
കൊല്ലായിൽ സുദേവൻ (സി.പി.ഐ.എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സമ്മേളന സ്വാഗതസംഘം ചെയർമാൻ)
മൂന്ന് പതിറ്റാണ്ടിനുശേഷം (മാർച്ച് 6 മുതൽ 9 വരെ) സംസ്ഥാന സമ്മേളനം കൊല്ലത്തെത്തുമ്പോൾ...
സി.പി.ഐ(എം) കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിൽവച്ച് നടത്തിയ അഭിമുഖം.
? ഇൻഡ്യൻ രാഷ്ട്രീയം ഒരുപാട് മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായ മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം സി.പി.ഐ-എമ്മിന്റെ 24-ാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടിയുടെ ജില്ലാസെക്രട്ടറി എന്ന നിലയിലും സ്വാഗതസംഘം ജനറൽ കൺവീനർ എന്ന നിലയിലും താങ്കളെ സംബന്ധിച്ചിടത്തോളം അതൊരു അഭിമാനവും വെല്ലുവിളിയുമല്ലെ.
സി.പി.ഐ.എമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ടാണ് മാർച്ച് 6 മുതൽ 9 വരെ തീയതികളിൽ കൊല്ലത്തുവച്ച് സംസ്ഥാന സമ്മേളനം നടക്കുന്നത്. മുപ്പതുകൊല്ലങ്ങൾക്ക് മുൻപ് '95 ഫെബ്രുവരി 25 മുതൽ 28 വരെ തീയതികളിലാണ് ഇതിന് മുമ്പ് ഒരു സംസ്ഥാന സമ്മേളനം കൊല്ലത്തുവച്ചുനടന്നത്. 9-ാം പാർട്ടി കോൺഗ്രസ് മധുരയിൽ നടക്കുന്നതിന്റെ ഭാഗമായി '72 ലും കൊല്ലത്തുവച്ച് സംസ്ഥാന സമ്മേളനം നടന്നിട്ടുണ്ട്.
കൊല്ലം ജില്ലയിൽ പാർട്ടിക്കിപ്പോൾ 3154 പാർട്ടി ബ്രാഞ്ചും 52600 മെമ്പർമാരുമാണുള്ളത്. കൊല്ലം ജില്ലയുടെ എല്ലാ ഉൾപ്രദേശങ്ങളിലും സി.പി.ഐ- എമ്മിന് നല്ല സ്വാധീനമുണ്ട്. '24 ഒക്‌ടോബർ 10 മുതൽ 24 വരെ ഈ 52600 പാർട്ടി മെമ്പർമാരുടെ വീടുകളിൽ ഓരോ വഞ്ചി സ്ഥാപിച്ചിരുന്നു. ഈ മൂന്നുമാസക്കാലം കൊണ്ട് ഒരു സംഭാവന പാർട്ടി മെമ്പർമാർ അതിൽ ഇടണം എന്നുപറഞ്ഞു. ആ സംഭാവന ബ്രാഞ്ചടിസ്ഥാനത്തിൽ സംഭരിച്ചുകൊണ്ടും തൊഴിലാളികളിൽ നിന്നും ഒരു സംഭാവന കൂടി സ്വീകരിച്ചുകൊണ്ടുമാണ് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുന്നത്.
സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രസംഗമത്സരമുണ്ട്. ഉപന്യാസ മത്സരമുണ്ട്. ഫുട്‌ബോൾ ടൂർണ്ണമെന്റുണ്ട്. വോളിബോൾ ടൂർണ്ണമെന്റുണ്ട്. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കബഡി മത്സരം നടന്നുവരികയാണ്. ഇക്കഴിഞ്ഞ 21-ാം തീയതി മൂവായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വാക്കത്തോൺ നടന്നു.
അഖിലേന്ത്യാടിസ്ഥാനത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രൊഫ. പ്രഭാത് പട്‌നായിക് അടക്കമുള്ളവർ പങ്കെടുത്ത കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച സെമിനാർ നടന്നു. സി.പി.ഐയുടെ സംസ്ഥാന കൗൺസിൽ സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവർ ആ സെമിനാറിൽ പങ്കെടുത്തു. ഇതിനനുബന്ധമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി 96 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്.
