
സുൽത്താൻ ബത്തേരി: അബ്കാരി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ചോദ്യം ചെയ്യലിനും വാഴവറ്റയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനുമായി നാല് ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതെങ്കിലും കോടതി ഇത് 24 മണിക്കൂറായി ചുരുക്കുകയായിരുന്നു.
അളവിൽ കൂടുതൽ മദ്യം തറവാട്ടു വീട്ടിൽ സൂക്ഷിച്ചുവെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് ആന്റോയെ റിമാൻഡ് ചെയ്തത്. ബത്തേരി കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
പ്രോസിക്യൂഷൻ - പ്രതിഭാഗം വാദങ്ങൾ
നടപടിക്രമങ്ങൾ പാലിക്കാതെയാണ് ആന്റോയെ അറസ്റ്റ് ചെയ്തതെന്നും, മദ്യം കണ്ടെടുത്തതായി പറയപ്പെടുന്ന വീട് അദ്ദേഹത്തിന്റേതല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കണ്ടെടുത്ത മദ്യം പ്രതിയുടെ സാന്നിദ്ധ്യത്തിലല്ല പിടിച്ചെടുത്തതെന്നും, ഇത് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് തെളിയിക്കാൻ യാതൊരു രേഖകളുമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അനുവദനീയമായ അളവിലും കൂടുതൽ മദ്യം കൈവശം വെയ്ക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന ശക്തമായ വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചത്. ആന്റോയുടെ വീട് കോടികൾ മുടക്കി വാങ്ങിയവരെക്കുറിച്ചുള്ള അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
തെളിവെടുപ്പ് പൂർത്തിയായി
കോടതി ഉത്തരവിനെ തുടർന്ന് എക്‌സൈസ് കസ്റ്റഡിയിൽ വാങ്ങിയ ആന്റോയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വാഴവറ്റയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അസി. എക്‌സൈസ് കമ്മിഷണർ ആർ.എൻ. ബൈജു, സി.ഐമാരായ സുനിൽ, ഷറഫുദ്ദീൻ, ഇൻസ്‌പെക്ടർ സജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. അമ്പലവയൽ സർക്കിൾ സി.ഐ ബിജു ആന്റണി, മീനങ്ങാടി എസ്.ഐ പി.വി. രതീഷ്, അമ്പലവയൽ എസ്.ഐ ജസ് വിൻ, നൂൽപ്പുഴ എസ്.ഐ അഖിൽ എന്നിവരും എക്‌സൈസ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.










