
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ-പരിശീലന സേവന കേന്ദ്രങ്ങളിൽ ഖത്തറി പരിശീലകരുടെ സേവനം ഉറപ്പാക്കുന്നതിനും സ്വദേശി പ്രതിഭകളെ ശാക്തീകരിക്കുന്നതിനുമായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വകാര്യ വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിലുള്ള എഡ്യൂക്കേഷൻ സർവീസസ് സെന്റേഴ്‌സ് ഡിപ്പാർട്ട്‌മെന്റാണ് ഈ സുപ്രധാന നീക്കത്തിന് പിന്നിൽ.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോൽവ ബിന്ത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ, അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നാമ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.സംരംഭകത്വം, ഹ്യൂമൻ ഡെവലപ്‌മെന്റ്, ക്രിയേറ്റീവ് തിങ്കിംഗ്, പ്രോബ്ലം സോൾവിംഗ്, ടൈം ആൻഡ് സ്‌ട്രെസ് മാനേജ്‌മെന്റ്, ലീഡർഷിപ്പ്, കമ്മ്യൂണിക്കേഷൻ സ്കിൽസ് തുടങ്ങിയ തൊഴിൽ വിപണിക്ക് അത്യന്താപേക്ഷിതമായ മേഖലകളിലാണ് പരിശീലനം നൽകുന്നത്.
രജിസ്റ്റർ ചെയ്ത പരിശീലകർക്ക് ഇന്റർവ്യൂവിലൂടെ അംഗീകൃത ലൈസൻസുകൾ നൽകും. തുടർന്ന് ഇവരുടെ പട്ടിക വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് നൽകുകയും പരിശീലന പരിപാടികളിൽ ഇവരുടെ പങ്കാളിത്തം മന്ത്രാലയം നിരീക്ഷിക്കുകയും ചെയ്യും. അറിധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആജീവനാന്ത പഠനത്തിന് പ്രാധാന്യം നൽകുന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.











