08:57am 15 September 2026
NEWS
എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; വയനാടൻ രാഷ്ട്രീയം വീണ്ടും കലുഷമാകുന്നു
16/10/2025  12:15 PM IST
കോയാമു കുന്നത്ത്
എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; വയനാടൻ രാഷ്ട്രീയം വീണ്ടും കലുഷമാകുന്നു

വയനാട് ജില്ലയിലെ കോൺഗ്രസ്(ഐ) ജില്ലാ കമ്മിറ്റിയിലെ ഗ്രൂപ്പ് തർക്കങ്ങൾ പുതിയ അർത്ഥതലങ്ങളിലേക്ക് നീങ്ങിയതിന് പിന്നാലെ സഹകരണസംഘങ്ങളുടെ പ്രവർത്തനങ്ങൾ മുൻനിർത്തി എൽ.ഡി.എഫും യു.ഡി.എഫും ജില്ലയിൽ കൊമ്പുകോർക്കുന്നു. കോൺഗ്രസ് നേതാക്കളുടെ അഴിമതികളുടെയും ഗ്രൂപ്പിസത്തിന്റെയും ഭാഗമായി നടന്ന ആത്മഹത്യകൾ, ആത്മഹത്യാശ്രമങ്ങൾ, കയ്യേറ്റങ്ങൾ, വ്യാജക്കേസ് തുടങ്ങിയവയിൽനിന്ന് ശ്രദ്ധ തിരിക്കാനായി കെ.പി.സി.സി- എ.ഐ.സി.സി നേതൃത്വങ്ങൾ തന്നെ രംഗത്തിറങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് യു.ഡി.എഫും എൽ.ഡി.എഫും പുതിയ സമരമുഖങ്ങൾ തുറന്നിരിക്കുന്നത്.

പുൽപ്പള്ളി പഞ്ചായത്തംഗം ആത്മഹത്യചെയ്ത സംഭവത്തിൽ സ്ഥലം എം.പി കൂടിയായ പ്രിയങ്കാഗാന്ധി കുടുംബാംഗങ്ങെള ഹോട്ടലിൽ വിളിച്ചുവരുത്തി നടത്തിയ ചർച്ചയെ തുടർന്ന് കുടുംബാംഗങ്ങൾക്കിടയിൽ നിന്നുള്ള പരസ്യപ്രതിഷേധത്തിന് താൽക്കാലിക വിരാമമിട്ടിരിക്കുകയാണ്. പ്രശ്‌നപരിഹാരങ്ങളുടെ ഭാഗമായി ഡി.സി.സി പ്രസിഡന്റായിരുന്ന എൻ.ഡി. അപ്പച്ചനെ തൽസ്ഥാനത്തുനിന്ന് യാതൊരു അറിയിപ്പും നൽകാതെ മാറ്റുകയും, എ.ഐ.സി.സി അംഗമായി ഉയർത്തുകയും ചെയ്തിരിക്കയാണ്. ഇതോടൊപ്പം തന്നെ ആത്മഹത്യ ചെയ്ത ഡി.സി.സി ജില്ലാ ട്രഷറർ എൻ.എം. വിജയന്റെ പേരിലുണ്ടായിരുന്ന വിവാദലോൺ തുകയായ 60 ലക്ഷം രൂപ കെ.പി.സി.സി നേതൃത്വം അടയ്ക്കുകയും ചെയ്തിരിക്കുന്നു. ഇതിനോടൊപ്പം 'മുള്ളൻകൊല്ലി- പുൽപ്പള്ളി പഞ്ചായത്തുകളിലും ഗ്രൂപ്പിസം സംബന്ധിച്ച് അന്വേഷിക്കാൻ കെ.പി.സി.സി സജീവ് ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജമീല ആലപ്പാറ എന്നിവരെ ചുമതലപ്പെടുത്തി നേതൃത്വം കയ്യൊഴിയുകയാണ് ചെയ്തിട്ടുള്ളത്. 

