05:11pm 12 November 2026
NEWS
പരോളിൽ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിലായി
14/01/2026  07:10 PM IST
nila
 പരോളിൽ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിലായി

ചെങ്ങന്നൂർ: ജീവപരന്ത്യം തടവില്‍ നിന്നും പരോളിൽ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 4 വർഷങ്ങൾക്ക് ശേഷം പോലീസ്  പിടിയിലായി.  2016 ല്‍ ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഓട്ടോ ഫ്യുവല്‍സ് ഉടമ ശങ്കരമംഗലം വീട്ടില്‍ എം.പി. മുരളീധരന്‍നായരെ (55) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ചെങ്ങന്നൂർ, ആലാ പെണ്ണുക്കര വടക്കും മുറിയില്‍, പൂമലച്ചാല്‍,മഠത്തിലേത്ത് വീട്ടില്‍, സനൽകുമാർ മകൻ ബോഞ്ചോ എന്ന് വിളിക്കുന്ന അനൂപ് കുമാർ (36) നെയാണ് ചെങ്ങന്നൂർ ഡി. വൈ. എസ്. പി.യുടെ പ്രത്യേക അന്വേഷണസംഘം, പിടികൂടിയത്. 2016 ഫെബ്രുവരി 18 ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.  മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷന് സമീപമുള്ള രേണു ഓട്ടോ ഫ്യുവല്‍സ് പെട്രോള്‍ പമ്പിൽ പെട്രോള്‍ അടിക്കാനായെത്തിയ ഗുണ്ടകളായ മനോജും അനൂപും ജീവനക്കാരുമായി വാക്കേറ്റം ഉണ്ടായി. ബഹളം കേട്ട് വന്ന പമ്പ് ഉടമ മുരളീധരന്‍ നായര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഭീഷണി മുഴക്കിയിട്ട്  അവർ പമ്പിൽ നിന്നും പോയി. വൈകിട്ട് ഏഴരയോടെ മുരളീധരന്‍നായര്‍ ബന്ധുവായ ശശികുമാറിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്ന രാജീവ് എന്നയാള്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി. തൊട്ടു പിന്നാലെ മനോജും, അനൂപും ബൈക്കിലെത്തി കമ്പിവടികൊണ്ട് മുരളീധരന്‍ നായരുടെ തലയ്‌ക്ക് മൃഗീയമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.  ഈ കേസിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ ബോഞ്ചോ എന്ന് വിളിക്കുന്ന അനൂപ് കുമാർ, രാജീവ്‌, ഐസക്ക് എന്ന് വിളിക്കുന്ന മനോജ്‌ എന്നിവരെ മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ്  കോടതി  ജീവപര്യന്തം തടവും, 35,000 രൂപ വീതം പിഴയും ശിക്ഷിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷാ തടവുകാരായി കഴിഞ്ഞ് വരവേ 06.05.2022 ന് ബോഞ്ചോ എന്ന് വിളിക്കുന്ന അനൂപ് കുമാർ 14 ദിവസത്തെ പരോളിൽ പുറത്തിറങ്ങി ഒളിവിൽ പോയി. ഈ കേസിൽ രണ്ടാം പ്രതിയായ രാജീവ്‌ നെട്ടുകാൽത്തേരി തുറവൂർ ജയിലിലും, മൂന്നാം പ്രതി ഐസക്ക് എന്ന് വിളിക്കുന്ന മനോജ്‌  പൂജപ്പുര സെൻട്രൽ ജയിലിലും നിലവിൽ ശിക്ഷ അനുഭവിച്ചു വരുന്നു. ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തു ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനായി  ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം. പി. മോഹനചന്ദ്രൻ നായരുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. 