
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച അപൂർവമായൊരു വിവാഹത്തിന് സാക്ഷിയായി. ജീവപര്യന്തം തടവ് അനുഭവിക്കുന്ന മൂലാറാം ഭാട്ടി (33), സീമ ഘട്സെ (31) എന്നിവരാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ അനുമതിയോടെ വിവാഹിതരായത്.
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്ന ഇരുവരെയും നല്ല പെരുമാറ്റം പരിഗണിച്ച് പിന്നീട് മണ്ഡോർ തുറന്ന ജയിലിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് പരിചയം ആരംഭിച്ചതും പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറിയതും. വിവാഹിതരാകാൻ ആഗ്രഹം അറിയിച്ചെങ്കിലും നിയമപരമായ അനുമതി ആവശ്യമായതിനാൽ ഇരുവരും ഹൈക്കോടതിയെ സമീപിച്ചു.
പരസ്പര സമ്മതമുള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസുമാരായ പി.എസ്. ഭാട്ടി, പ്രവീർ ഭട്ട്നഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിവാഹത്തിന് അനുമതി നൽകിയത്.
കോടതി ഉത്തരവിനെ തുടർന്ന് ഏതാനും മണിക്കൂറുകൾക്കായി മണ്ഡോർ തുറന്ന ജയിൽ വിവാഹവേദിയായി മാറി. പുരോഹിതന്റെ കാർമികത്വത്തിൽ വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി. പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരുമുൾപ്പെടെ 21 പേർ മാത്രമാണ് ചടങ്ങിൽ സാക്ഷികളായി പങ്കെടുത്തത്.
2017-ൽ അയൽവാസിയെ കൊലപ്പെടുത്തിയ കേസിലാണ് നാഗ്പുർ സ്വദേശിയായ മൂലാറാം ഭാട്ടി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. മുംബൈ സ്വദേശിനിയായ സീമ ഘട്സെ മുൻഭർത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ അനുഭവിക്കുന്നത്.