ഇതേസമയം വ്യാജക്കേസിൽ കുടുങ്ങി 17 ദിവസം ജയിലിൽ കഴിഞ്ഞ കാനാട്ടുമല തങ്കച്ചന്റെ ആരോപണങ്ങളും ജയിൽവാസം സംബന്ധിച്ച കേസും കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി തുടരുകയാണ്. ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇതിലെ വിവരങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി തുടരുകയാണ്. ഇതോടൊപ്പം വ്യാജക്കേസിന് പ്രധാനമായും ചുക്കാൻ പിടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അനീഷ് മാമ്പിള്ളി പോലീസ് പിടിയിലാവുകയും, റിമാൻഡിൽ കഴിയുകയുമാണ്. പ്രസ്തുത വ്യാജക്കേസ് സംബന്ധിച്ച കേസന്വേഷണത്തിൽ അനീഷ് മാമ്പിള്ളിയുടെ മൊഴികളെ കോൺഗ്രസ്സ് നേതൃത്വം ഭീതിയോടെയാണ് കാണുന്നത്. ആത്മഹത്യചെയ്ത ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പും കോൺഗ്രസ് നേതൃത്വത്തിന് കടുത്ത തലവേദനയായി മാറിയിക്കുകയാണ്. ഡി.സി.സി ജില്ലാട്രഷറർ എൻ.എം. വിജയന്റെ പേരിലുണ്ടായിരുന്ന ബാങ്ക് വായ്പ കെ.പി.സി.സി നേതൃത്വം അടച്ചതിനെച്ചൊല്ലിയും പ്രതിഷേധസ്വരങ്ങൾ ഉയരുന്നുണ്ട്. 

എൻ.എം. വിജയൻ ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ച അഴിമതി ആരോപണങ്ങൾ പൂർണ്ണമായും കെ.പി.സി.സി ഫലത്തിൽ അംഗീകരിക്കുകയായിരുന്നു. ഇതേസമയം നിയമനത്തിന് കോഴവാങ്ങി വീതംവയ്പ് നടത്തിയെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, പി.സി.ഗോപിനാഥ് മാസ്റ്റർ എന്നിവർക്കെതിരെ ഒരക്ഷരം ഉരിയാടാൻ കെ.പി.സി.സി തയ്യാറായിട്ടില്ല. അഴിമതി നടത്തിയവരിൽനിന്ന് പണം ഈടാക്കുന്നതിന് പകരം കെ.പി.സി.സി ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ബാങ്കിൽ അടച്ച് അഴിമതിക്കാരെ സംരക്ഷിച്ചതിനെതിരെ ജില്ലയിൽ അമർഷം പുകയുന്നുണ്ട്. ജില്ലാ ട്രഷററുടെയും മകന്റെയും ആത്മഹത്യയും, മരുമകളുടെ ആത്മഹത്യാശ്രമത്തെയും മുൻനിർത്തി ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും സൈബർ പോരാളികളും പടച്ചുവിട്ട ന്യായീകരണങ്ങളും, ആക്രമണങ്ങളും ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തെ തിരിഞ്ഞ് കുത്തുകയാണ്. 

വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് നേരിടേണ്ടിവരുന്ന പ്രധാന വിഷയങ്ങളിലൊന്നായി ആത്മഹത്യകളും അനുബന്ധ സംഭവങ്ങളും നിലനിൽക്കും. തെരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ പരസ്യപ്രസ്താവനകൾക്കും ഗ്രൂപ്പ് പോരാട്ടങ്ങൾക്കും പരസ്യമായി വിലക്ക് ഏർപ്പെടുത്തി താൽക്കാലികമായി മുഖം രക്ഷിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ബാങ്ക് നിയമനങ്ങളുമായി ബന്ധപ്പെട്ട് പണം തട്ടിയെടുത്ത നേതാക്കൾക്കെതിരെ നടപടി എടുക്കാതിരിക്കുകയും ആരോപണത്തിന് വിധേയനായ എൻ.ഡി.അപ്പച്ചനെ എ.ഐ.സി.സി അംഗമായി ഉയർത്തിയ നടപടിയിലും കെ.പി.സി.സി നേതൃത്വത്തിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്.

കോൺഗ്രസ് നേതൃത്വത്തിന്റെ പേരിൽ ഉയർന്ന ആരോപണങ്ങൾ മുൻനിർത്തി സി.പി.എംന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് പ്രതിഷേധങ്ങൾ ശക്തിപ്പെടുത്തുന്നനിടയിലാണ് സി.പി.ഐ(എം) നേതൃത്വത്തിൽ നടന്നുവന്നിരുന്ന ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി യു.ഡി.എഫ് സമരരംഗത്തിറങ്ങിയിരിക്കുന്നത്. ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ കോൺഗ്രസും യു.ഡി.എഫും ഉയർത്തുന്ന സമരങ്ങൾക്കിടയിലാണ് കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കെ.കെ. അബ്രഹാം പ്രസിഡന്റായിരുന്ന പുൽപ്പള്ളി കോ- ഓപ്പറേറ്റീവ് ബാങ്കിലെ അഴിമതികൾ മുൻനിർത്തിയുള്ള സമരവും ശക്തമാവുന്നത്. ഇരുസമരങ്ങളെ സംബന്ധിച്ച ആരോപണപ്രത്യാരോപണങ്ങൾ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഉലക്കുകയാണ്.