2023 മുതല്‍ നടത്തി വന്ന അന്വേഷണമാണ് ഇപ്പോള്‍ ഇയാളുടെ അറസ്റ്റില്‍ കലാശിച്ചത്. തുടക്കത്തിൽ അനൂപ് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു ഓസ്ട്രിയയിലേക്ക്  വ്യാജ വിലാസത്തിൽ പാസ്പോർട്ട്‌ എടുത്തു കടന്നതായി നാട്ടിൽ ഒരു കിംവദന്തി പരന്നിരുന്നു. എന്നാൽ ആ പെൺകുട്ടിയെ കണ്ടെത്തി രഹസ്യമായി അന്വേഷണം നടത്തിയതിൽ ഇത് നാട്ടുകാർക്കിടയിലെ ഊഹാപോഹങ്ങൾ മാത്രമായിരുന്നു എന്നു തെളിഞ്ഞു. ഇയാളെപറ്റി കൂടുതൽ അന്വേഷണം നടത്തിയതിൽ ഗുജറാത്തിൽ ജോലിയ്ക്കായി പോയതായി  ചില സൂചനകള്‍ ലഭിച്ചു.  തുടര്‍ന്ന് അന്വേഷണം നടത്തിയതില്‍ ഗുജറാത്തിൽ കുറച്ചു നാൾ നിന്ന ശേഷം ആന്ധ്ര പ്രദേശിലും, മുംബൈയിലും ഇയാള്‍ വ്യാജ പേരിൽ കഴിഞ്ഞു വന്നു.  പോലീസ് അന്വേഷണം നടക്കുന്നതായുള്ള വിവരം ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്ന നാട്ടിലെ വളരെ അടുത്ത വിശ്വസ്ത  സുഹൃത്തുക്കള്‍ വഴി അറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ മൊബൈൽ ഫോണുകള്‍ ഉപേക്ഷിച്ചു.  എല്ലാ  വിനിമയ മാധ്യമങ്ങളും ഉപേക്ഷിച്ച് മറ്റൊരു പേരില്‍ ഇയാള്‍ ബ oഗളൂരുവിലേക്ക് ഒളിത്താവളം മാറ്റി. ബ oഗളൂരു - തമിഴ്നാട് അതിര്‍ത്തിയില്‍ ഒരു ഹോട്ടലിൽ ജോലിക്ക് കയറി കുറച്ചു നാൾ അവിടെ തങ്ങിയ ശേഷം, ബംഗ്ളൂര്‍ ഇലക്ട്രോണിക് സിറ്റിയിൽ ഒരു ഹോട്ടിൽ കയറിക്കൂടി. ഇവിടെ ജോലി ചെയ്യുന്നതായി അന്വേഷണസംഘത്തിന് വിവരം കിട്ടി എത്തിയപ്പോഴേക്കും അനൂപ് അവിടെ നിന്നും കടന്നിരുന്നു. സാങ്കേതിക പരമായ ഒരു വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിക്കാതിരിക്കാന്‍ നാട്ടിൽ അടുത്ത ബന്ധുക്കളുമായോ സൂഹൃത്തുക്കളുമായോ ബന്ധം പുലർത്താതെ ജാഗ്രതയോടെയായിരുന്നു ഇയാളുടെ നീക്കങ്ങള്‍. ബ oഗളൂരില്‍ നടത്തിയ അന്വേഷണത്തിൽ അനൂപിന് ഹോട്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വന്നിരുന്ന നേഴ്സ് ആയ പന്തളം സ്വദേശിനിയായ  യുവതിയുമായി അടുപ്പം ഉണ്ടെന്ന് കണ്ടെത്തി. ഈ യുവതിയുടെ നീക്കങ്ങള്‍ പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരവേ കഴിഞ്ഞ രണ്ടുമാസമായി അനൂപ് ബംഗളൂരു കൊഡിഗെഹള്ളി അന്നപൂർണ്ണേശ്വരി നഗറിൽ ഒരു ടിഷ്യൂ പേപ്പർ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.  കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഇയാളെ പിടികൂടുന്നതിനായി  ബെംഗളൂരുവിലേക്ക്  യാത്ര തിരിച്ചെങ്കിലും 12.01.2026 ന് രാവിലെ അനൂപ് പെണ്‍സുഹൃത്തിനെ കാണാന്‍ നാട്ടിലേക്ക് വന്നതായി വിവരം ലഭിച്ചു.   അവധിക്ക് നാട്ടിലേക്ക് പോന്ന യുവതിയെ കാണാനായി വന്ന്‌ യുവതിയുടെ ആൾ താമസമില്ലാത്ത കുടുംബവീട്ടിൽ ഒളിച്ചു താമസിച്ചിരുന്ന ബോഞ്ചോ എന്ന് വിളിക്കുന്ന അനൂപ് കുമാറിനെ കഴിഞ്ഞ ദിവസം
വീട് വളഞ്ഞു അതി സാഹസികമായി പോലീസ് സംഘം പിടികൂടുകയായിരുന്നു. ചെങ്ങന്നൂർ പോലീസ് ഇൻസ്‌പെക്ടർ  വിപിൻ. എ. സി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സിനു വർഗ്ഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  ഉണ്ണികൃഷ്ണപിള്ള.ജി, മുഹമ്മദ്‌ ഷഫീക് ഐ,അരുൺ ഭാസ്ക്കർ,സിവിൽ പോലീസ് ഓഫീസർമാരായ ജിജോ സാം, കണ്ണൻ. കെ. എം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ  ബോഞ്ചോ എന്ന് വിളിക്കുന്ന അനൂപ് കുമാറിനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ഹാജരാക്കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.