പ്രപഞ്ചവീക്ഷണത്തെ സംബന്ധിച്ചടക്കം തുടങ്ങി ഇന്നത്തെ കാലഘട്ടത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ വന്നിട്ടുള്ള പുരോഗതിയെ സംബന്ധിച്ചുള്ള ചർച്ചകളുണ്ട്. ആശ്രാമം മൈതാനത്ത് രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന എക്‌സിബിഷൻ സംഘടിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ ചരിത്രം, ഇൻഡ്യയുടെ ചരിത്രം, കേരളത്തിന്റെയും വേണാടിന്റെ തലസ്ഥാനമായിരുന്ന കൊല്ലത്തിന്റെയും ചരിത്രം എന്നിവ അനാവരണം ചെയ്യുന്ന എക്‌സിബിഷൻ കൊല്ലത്തെ സംബന്ധിച്ചിടത്തോളം ജില്ലയുടെ ഇന്നലെയുടെയും ഇന്നിന്റെയും ചരിത്രം ഒന്നുപോലും വിടാതെ വിശദീകരിക്കും. ഒപ്പം നാളെയുടെ, സമസ്ത മേഖലകളിലെയും സാധ്യതയും തുറന്നുകാട്ടുന്ന ഒന്നായിരിക്കും. ടൂറിസം മേഖലയിൽ കൊല്ലത്തെ കേരളത്തിന്റെ ഒരു ഹബ് ആക്കിമാറ്റുവാൻ കഴിയുംവിധമാണ് എക്‌സിബിഷനും അനുബന്ധ പരിപാടികളുമെല്ലാം പ്രധാനമായും സംഘടിപ്പിച്ചിട്ടുള്ളത്.
ഇരുപത്തിഅയ്യായിരം റെഡ് വോളണ്ടിയർമാർ പങ്കെടുക്കുന്ന മാർച്ചും രണ്ട് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന ബഹുജന റാലിയും സമ്മേളനവും ആശ്രാമം മൈതാനത്ത് നടക്കും. കയ്യൂരിൽ നിന്ന് എം. സ്വരാജിന്റെ നേതൃത്വത്തിലാണ് പതാക ജാഥ വരുന്നത്. പുന്നപ്ര വയലാറിൽ നിന്ന് ദീപശിഖയും, ശൂരനാട്ടുനിന്ന് സ. സി.എസ്. സുജാതയുടെ നേതൃത്വത്തിൽ സമ്മേളന നഗറിലേക്കുള്ള കൊടിമരവും എത്തിച്ചേരും. ദീപശിഖാറാലിക്ക് നേതൃത്വം നൽകുന്നത് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായ ബിജുവാണ്.
കൊല്ലം ജില്ലയിൽ പാർട്ടിക്ക് 26 രക്തസാക്ഷികളാണുള്ളത്. ആ രക്തസാക്ഷികളുടെ മണ്ഡലങ്ങളിൽ നിന്ന് നൂറുകണക്കിന് അത്‌ലറ്റുകളാണ് ദീപശിഖയുമായി ഓടിവരുന്നത്. ഈ എല്ലാ ദീപശിഖകളേയും പുന്നപ്ര- വയലാറിൽ നിന്നും വരുന്ന ദീപശിഖയോടൊപ്പം സമ്മേളനഗറിൽ സ്ഥാപിക്കും. അങ്ങനെ ഒരു പുതിയ രൂപത്തിലാണ് പാർട്ടിയുടെ സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ച് നടത്തുവാൻ വേണ്ടി തീരുമാനിച്ചിരിക്കുന്നത്.
? ഈ സമ്മേളനം കേരള രാഷ്ട്രീയത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തായിരിക്കും.