കെ.പി.സി.സി(ഐ) ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം പ്രസിഡന്റായിരുന്ന പുൽപ്പള്ളി സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിന് മുന്നിൽ വായ്പാ തട്ടിപ്പിന് ഇരയായവരുടെ നിരാഹാര സത്യാഗ്രഹത്തിന് കൂടുതൽ ജനപങ്കാളിത്തം വർദ്ധിച്ചുവരികയാണ്. വായ്പാ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ആത്മഹത്യചെയ്ത കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായരുടെ പിതാവ് 95 വയസ്സുകാരനായ ശ്രീധരൻനായർ ബാങ്കിന് മുന്നിൽ നിരാഹാരസമരം ആരംഭിച്ചതോടെയാണ് പുൽപ്പള്ളി വായ്പ തട്ടിപ്പ് വീണ്ടും ജനശ്രദ്ധ നേടിയത്. രാജേന്ദ്രൻ നായരെന്ന കർഷകന്റെ ആത്മഹത്യയെ തുടർന്നാണ് ബാങ്കിൽ നടന്നുവന്നിരുന്ന വായ്പാ തട്ടിപ്പുകൾ പുറംലോകമറിഞ്ഞത്. പ്രതിഷേധങ്ങളെ തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ 10 കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പുകളാണ് പുറത്തുവന്നത്. ഇവയ്ക്ക് പുറമെ നിരവധി വ്യാജ അയൽക്കൂട്ടങ്ങളുടെ പേരിൽ 1.25 കോടിയോളം രൂപയുടെ വെട്ടിപ്പ് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. 

കർഷകന്റെ ആത്മഹത്യ മുൻനിർത്തി ഉയർന്നുവന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ ബാങ്ക് ഭരണസമിതിയും, അധികാരികളും നൽകിയ ഒത്തുതീർപ്പുവ്യവസ്ഥകൾ പാലിക്കാത്തതും, നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് വായ്പ തട്ടിപ്പിനിരയായവർ നിരാഹാര സമരവുമായി രംഗത്ത് വന്നത്. സമരത്തിന്റെ ആദ്യദിവസം 95 കാരനായ ശ്രീധരൻ നായർ നിരാഹാര സമരം ആരംഭിച്ചതോടെ നിരവധി സംഘടനകൾ ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നു. നിരാഹാരസമരം ഏതാനും ദിവസം പിന്നിട്ടതോടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്ത് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശ്രീധരൻ നായരെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത രാജേന്ദ്രൻനായരുടെ ഭാര്യ ജലജ ബാങ്കിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വായ്പാ തട്ടിപ്പിന് ഇരയായവരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരത്തിന് സി.പി.ഐ(എം) പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെ സമരത്തിന് രാഷ്ട്രീയമുഖം കൈവന്നിരിക്കുകയാണ്.

പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് സംബന്ധിച്ച വിവാദങ്ങളും പ്രക്ഷോഭങ്ങളും ഉയർത്തിയ വിവാദങ്ങൾ നേരിടാനാകാതെ പകച്ചുനിന്ന കോൺഗ്രസ് നേതൃത്വം കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പ്രവർത്തനം നിലച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ പ്രക്ഷോഭം നയിച്ചുകൊണ്ട് സി.പി.എംനെയും എൽ.ഡി.എഫിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുൽപ്പള്ളിയിൽ സി.പി.ഐ(എം) സമരം നടത്തുന്ന ജനകീയ സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടെ സുൽത്താൻബത്തേരിയിൽ ബ്രഹ്മഗിരി സൊസൈറ്റിക്കെതിരായ സമരം ശക്തമാക്കിയിരിക്കയാണ് യു.ഡി.എഫ്. ഇതോടുകൂടി സഹകരണ സംഘങ്ങൾ മുൻനിർത്തി എൽ.ഡി.എഫും യു.ഡി.എഫും ജില്ലയിൽ സമരങ്ങളുടെയും പ്രസ്താവനകളുടെയും വേലിയേറ്റം സൃഷ്ടിച്ച് സമരമുഖങ്ങൾ കടുപ്പിക്കുകയാണ്. 1999 ലാണ് സി.പി.ഐ(എം) നേതാവും മുൻ എം.എൽ.എയുമായ പി.വി. വർഗീസ് വൈദ്യരുടെ നേതൃത്വത്തിൽ ബ്രഹ്മഗിരി സൊസൈറ്റി പ്രവർത്തനം ആരംഭിക്കുന്നത്. 

