
ദോഹ / മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ വ്യവസായ-വാണിജ്യ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ നടന്ന 'മേഡ് ഇൻ ദി ഗൾഫ് 2026' ഫോറത്തിലും എക്സിബിഷനിലും ഖത്തറിന്റെ ശക്തമായ പങ്കാളിത്തം. ഇരുപതിലേറെ മുൻനിര ദേശീയ ഫാക്ടറികളും വികസന ഏജൻസികളുമാണ് ഖത്തറിനെ പ്രതിനിധീകരിച്ച് മേളയിൽ പങ്കെടുത്തത്.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽഥാനി, വിദേശവ്യാപാര സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പങ്കെടുത്തു.വാണിജ്യ വ്യവസായ മന്ത്രാലയം, ഖത്തർ ഡെവലപ്മെന്റ് ബാങ്ക് (QDB), സാമ്പത്തിക മേഖല കമ്പനിയായ 'മനാതിഖ്' (Manateq) എന്നിവയ്ക്കൊപ്പം ഇരുപതിലധികം ഖത്തറി നിർമ്മാണ യൂണിറ്റുകൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിക്ക് മുന്നിൽ പ്രദർശിപ്പിച്ചു.ജി.സി.സി ട്രേഡ് ആൻഡ് ഇൻഡസ്ട്രിയൽ കോഓപ്പറേഷൻ കമ്മിറ്റികളുടെ 71-ാമത്, 57-ാമത് സമ്മേളനങ്ങളിലും ഖത്തർ പ്രതിനിധികൾ പങ്കെടുത്തു. മേഖലയിലെ സ്വകാര്യമേഖലയ്ക്ക് കൂടുതൽ ഉത്തേജനം നൽകുന്ന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.ഫോറത്തിന്റെ ഭാഗമായി നടന്ന 'വ്യവസായത്തിൽ നിന്ന് ആഗോളതലത്തിലേക്ക്: നിക്ഷേപം, കയറ്റുമതി, വളർച്ച' എന്ന പാനൽ ചർച്ചയിൽ ഖത്തർ വിദേശവ്യാപാര സഹമന്ത്രി സംസാരിച്ചു. അന്താരാഷ്ട്ര പങ്കാളിത്തവും കയറ്റുമതി വ്യാപ്തി വർദ്ധിപ്പിക്കലും വഴി ഗൾഫ് ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുകയാണ് ലക്ഷ്യം.
സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരം കൂടുതൽ എളുപ്പമാക്കുന്നതിനും സംയുക്ത സംരംഭങ്ങൾ സഹായിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി വ്യക്താമാക്കി. ഒക്ടോബർ 6 മുതൽ 8 വരെ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലായിരുന്നു മേള സംഘടിപ്പിച്ചത്.