കേരളത്തിൽ ഇന്ന് അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫ് സർക്കാർ ഒൻപതുവർഷം പൂർത്തീകരിച്ചിരിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. അടുത്ത 6 മാസക്കാലത്തിനിടയിൽ നടക്കാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കേരളത്തിൽ ഇന്നുള്ളതിനേക്കാൾ മുന്നോട്ടുപോകുവാനും, ഒരു കൊല്ലക്കാലത്തിനിടയിൽ എൽ.ഡി.എഫ് സർക്കാർ പത്തുകൊല്ലം പൂർത്തീകരിച്ചശേഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ 3-ാം തവണയും അധികാരത്തിൽ വരാനുള്ള രാഷ്ട്രീയ സാഹചര്യം ശക്തിപ്പെടുത്തുവാനുമുള്ള നിലയിലേക്കാണ് സമ്മേളനം നടക്കുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 ൽ 9 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയിക്കുകയും കരുനാഗപ്പള്ളിയും കുണ്ടറയും നഷ്ടപ്പെട്ടുപോവുകയും ചെയ്ത സാഹചര്യമാണുണ്ടായത്. ആ 9 നിലനിർത്തുവാനും മറ്റ് രണ്ടിടത്ത് കൂടി വിജയം കരസ്ഥമാക്കുവാൻ കഴിയത്തക്കനിലയിലുള്ള സംഘടനാപ്രവർത്തനങ്ങളും പരിപാടികളും ഈ സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടാകും.
? ദേശീയ രാഷ്ട്രീയത്തിൽ നാഴികക്കല്ലായി മാറാവുന്ന വിഷയങ്ങളും ചർച്ച ചെയ്യപ്പെടും എന്ന് കരുതാമോ. അങ്ങനെയെങ്കിൽ കൊല്ലം സമ്മേളനം പാർട്ടിയുടെ ചരിത്രമാകില്ലേ.
23-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം അധികാരത്തിലിരിക്കുന്ന ബി.ജെ.പിയെ താഴെയിറക്കുക എന്നുള്ളതാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ല. ബി.ജെ.പിക്ക് 240 ഉം സഖ്യകക്ഷികൾക്ക് 52 ഉം സീറ്റാണ് കിട്ടിയത്. അങ്ങനെ 292. ഇരുപത് എം.പിമാർ ബി.ജെ.പിയുടെ ഭാഗത്തുനിന്നും മാറിയാൽ മോദിയുടെ ഭരണം താഴെപ്പോകും.
ഇൻഡ്യാമുന്നണിക്ക് 238 സീറ്റാണുള്ളത്. 272 എന്ന കേവല ഭൂരിപക്ഷത്തിന് 34 കൂടി വേണം. അതായത് എൻ.ഡി.എയ്ക്ക് 42.5 ശതമാനം വോട്ടുകിട്ടിയപ്പോൾ ഇൻഡ്യാമുന്നണിക്ക് 40.6 ശതമാനം കിട്ടി. 2 ശതമാനത്തിന്റെ മാത്രം വ്യത്യാസമാണ് നിലവിലുള്ളത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുവാൻ കഴിയത്തക്ക നിലയിലുള്ള ചർച്ചയും കാര്യങ്ങളുമെല്ലാം നടക്കും.
എന്നാൽ രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നത് സംസ്ഥാന സമ്മേളനത്തിലല്ല, മൂന്നുകൊല്ലക്കാലത്തേയ്ക്കുള്ള രാഷ്ട്രീയ നിലപാടെടുക്കുന്ന രാഷ്ട്രീയപ്രമേയം കേന്ദ്രകമ്മിറ്റിയാണ് പുറത്തുവിടുന്നത്. പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്ത് അംഗീകരിക്കേണ്ട കരടുപ്രമേയം പാർട്ടി മെമ്പർമാരുടെ അഭിപ്രായം കേട്ട് ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസ് ആണ് ചർച്ച ചെയ്ത് അംഗീകരിക്കുന്നത്.
? 6 മാസം കഴിയുമ്പോൾ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും അടുത്ത ഒരു കൊല്ലത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമ്പോൾ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്ന സാഹചര്യമാണോ പാർട്ടിക്കുള്ളത്.
ജനങ്ങളുടെ സ്വാധീനം ഇന്നുള്ളതിനേക്കാൾ വർദ്ധിപ്പിക്കാനും, എൽ.ഡി.എഫിന് അനുകൂലമായ ഒരു ആശയമണ്ഡലം ശക്തിപ്പെടുത്താനും കഴിയുംവിധത്തിലുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് സംസ്ഥാന സമ്മേളനത്തിന്റെ വിവിധ രൂപത്തിലുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി ലക്ഷ്യമിടുന്നത്.
? കേരളത്തിലും ബി.ജെ.പിയുടെ വളർച്ച ത്വരിതഗതിയിലാണെന്ന് സി.പി.ഐ-എം കാണുന്നുണ്ടോ.
