിടെ പങ്കുവച്ചിരുന്നു. ‘ഓമി’ന് സംഗീതമൊരുക്കിയ സായ് അഭ്യങ്കർ തന്നെയാകും പുതിയ ചിത്രത്തിനും ഈണമൊരുക്കുകയെന്നാണ് വിവരം. ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.


ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ നൂറുകോടി ക്ലബ് പിന്നിട്ട് മുന്നേറുന്നതിനിടെയാണ് പുതിയ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള വാർത്തകൾ എത്തുന്നത്. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാർ.


മലയാളത്തിലും തിരക്കേറിയ ചിത്രീകരണക്രമമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ‘മേള’ ഡിസംബർ ആദ്യത്തോടെ പൂർത്തിയാക്കിയശേഷം അദ്ദേഹം സ്വകാര്യ സന്ദർശനത്തിനായി ദുബായിലേക്ക് പോകുമെന്നാണ് വിവരം. തുടർന്ന് ഡിസംബർ പകുതിയോടെ ഖാലിദ് റഹ്‌മാന്റെ ‘മട്ടാഞ്ചേരി മാഫിയ’യിൽ ജോയിൻ ചെയ്യും.


നസ്ലിൻ, ആസിഫ് അലി, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരും അണിനിരക്കുന്ന ‘മട്ടാഞ്ചേരി മാഫിയ’യുടെ ഛായാഗ്രഹണം റോബി വർഗീസ് രാജാണ്. മലയാളത്തിലെ പുതിയ ചിത്രങ്ങൾക്കൊപ്പം തമിഴിലും ശ്രദ്ധേയമായ സംവിധായകർക്കൊപ്പം എത്തുന്നതോടെ മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായുള്ള കാത്തിരിപ്പിന് ആവേശമേറുകയാണ്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img