
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. നോർത്ത് 24 പർഗാനാസ് ജില്ലയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ബിർജു കേവോട്ടിന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പ്രതിഷേധവും ആക്രമണവും ഉണ്ടായത്.ഒരു സംഘം ആളുകൾ മമതയുടെ വാഹനത്തെ വളഞ്ഞ് മുദ്രാവാക്യം വിളിക്കുകയും വാഹനത്തിന് നേരെ ചെളി പുരട്ടുകയും വെള്ളക്കുപ്പികളും ചെരിപ്പുകളും എറിയുകയും ചെയ്തു. ‘കള്ളി’, ‘കൊള്ളക്കാരുടെ രാജ്ഞി’ തുടങ്ങിയ മുദ്രാവാക്യങ്ങളും മമതയ്ക്കെതിരെ ഉയർന്നു. പോലീസിന്റെ കൺമുന്നിൽവച്ചാണ് തനിക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ ആക്രമണമുണ്ടായതെന്ന് മമതാ ബാനർജി ആരോപിച്ചു. സാമൂഹികവിരുദ്ധർ വാഹനത്തിന് നേരെ വലിയ കല്ലുകൾ എറിഞ്ഞെന്നും ആക്രമണം അതീവ രൂക്ഷമായിരുന്നെന്നും മമത പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നും മമത ആരോപിച്ചു.
മമതയുടെ ആരോപണം ബിജെപി സംസ്ഥാന നേതൃത്വം തള്ളി. വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ വ്യക്തമാക്കി. മമതാ ബാനർജിയുടെ വാഹനത്തിന് നേരെ ചെളിയോ കല്ലുകളോ ചെരിപ്പുകളോ എറിഞ്ഞ സംഭവവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയും തൃണമൂലും തമ്മിലുള്ള സംഘർഷമല്ലെന്നും ജനങ്ങളും തൃണമൂലും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും സമിക് ഭട്ടാചാര്യ ആരോപിച്ചു. മുഖ്യമന്ത്രിയായാലും മറ്റേതെങ്കിലും വനിതാ നേതാവായാലും വാഹനത്തിന് നേരെ കല്ലെറിയുന്നതിനെ ബിജെപി അംഗീകരിക്കില്ലെന്നും ഇത്തരം സംഭവങ്ങളെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മുൻകാല അതിക്രമങ്ങളെക്കുറിച്ച് പാർട്ടി ആത്മപരിശോധന നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.










