
ദോഹ: ഖത്തർ നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി ബിൻ ഈസ അൽ ഹസൻ അൽ മുഹന്നദിയുടെ അധ്യക്ഷതയിൽ അഭിഭാഷക അഡ്മിഷൻ കമ്മിറ്റി യോഗം ചേർന്നു.
പരിശീലന ഘട്ടം വിജയകരമായി പൂർത്തിയാക്കിയ മൂന്ന് പുതിയ അഭിഭാഷകർ കമ്മിറ്റിക്കു മുൻപാകെ നിയമപരമായ സത്യപ്രതിജ്ഞ ചെയ്ത് അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ചു.തതുല്യ തൊഴിൽ മേഖലകളിൽ നിന്നുള്ള അഭിഭാഷകരെ പ്രാക്ടീസിംഗ് അഭിഭാഷകരുടെ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകളും പരിശീലനാർത്ഥികളായ അഭിഭാഷകരുടെ അപേക്ഷകളും യോഗം വിലയിരുത്തി.ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിക്ക് മുൻപാകെ ഹാജരാകാൻ അനുമതിയുള്ള അഭിഭാഷകനെ അപ്പീൽ കോടതിയിൽ ഹാജരാകാൻ തക്കവിധം രജിസ്ട്രേഷനിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷയും അംഗീകരിച്ചു. അഭിഭാഷകവൃത്തിയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഉപസമിതികളുടെ മിനിറ്റ്സും മറ്റ് കാര്യങ്ങളും കമ്മിറ്റി ചർച്ച ചെയ്തു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (Third National Development Strategy) എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തെ നിയമമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സ്വദേശി പ്രതിഭകളെ പ്രാപ്തരാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നീതിന്യായ മന്ത്രി യോഗത്തിൽ വ്യക്തമാക്കി.










