12:45am 30 June 2026
NEWS
'മാക്ട' പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു.
29/06/2026  04:06 PM IST
ജി കൃഷ്ണൻ
മാക്ട  പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നു.


മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ 'മാക്ട'യുടെ ജനറൽ ബോഡി ഇക്കഴിഞ്ഞ 27-ാം തീയതി എറണാകുളത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹാളിൽ വച്ച് നടന്നു. ചെയർമാൻ അധ്യക്ഷനായ ചടങ്ങിൽ വിവിധ പരിപാടികളാണ് നടന്നത്. പ്രധാനമായും തിരക്കഥാ മത്സര വിജയികൾക്കുള്ള സമ്മാനദാനം.

പുതിയ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാക്ട നടത്തിയ അർത്ഥപൂർണ്ണമായ ഉദ്യമമായിരുന്നു ഈ തിരക്കഥാ മത്സരമെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ അരുക്കുറ്റി അവകാശപ്പെട്ടു. 120 ൽ പരം തിരക്കഥകൾ മത്സരത്തിന് എത്തുകയും വിവിധ ചലച്ചിത്ര പ്രവർത്തകർ അംഗങ്ങളായ ജൂറി വായിക്കുകയും ഒടുവിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത പതിനഞ്ച് സ്‌ക്രിപ്റ്റുകളിൽ നിന്നും മൂന്ന് പേരുടെ തിരക്കഥ മികച്ചതായി തിരഞ്ഞെടുക്കുകയും ചെയ്തു. 

പ്രശസ്ത സംവിധായകൻ ഭദ്രൻ ആയിരുന്നു തിരക്കഥാ മത്സരത്തിന്റെ ജൂറി ചെയർമാൻ. മാക്ട യുടെ തിരക്കഥാ മത്സരത്തിലൂടെ വിജയിക്കുന്നവരുടെ തിരക്കഥ സിനിമയാക്കുവാൻ ഏതാനും ചലച്ചിത്ര നിർമ്മാണ കമ്പനികൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇതിൽ രണ്ടാം സ്ഥാനത്തിനർഹമായ അടക്കം എന്ന തിരക്കഥ സംവിധായകൻ വേണു ബി നായർ സിനിമയാക്കുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും മാക്ട  ചെയർമാൻ ജോഷി മാത്യു അംഗങ്ങളെ അറിയിക്കുകയുണ്ടായി.

വിദ്യാഭ്യാസരംഗത്ത് വിജയം നേടിയ മാക്ട അംഗങ്ങൾക്കുള്ള മെറിറ്റ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

 മാറുന്ന പുതിയ കാലഘട്ടത്തിനനുസരിച്ച് സോഷ്യൽ മീഡിയയിൽ മാക്ടയും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സംഘടന സ്വന്തമായി ഒരു യൂട്യൂബ് ചാനൽ  തുടങ്ങുന്നു എന്നാണ് ഇതിൽ പ്രധാനം. സംഘടനയ്ക്ക് ഒരു സ്ഥിരവരുമാനം എന്ന ലക്ഷ്യത്തിനൊപ്പം മലയാള സിനിമയിലെ സ്പന്ദനങ്ങൾ, മലയാള സിനിമയുടെ മുന്നേറ്റത്തിന് നിമിത്തമായ വലതും ചെറുതുമായ കലാകാരന്മാരെയും അവരുടെ സംഭാവനകളെയും കൃത്യമായി ചരിത്രത്തിൽ അടയാളപ്പെടുത്തുക എന്നതായിരിക്കും ഊന്നൽ നൽകുക. നെഗറ്റിവിറ്റിയും കോൺട്രാവേഴ്‌സികളും മാത്രം ട്രെന്റിങ്ങാവുന്ന സോഷ്യൽ മീഡിയയിലേക്ക് മാക്ട കാലൂന്നുമ്പോൾ കേവലമായ റീച്ചിനപ്പുറം മഹാരഥന്മാർ നയിച്ച മാക്ടയുടെ അന്തസ്സിനും ആഭ്യജാത്യത്തിനും കളങ്കമില്ലാതെ ഉറപ്പുവരുത്തി കൊണ്ടായിരിക്കും ഈ പുതിയ യൂട്യൂബ് ചാനൽ മുന്നോട്ടു പോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. യൂട്യൂബിനൊപ്പം തന്നെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ... തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും മാക്ടയുടെ  സാന്നിദ്ധ്യം സജീവമായി ഉണ്ടാകുകയും വെബ്‌സൈറ്റ് കൂടുതൽ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക എന്നാണ് ലക്ഷ്യമെന്നും അറിയിക്കുകയുണ്ടായി.

 ചലച്ചിത്രപ്രവർത്തകരുമായിട്ടുള്ള സംവാദങ്ങൾ, പുസ്തക ചർച്ച, സാങ്കേതിക മേഖലയിലെ പുതിയ സാങ്കേതങ്ങളെ പരിചയപ്പെടുത്തൽ തുടങ്ങിയ വിവിധങ്ങളായ ഓരോ പരിപാടികൾ എല്ലാ മാസവും മാക്ട സംഘടിപ്പിച്ചു തുടങ്ങുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. മലയാള സിനിമയ്ക്കും മാക്ട   അംഗങ്ങൾക്കും ചലച്ചിത്ര വിദ്യാർത്ഥികൾക്കും ഗുണകരമാകുന്ന വിധത്തിലായിരിക്കും ഈ സാംസ്‌കാരിക പരിപാടികൾ രൂപകൽപ്പന ചെയ്യുന്നത്.
 

 

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img