
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. വോട്ടർമാരെ സ്വാധീനിക്കാൻ വികസനവും വിവാദങ്ങളും ചർച്ചയാക്കാനിരുന്ന മുന്നണികളെ മാറിമറിയുന്ന അന്വേഷണങ്ങൾ മുൾമുനയിൽ നിർത്തുകയാണ്. ശബരിമല സ്വർണക്കൊള്ളക്കേസിൽ എൽ.ഡി.എഫ് പ്രതിരോധത്തിലാകുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് യു.ഡി.എഫിന് കനത്ത തിരിച്ചടിയാകുന്നു.
സ്വർണക്കൊള്ള അന്വേഷണം ഭരണപക്ഷത്തേക്ക്
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രിയുടെ മൊഴികളാണ് എൽ.ഡി.എഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്.
പ്രത്യേക അന്വേഷണ സംഘം (SIT) മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് എന്നിവരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു.
തന്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയ മറ്റു പ്രമുഖർ ആരൊക്കെയാണെന്ന വിവരങ്ങൾ പുറത്തുവരുന്നതോടെ കൂടുതൽ ഉന്നതർ കുരുക്കിലാകാൻ സാധ്യതയുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും കോൺഗ്രസിലെ ഭിന്നതയും
യുത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കി.
പീഡന ആരോപണം ഉയർന്നയുടൻ രാഹുലിനെതിരെ കർശന നിലപാട് സ്വീകരിച്ച വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ നീക്കം പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയായിട്ടുണ്ട്.
എന്നാൽ കെ.പി.സി.സി അധ്യക്ഷനും യു.ഡി.എഫ് കൺവീനറും ഉൾപ്പെടെയുള്ളവർ രാഹുലിനെ സംരക്ഷിക്കാൻ ശ്രമിച്ചതും, ഇപ്പോൾ സരിനും സനോജും ഉന്നയിക്കുന്ന പുതിയ ആരോപണങ്ങളും വടകര എം.പി ഷാഫി പറമ്പിലിലേക്കും വിരൽ ചൂണ്ടുന്നു.
കളം മാറ്റിച്ചവിട്ടി ബി.ജെ.പി
ഇത്രയും കാലം വികസന മുദ്രാവാക്യമുയർത്തിയ ബി.ജെ.പി, ശബരിമല വിഷയം വീണ്ടും ഉയർത്തുന്നതിലൂടെ രാഷ്ട്രീയ ലാഭമാണ് ലക്ഷ്യമിടുന്നത്.
ശബരിമല സ്വർണക്കൊള്ള കേസ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ഇതിന്റെ സൂചനയാണ്.
ശബരിമല ഒരു ദേശീയ വിഷയമാണെന്ന് പ്രഖ്യാപിച്ചതിലൂടെ ഹിന്ദു വോട്ടുകൾ ഏകീകരിക്കാനാണ് ബി.ജെ.പി നീക്കം.
എത്തിക്സ് കമ്മിറ്റി നിലപാട് നിർണായകം
രാഹുലിനെതിരായ നടപടികൾ സഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കിയതോടെ വരും ദിവസങ്ങൾ രാഷ്ട്രീയ കേരളത്തിന് നിർണായകമാകും.