കോൺഗ്രസ് എന്നുപറയുന്ന രാഷ്ട്രീയപ്രസ്ഥാനം തെറ്റായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി അവരുടെ കേന്ദ്രങ്ങൾ ദുർബലപ്പെടുകയും അതിൽ മഹാഭൂരിപക്ഷം വോട്ട് ബി.ജെ.പിയിലേക്ക് ഒഴുകുകയും ചെയ്യുന്ന സാഹചര്യം ഇൻഡ്യാരാജ്യത്തുണ്ടായിട്ടുണ്ട്. കേരളത്തിലും 19.5 ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായി. അതിനെ മുറിച്ചുകടക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
? പാർട്ടിയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളിൽ ഒരു ആത്മപരിശോധന നടത്തിയാൽ എൽ.ഡി.എഫ് ഭരണത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.
സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനഭരണം ഇൻഡ്യാരാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി എല്ലാ ജനവിഭാഗങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. പട്ടിണിമരണങ്ങൾ ഇല്ലാത്ത ഒരു സംസ്ഥാനമാണ്. പാവപ്പെട്ടവർക്ക് ക്ഷേമാശ്വാസങ്ങൾ ലഭിക്കുന്ന സംസ്ഥാനമാണ്. ഇവിടെ വർഗ്ഗീയ കലാപങ്ങൾ നടക്കുന്നില്ല. മെച്ചപ്പെട്ട വിദ്യാഭ്യാസം കരസ്ഥമാക്കാനും, ആർക്ക് അസുഖമുണ്ടായാലും സൗജന്യമായി ചികിത്സ ലഭിക്കുകയും ചെയ്യുന്ന ഒരു നാടാണിത്. ഒരു പൗരബോധം ജനങ്ങളിൽ നന്നായി ഉയർന്നുവന്നിട്ടുണ്ട്.
1 മുതൽ +2 വരെ പഠിക്കാൻ കഴിയുന്ന നിലയിലേക്ക് കേരളീയ സമൂഹത്തിൽ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് ലോകത്ത് ഏത് രാജ്യങ്ങളിൽ പോകാനും, അവിടെ പഠിക്കാനും, തൊഴിൽ നേടാനും കഴിയത്തക്ക നിലയിലേക്ക് ഇംഗ്ലീഷ് ഭാഷയിലടക്കം പ്രാവീണ്യം നേടാൻ, കഴിഞ്ഞ കാലഘട്ടങ്ങളിലെ എൽ.ഡി.എഫിന്റെ ഭരണം കൊണ്ട് കേരളത്തിലെ യുവജനങ്ങൾക്ക് കഴിഞ്ഞു. അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ കുട്ടികൾ വിദേശരാജ്യങ്ങളിലേക്കടക്കം പോകാനുള്ള കരുത്തും പ്രാപ്തിയും നേടിയത്.
ആ നിലയിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. കേന്ദ്രം ഏത് നിലയിൽ തെറ്റായ നിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാൻ പരിശ്രമിച്ചാലും അതിനെ അതിജീവിച്ചുകൊണ്ടാണ് കേരളത്തിലെ എൽ.ഡി.എഫ് ഭരണം മുന്നോട്ടുപോകുന്നത്. ജനങ്ങൾക്ക് പൊതുവിൽ സ്വീകാര്യവും വിശ്വാസകരവുമായ നിലയിൽ തന്നെയാണ് ഭരണം പൊയ്‌ക്കൊണ്ടിരിക്കുന്നത്.
? കേരളത്തിൽ നിന്നുള്ള യുവാക്കൾ വിദേശങ്ങളിലേക്ക് കടക്കുന്നത്, ഇവിടെ പഠിച്ചാലും ജോലി കിട്ടാത്തതുകൊണ്ടും, ഇവിടത്തെ രാഷ്ട്രീയ പ്രസരം സഹിക്കാൻ വയ്യാത്തതുകൊണ്ടുമല്ലെ.
