12:59pm 13 November 2026
NEWS
വിമത ശല്യം, കാലുവാരൽ, ഉൾപ്പോര്: മുന്നണികൾക്ക് തലവേദനയായി തദ്ദേശപ്പോര്
17/11/2025  09:45 AM IST
ന്യൂസ് ബ്യൂറോ
വിമത ശല്യം, കാലുവാരൽ, ഉൾപ്പോര്: മുന്നണികൾക്ക് തലവേദനയായി തദ്ദേശപ്പോര്

​തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി മൂന്നു നാൾ പിന്നിട്ടപ്പോൾ വിമതരും, പരസ്പരം കാലുവാരലുകളും മൂന്ന് മുന്നണികൾക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. കേഡർ പാർട്ടികളായ സി.പി.എമ്മിനും, യു.ഡി.എഫിനും ബി.ജെ.പിക്കും ഇത് വലിയ തിരിച്ചടിയാകുമ്പോൾ, ഇരുട്ടി വെളുക്കുമ്പോഴേക്കും മറുകണ്ടം ചാടുന്ന നേതാക്കൾ വോട്ടർമാരെയും അമ്പരപ്പിക്കുന്നുണ്ട്. തെക്കൻ ജില്ലകളിലാണ് വിമത ശല്യം കൂടുതൽ രൂക്ഷം.

തലസ്ഥാനത്ത് കനത്ത പ്രഹരം: 

സി.പി.എം., കോൺഗ്രസ്, ബി.ജെ.പി.

​സി.പി.എം: 

പാർട്ടി മുഖപത്രത്തിന്റെ തലസ്ഥാനത്തെ ബ്യൂറോ ചീഫായിരുന്ന കെ. ശ്രീകണ്ഠൻ കോർപ്പറേഷൻ ഉള്ളൂർ വാർഡിൽ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത് സി.പി.എമ്മിന് പ്രഹരമായി. "ചില അപശബ്ദങ്ങൾ" എന്ന് പറഞ്ഞ് മന്ത്രി വി. ശിവൻകുട്ടി വിഷയത്തെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ അത്ര നിസ്സാരമല്ലെന്നാണ് വിലയിരുത്തൽ.

​കോൺഗ്രസ്: 
മുട്ടട വാർഡിൽ സ്ഥാനാർത്ഥിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞയാളായ വൈഷ്ണ സുരേഷിന് വോട്ടർ പട്ടികയിലെ വീട്ടു നമ്പറിൽ വന്ന വ്യത്യാസം കാരണം മത്സരത്തിൽ നിന്ന് പിന്മാറേണ്ടിവന്നത് യു.ഡി.എഫിന് ക്ഷീണമായി.

​ബി.ജെ.പി:

 സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് തൃക്കണ്ണാപുരത്ത് പാർട്ടി പ്രവർത്തകൻ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തതും, നെടുമങ്ങാട് നഗരസഭയിലെ മഹിളാമോർച്ച നേതാവ് ആർ.എസ്.എസുകാരുടെ അവഹേളനത്തിൽ മനം നൊന്ത് ആത്മഹത്യാശ്രമം നടത്തിയതും ബി.ജെ.പി. ക്യാമ്പിൽ അങ്കലാപ്പുണ്ടാക്കി.

​വിവാദ സ്ഥാനാർത്ഥി:

 മലയിൻകീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ബാങ്ക് തിരിമറിയുമായി ബന്ധപ്പെട്ട് പരാതി നേരിടുന്നയാളെ യു.ഡി.എഫ്. സ്ഥാനാർത്ഥിയാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇദ്ദേഹം പ്രതിപക്ഷ നേതാവിന്റെ അടുപ്പക്കാരനാണെന്ന ആരോപണവും ശക്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img