കർഷക ആത്മഹത്യകൾകൊണ്ടും കാർഷിക മേഖലയിലെ പ്രതിസന്ധികൾ കൊണ്ടും ദുരിതത്തിലായ കർഷകരെ രക്ഷപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സൊസൈറ്റി രൂപീകരിച്ചത്. നബാർഡിന്റെയും സംസ്ഥാന സർക്കാരിന്റെ ബജറ്റ് പിന്തുണയും, ക്ഷീരവകുപ്പിന്റെ പിന്തുണയോടുകൂടിയുമാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. വിവിധങ്ങളായ പദ്ധതികളിലൂടെ കർഷകരുടെ ആത്മവീര്യം വർദ്ധിപ്പിക്കുന്നതിനും, മറ്റുമായി പ്രവർത്തനം ആരംഭിച്ച സൊസൈറ്റി മലബാർ മീറ്റ് എന്ന പേരിൽ വിവിധ ഇറച്ചികൾ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ വിപണിയിൽ രംഗത്തിറക്കിയ മലബാർ മീറ്റ് വിപണനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഫാക്ടറി പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനാവശ്യമായ പ്രവർത്തനമൂലധനം ഇല്ലാതെയാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. വിവിധ  സർക്കാർ പദ്ധതികൾ ഏകോപിപ്പിച്ച് നടപ്പിലാക്കിയും, ജനങ്ങളിൽനിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഫണ്ട് സംഭരിച്ചുമാണ് പ്രവർത്തനം നടത്തിയിരുന്നത്. 

ഇതിനിടയിൽ പി.വി. വർഗ്ഗീസ് വൈദ്യർക്ക് പകരം കർഷകസംഘം നേതാവായ കൃഷ്ണപ്രസാദ് എം.എൽ.എയുടെ നേതൃത്വത്തിൽ ബോർഡ് പുനഃസംഘടിപ്പിച്ചു. മലബാർ മീറ്റ് എന്ന പ്രോഡക്ട് സ്വീകാര്യത വർദ്ധിച്ചുവരുന്നതിനിടയിലാണ് കന്നുകാലികളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിന് തടസം നേരിട്ടത്. കേന്ദ്രത്തിൽ അധികാരമാറ്റം വന്നതോടെ കൂനിൻമേൽകുരുവെന്നപോലെ നോട്ടുനിരോധനം, പ്രളയങ്ങൾ, കോവിഡ് കാലപ്രതിസന്ധി തുടങ്ങിയവമൂലം സൊസൈറ്റിയുടെ പ്രവർത്തനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വയനാട് കാപ്പി, ചിക്കൻ, വിവിധ കൃഷികൾ, പച്ചപ്പുൽ നിർമ്മാണം തുടങ്ങി നിരവധി വൈവിധ്യപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഗതിപിടിച്ചില്ല. ഇതിനിടെ പണം നിക്ഷേപിച്ച പലരും പണം പിൻവലിക്കാൻ തീരുമാനിച്ചതോടെ രാഷ്ട്രീയവിവാദവും ഉയർന്നുവന്നു. 

സൊസൈറ്റിക്കെതിരെ അഴിമതി ആരോപണത്തിന് പകരം കെടുകാര്യസ്ഥത മുൻനിർത്തിയുള്ള ആരോപണങ്ങളാണ് ഉയർന്നുവന്നത്. സൊസൈറ്റിക്ക് പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനായി ചെയർമാനായിരുന്ന കൃഷ്ണപ്രസാദിന്റെ സ്വത്തുക്കൾ പണയപ്പെടുത്തി വായ്പ എടുക്കുകയും ചെയ്തിരുന്നു. ഇവയും ജപ്തി നടപടി നേരിടുകയാണ്. ഇതിനിടയിൽ സി.പി.എം പ്രവർത്തകനും മുൻജീവനക്കാരനുമായ ഒരു നിക്ഷേപകൻ പണം തിരിച്ച് കിട്ടാത്ത സാഹചര്യത്തിൽ സി.പി.ഐ(എം) ജില്ലാ കമ്മിറ്റി ആഫീസിന് മുമ്പിൽ ആത്മഹത്യ ചെയ്യുമെന്ന കത്ത് സി.പി.ഐ(എം) നേതാക്കൾക്ക് അയച്ചതോടെയാണ് കോൺഗ്രസും, യു.ഡി.എഫും പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങിയത്. കോൺഗ്രസ് നേതൃത്വം പ്രസ്തുത വിഷയം മുൻനിർത്തി മുമ്പ് സമരങ്ങൾ നടത്തിയിരുന്നെങ്കിലും ജനശ്രദ്ധ നേടിയിരുന്നില്ല. തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സമരം യു.ഡി.എഫ് ഏറ്റെടുക്കുകയും ചെയ്തതോടെ സഹകരണസംഘങ്ങൾ മുൻനിർത്തിയുള്ള സമരങ്ങൾകൊണ്ട് വയനാടൻ രാഷ്ട്രീയമേഖല സംഘർഷഭരിതമാവുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രധാന ആരോപണവിഷയങ്ങളായി ഇരുമുന്നണികളും പ്രചരണായുധങ്ങൾക്ക് മൂർച്ച കൂട്ടുകയുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img