ഒരു കാര്യത്തെ ഏത് നിലയിൽ വേണമെങ്കിലും വ്യാഖ്യാനിക്കാം. അൻപതുകൊല്ലം മുൻപ് നമ്മുടെ നാട്ടൽ നിന്ന് അമേരിക്കയിലും ബ്രിട്ടനിലുമടക്കം വിദേശത്തേയ്ക്ക് പോയിരുന്നത് ബാരിസ്റ്റർമാരുടെ മക്കളായിരുന്നു. ഭൂപ്രഭുക്കളുടെ മക്കളായിരുന്നു. ഇന്ന് ആ അവസ്ഥ മാറി. എങ്ങനെ മാറി എന്നുചോദിച്ചാൽ '57 ലെ ഇ.എം.എസ് ഗവൺമെന്റ് സ്വകാര്യമേഖലയിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകി. '67-'69 കാലഘട്ടത്തിൽ 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടി 6 രൂപ ഫീസ് കൊടുക്കണമായിരുന്നു. ഒരു മാസം ഫീസ് കൊടുത്തില്ലെങ്കിൽ 25 പൈസ കൂട്ടി 6.25 രൂപ കൊടുക്കണമായിരുന്നു. അത് മാറി സൗജന്യവിദ്യാഭ്യാസം എന്ന നില വന്നപ്പോഴാണ് 1 മുതൽ 10 വരെ കേരളത്തിലെ കുട്ടികൾ പഠിക്കുന്ന നിലവന്നത്.
ഇന്ന് എത്ര പ്രയാസം സഹിച്ചായാലും കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണമെന്ന ബോധം, പത്തുമുപ്പതുകൊല്ലമായി കേരളത്തിലെ ഏതൊരു ശരാശരി രക്ഷകർത്താവ് പോലും ചിന്തിക്കുന്നു. അതിന്റെ ഭാഗമായി എന്റെയും നിങ്ങളുടെയും മക്കൾ ആണും പെണ്ണും, ഏത് രാജ്യത്ത് പോകാനും പഠിക്കാനും തൊഴിൽ നേടാനും ഇന്ന് പ്രാപ്തരാണ്. ഇംഗ്ലീഷ് ഭാഷയടക്കം പഠിക്കാൻ അവസരം ലഭിച്ചതും ഒരു പ്രധാന കാരണമാണ്.
? പാർട്ടി പ്രതിപക്ഷത്തിരുന്നപ്പോൾ എന്തിനെയൊക്കെ എതിർത്തോ ഭരണത്തിലെത്തിയപ്പോൾ അതിനെയൊക്കെ മറ്റൊരു പേരിൽ കെട്ടിയെഴുന്നെള്ളിക്കുന്ന നിലപാടാണല്ലോ സി.പി.ഐ-എം സ്വീകരിക്കുന്നത്.
അത് ശരിയല്ല. എന്തുകൊണ്ടെന്നാൽ നമ്മുടെ നാട്ടിൽ കർഷകത്തൊഴിലാളികൾക്ക് ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ, ചെയ്യുന്ന ജോലിക്ക് കൂലി പ്രതിഫലമായി വാങ്ങിക്കൊണ്ടുമാത്രമേ ഭക്ഷണം കഴിക്കാൻ പോലും കഴിയൂ എന്ന അവസ്ഥ നിലനിന്നപ്പോൾ മറ്റ് പ്രദേശങ്ങളിൽ നിന്ന് ആളുകൾ വന്ന് ജോലി ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നതായിരുന്നു സ്ഥിതി. ഓരോ കാലഘട്ടത്തിലും നിലനിന്നിരുന്ന തൊഴിലിന്റെയും മറ്റ് സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഓരോ ഘട്ടങ്ങളിലും നിലപാട് സ്വീകരിച്ചിരുന്നത്. ശാസ്ത്ര-സാങ്കേതിക മേഖലയുടെ വളർച്ചയുടെയും വികാസത്തിന്റെയും ഭാഗമായി ലോകത്തും ഇൻഡ്യയിലും നമ്മുടെ നാട്ടിലും പുരോഗതി വന്നു. അപ്പോൾ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മാറിയ സാഹചര്യത്തിനനുസരിച്ച് നിലപാട് സ്വീകരിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. അത്രകണ്ട് സമൂഹത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.
