10:02am 23 November 2026
NEWS
കുടിവെള്ളത്തിൽ കാൻസർ സാധ്യതയുള്ള രാസവസ്തുക്കൾ; ബിസ്‌ലെരി കമ്പനിക്കെതിരെ നിയമനടപടി
23/11/2026  08:59 AM IST
nila
കുടിവെള്ളത്തിൽ കാൻസർ സാധ്യതയുള്ള രാസവസ്തുക്കൾ; ബിസ്‌ലെരി കമ്പനിക്കെതിരെ നിയമനടപടി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലെരിക്കെതിരെ നിയമനടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി. കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ള സാമ്പിളുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നടപടിക്ക് അനുമതി നൽകിയത്. അനുവദനീയമായ പരിധിയിൽ കൂടുതൽ ബ്രോമേറ്റും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) സാമ്പിളിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

പരിശോധനയ്ക്കായി ബിസ്‌ലെരി ഇന്റർനാഷണലിന്റെ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ശേഖരിച്ചപ്പോഴാണ് ആദ്യ ക്രമക്കേട് കണ്ടെത്തിയത്. വെള്ളത്തിൽ ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിയേക്കാൾ കൂടുതലാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇതോടെ 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഉൽപ്പന്നം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.

എന്നാൽ പരിശോധനാഫലത്തിനെതിരെ കമ്പനി അപ്പീൽ നൽകിയതോടെ സാമ്പിൾ വീണ്ടും പരിശോധിക്കാൻ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. രണ്ടാം പരിശോധനയിലും സുരക്ഷാ വീഴ്ച കണ്ടെത്തി. ഇത്തവണ വെള്ളത്തിൽ PAHs എന്ന രാസവസ്തുക്കളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും PAHs-ഉം കാൻസർ സാധ്യതയുമായി ബന്ധപ്പെട്ട രാസവസ്തുക്കളാണ്.

രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം വ്യക്തമായ സാഹചര്യത്തിലാണ് ബിസ്‌ലെരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകിയതെന്ന് FSSAI അറിയിച്ചു.

ഇതിനുപുറമെ, ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് നിറച്ച കുക്കികളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടിക്ക് വിധേയമായി. ഉൽപ്പന്നത്തിൽ ലേബലിൽ പരാമർശിക്കാത്ത കൃത്രിമ നിറമായ കാർമോസിൻ കണ്ടെത്തിയതിനെ തുടർന്ന് കുക്കികൾ വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു.

ഉൽപ്പന്നത്തിന്റെ ചേരുവകളും ലേബലിലെ വിവരങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ലേബലിംഗും ഭക്ഷ്യസുരക്ഷാ വീഴ്ചകളും ഗൗരവത്തോടെയാണ് അതോറിറ്റി കാണുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img