03:16pm 13 November 2026
NEWS
സ്പോര്‍ട്സിനെ ലഹരിയാക്കൂ മുഖ്യമന്ത്രി. സംസ്ഥാന പോലീസ് കായിക മേളയ്ക്ക് തിരശ്ശീല വീണു
10/09/2026  07:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്പോര്‍ട്സിനെ ലഹരിയാക്കൂ മുഖ്യമന്ത്രി. സംസ്ഥാന പോലീസ് കായിക മേളയ്ക്ക് തിരശ്ശീല വീണു

ലഹരിയുടെ പിടിയില്‍ നിന്ന് യുവജനങ്ങളെ മുക്തരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സ്പോര്‍ട്സിനും പോലീസിനും സാധിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ 47 -ാമത് സംസ്ഥാന പോലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫിറ്റ്നെസിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന കായികമേളയിലൂടെ ഓപ്പറേഷന്‍ തൂഫാന്‍റെ മികച്ച സന്ദേശമാണ് കേരള പോലീസ് മുന്നോട്ട് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യെസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ് എന്നതായിരുന്നു കായികമേളയുടെ മുദ്രാവാക്യം. സംസ്ഥാനത്തിന്‍റെ കായികവികസനത്തില്‍ കൂടുതല്‍ പങ്ക് വഹിക്കാന്‍ കേരള പോലീസിനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാന പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ കായിക മേളയ്ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

41 പോലീസ് യൂണിറ്റുകളില്‍ നിന്നായി 1375 അത്ലറ്റുകള്‍ പങ്കെടുത്ത പോലീസ് കായികമേളയില്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.  

മാര്‍ച്ച് പാസ്റ്റോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. ചടങ്ങിന് സംഘാടക സമിതി  ചെയർമാനും ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം സ്വാഗതമാശംസിച്ചു.സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അധ്യക്ഷത വഹിച്ചു. ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ഫിറ്റ്നെസിനോടുള്ള കേരള പോലീസിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ മേളയില്‍ കണ്ട വര്‍ധിച്ച സ്ത്രീപങ്കാളിത്തവും തകര്‍ക്കപ്പെട്ട റെക്കോര്‍ഡുകളുമെന്ന് ഡിജിപി പറഞ്ഞു. 

ഉദ്ഘാടന ചടങ്ങിൽ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ ഹേമചന്ദ്രന്‍, ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, ഇൻറലിജൻസ്  എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ്, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, കെ.പി.എച്ച്.സി.സി എം.ഡി.യും എ.ഡി.ജി.പിയുമായ ഗുഗുലോത്ത്  ലക്ഷ്മൺ , സംഘാടക സമിതി സെക്രട്ടറിയും പോലീസ് ആസ്ഥാനത്തെ ഐ.ജിയുമായ ഹർഷിത അത്തലൂരി, ഡെപ്യൂട്ടി സെൻട്രൽ സ്പോർട്സ് ഓഫീസറും എസ്.ഐ. എസ്.എഫ് കമ്മാണ്ടന്റുമായ എൽ.സോളമൻ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img