വിദ്യാഭ്യാസം മെച്ചപ്പെട്ട നിലയിൽ വന്നതുകൊണ്ട്, ആത്മധൈര്യം ലഭിക്കുന്ന അവസ്ഥയിലേക്ക് പുത്തൻ തലമുറയിൽ ഒരു ബോധം വന്നിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഏത് തെറ്റിനും എതിരെ നിലപാടെടുക്കുന്ന നിലയിലേക്ക് കുട്ടികളിൽ ഒരാത്മബോധം വന്നിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉയർന്ന രൂപത്തിലേക്ക് വന്നിട്ടുണ്ട്. 25 കൊല്ലം മുൻപ് കേരളത്തിന്റെ തെരുവുകൾ പുരുഷമയമായിരുന്നു. സ്ത്രീവിരുദ്ധമായിരുന്നു. എന്നാൽ ഏത് പാതിരാത്രിയിലും സ്ത്രീകൾക്ക് എവിടെപ്പോകാനും ജോലി ചെയ്യാനും കഴിയുന്ന തുല്യതയും കാര്യങ്ങളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇന്നിവിടുണ്ട്.
? കൊല്ലത്ത് കടലിൽ മണൽഖനനം നടത്താനുള്ള കേന്ദ്രനീക്കം മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമാണെന്നറിയുമ്പോഴും സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ പ്രതികരണം ഉണ്ടാകുന്നില്ല എന്നാണല്ലോ ആക്ഷേപം.
ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം കടലിലെ വെള്ളമണൽ ഖനനം ചെയ്ത് വീട് നിർമ്മിക്കാൻ നൽകും എന്ന നിലയിലാണ് കേരളത്തിലെ നാല് കേന്ദ്രങ്ങളിൽ ഖനനം നടത്തുന്നതിനുവേണ്ടി കൊച്ചിയിൽ നടന്ന ഒരു യോഗത്തിൽ തീരുമാനം എടുത്തത്. ഏറ്റവും പ്രധാനമായി കൊല്ലം തീരപ്രദേശം എന്നുപറഞ്ഞാൽ വർക്കല തൊട്ട് ആലപ്പുഴ വരെ വരുന്ന 85 കിലോമീറ്റർ തീരപ്രദേശമാണ്. വെള്ളമണൽ ഖനനം ചെയ്‌തെടുക്കും എന്ന ആശയത്തോടുകൂടി ആഴക്കടൽ ഖനനം ചെയ്ത്, അവിടുള്ള ധാതുലവണങ്ങളടക്കം എടുക്കാം എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും. ആറാട്ടുപുഴ, ആലപ്പുഴയുടെ തീരം, ചവറ തീരപ്രദേശം എന്നിവിടങ്ങളിലാണ് ഇൽമനൈറ്റ്, മോണോസൈറ്റ്, തോറിയം ഏറ്റവും കൂടുതലുള്ളത്. സ്വാഭാവികമായും മലയോരങ്ങളിൽ നിന്ന് ഒഴുകിവരുന്ന മണൽ കടലും കായലുമുള്ള പ്രദേശത്താണ് വന്നുപതിക്കുന്നത്.
ആ നിലയിൽ ഖനനം നടത്തുന്നതുകൊണ്ട് മത്സ്യത്തിന്റെ ആവാസവ്യവസ്ഥയും ഖനനത്തിനുമടക്കം വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. അതുകൊണ്ട് മത്സ്യസമ്പത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്ന കൊല്ലം കടൽത്തീരത്ത് ഈ പദ്ധതിയടക്കം വരുന്നതോടുകൂടി ഉൽപ്പാദനം കുറയും. ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ ഉപജീവനം മുട്ടും. വെള്ളമണൽ എടുക്കുന്നു എന്ന നിലയിൽ കടൽ ഖനനം ചെയ്യുന്നത് വലിയ കൊള്ളയും പ്രതിസന്ധിയും സൃഷ്ടിക്കും. അതുകൊണ്ടാണ് അതിനെതിരായിട്ടാണ് മത്സ്യത്തൊഴിലാളികൾക്കിടയിൽ നിന്ന് വിവിധ രൂപത്തിലുള്ള സമരപരിപാടികൾ ഉയർന്നുവരുന്നത്. ഈ ഖനനത്തിനെതിരെ കൊല്ലം- തിരുവനന്തപുരം- ആലപ്പുഴ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ പങ്കെടുത്ത അതിശക്തമായ പ്രതിരോധമാണ് ഇക്കഴിഞ്ഞ 8 ന് കൊല്ലം കടപ്പുറത്ത് സി.പി.ഐ-എം. പി.ബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തത്.