
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്തെ പാചകവാതക വിതരണത്തിലും പ്രതിസന്ധി. ഇതോടെ ഗ്രാമീണ മേഖലയിൽ എൽ.പി.ജി. സിലിൻഡർ ബുക്കിങ് ഇടവേള 25 ദിവസത്തിൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് എവിടെയും എൽ.പി.ജി ലഭ്യത പൂർണമായി നിലച്ചിട്ടില്ലെങ്കിലും ഭീതിയെ തുടർന്ന് ബുക്കിങ് പലമടങ്ങ് വർധിച്ചതാണ് സമ്മർദ്ദത്തിന് കാരണം എന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വിതരണ പ്രതിസന്ധി നേരിടാൻ എൽ.പി.ജി ഉത്പാദനം 28 ശതമാനമായി വർധിപ്പിച്ചതായും അറിയിച്ചു.
സംസ്ഥാനങ്ങളുമായി ആലോചിച്ച് കൂടുതൽ വാണിജ്യ സിലിൻഡറുകൾ വിതരണം ചെയ്യാനും തീരുമാനിച്ചു. കൂടാതെ പാചക ആവശ്യങ്ങൾക്ക് പകരമായി മണ്ണെണ്ണ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വിതരണം വർധിപ്പിക്കും.
അതേസമയം, കേരളത്തിലും എൽ.പി.ജി വിതരണത്തിൽ പ്രതിസന്ധിയെന്നാണ് റിപ്പോർട്ട്. ബോട്ട്ലിങ് പ്ലാന്റുകളിൽ ഗാർഹികവും വാണിജ്യവുമായ സിലിൻഡറുകൾ നിറയ്ക്കുന്ന തോത് കുറച്ചതായി സൂചനയുണ്ട്. ചില സ്ഥലങ്ങളിൽ ബുക്കിങ് പ്രയാസം നേരിടുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.











