04:27pm 10 November 2026
NEWS
ലുസൈൽ സിറ്റി ഡിസ്ട്രിക്റ്റ് കൂളിംഗ് നെറ്റ്‌വർക്കിന് രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ; ഖത്തറിന് വീണ്ടും ആഗോള നേട്ടം
02/07/2026  11:56 AM IST
nila
ലുസൈൽ സിറ്റി ഡിസ്ട്രിക്റ്റ് കൂളിംഗ് നെറ്റ്‌വർക്കിന് രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ; ഖത്തറിന് വീണ്ടും ആഗോള നേട്ടം

ദോഹ: അടിസ്ഥാന സൗകര്യ വികസനത്തിലും സുസ്ഥിര നഗര ആസൂത്രണത്തിലും ആഗോള മാതൃകയായി ഖത്തർ. ലുസൈൽ സിറ്റിയിലെ അത്യാധുനിക ഡിസ്ട്രിക്റ്റ് കൂളിംഗ് (ഡിസ്ട്രിക്റ്റ് എയർകണ്ടീഷണർ) സംവിധാനത്തിലൂടെ രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കി രാജ്യം പുതിയ ചരിത്രം കുറിച്ചതായി ഖത്തരി ദിയാർ (Qatari Diar) അറിയിച്ചു.
​ലുസൈലിലെ സംയോജിത ഡിസ്ട്രിക്റ്റ് കൂളിംഗ് ശൃംഖലയെ 'ലോകത്തിലെ ഏറ്റവും വലിയ ഡിസ്ട്രിക്റ്റ് കൂളിംഗ് നെറ്റ്‌വർക്ക്' ആയി ഗിന്നസ് ബുക്ക് ഔദ്യോഗികമായി രേഖപ്പെടുത്തി. 123.5 കിലോമീറ്റർ നീളമുള്ളതാണ് ഈ ശൃംഖല. 100 മിമി മുതൽ 1600 മിമി വരെ വ്യാസമുള്ള പൈപ്പുകൾ വഴിയാണ് പ്ലാന്റുകളിൽ നിന്നുള്ള തണുപ്പിച്ച വെള്ളം കെട്ടിടങ്ങളിലേക്ക് എത്തിക്കുന്നത്. സ്മാർട്ട് ലീക്ക് ഡിറ്റക്ഷൻ സംവിധാനങ്ങളും സർവീസ് ടണലുകളും ഉൾപ്പെടുന്നതാണ് ഈ ശൃംഖല.
​ലുസൈൽ നോർത്ത് ഡിസ്ട്രിക്റ്റ് കൂളിംഗ് സ്റ്റേഷനിലെ വാട്ടർ ടാങ്കിനാണ് രണ്ടാമത്തെ ലോക റെക്കോർഡ് ലഭിച്ചത്. 'ലോകത്തിലെ ഏറ്റവും നീളമേറിയ ചിൽഡ് വാട്ടർ ടാങ്ക്' എന്ന റെക്കോർഡാണ് ഇത് സ്വന്തമാക്കിയത്. 46.041 മീറ്റർ ഉയരവും 32 മീറ്റർ വ്യാസവുമുള്ള ഈ ടാങ്കിന് 12,000 ടൺ കൂളിംഗ് ശേഷിയുണ്ട്. ഉപയോഗം കുറവുള്ള സമയങ്ങളിൽ തണുത്ത വെള്ളം സംഭരിച്ചുവെച്ച്, ആവശ്യക്കാരേറുന്ന പീക്ക് സമയങ്ങളിൽ പുനരുപയോഗിക്കാൻ സഹായിക്കുന്ന ഈ സംവിധാനം ഊർജ്ജ കാര്യക്ഷമത 14 ശതമാനം വരെ വർദ്ധിപ്പിക്കും.
​"രണ്ട് ലോക റെക്കോർഡുകളോടെ ലുസൈൽ സിറ്റി ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത് ഖത്തറിന്റെ സുസ്ഥിര വികസന യാത്രയിലെ നിർണായക നാഴികക്കല്ലാണ്. നഗര ആസൂത്രണവും നൂതന സാങ്കേതികവിദ്യയും തമ്മിലുള്ള വിജയകരമായ സംയോജനമാണ് ഈ ആഗോള അംഗീകാരത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് ഖത്തരി ദിയാർ സി ഇ ഒ ശൈഖ് ഹമദ് ബിൻ തലാൽ അൽഥാനി പറഞ്ഞു.ഖത്തരി ദിയാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള 'മറാഫിഖ് ഖത്തർ' (Marafiq Qatar) കമ്പനിയാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ പ്ലാന്റ് വികസിപ്പിച്ചതും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും. പദ്ധതി പൂർണ്ണതോതിൽ പൂർത്തിയാകുമ്പോൾ മൊത്തം ഉൽപ്പാദന ശേഷി ഏകദേശം 6,30,000 ടൺ കൂളിംഗ് ആയി ഉയരുമെന്ന് ഖത്തർ യൂട്ടിലിറ്റീസ് സി.ഇ.ഒ എൻജിനീയർ അഹമ്മദ് അബ്ദുൽ ഖാദർ അൽ അമ്മാരി വ്യക്തമാക്കി. അടിയന്തിര ഘട്ടങ്ങളിൽ തടസ്സമില്ലാതെ സേവനം നൽകാനും പരിസ്ഥിതി സംരക്ഷണത്തിനും സഹായിക്കുന്നതാണ് ലുസൈലിലെ ഈ അത്യാധുനിക എയർകണ്ടീഷണർ ശൃംഖല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img