
ദോഹ: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഭൂമി ഇടപാടുകൾക്കും നഗര ആസൂത്രണത്തിനുമായി പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കി. ലാൻഡ് അഡ്മിനിസ്‌ട്രേഷൻ, സർവേയിംഗ് തുടങ്ങിയ മേഖലകളിലെ വിവിധ സേവനങ്ങളാണ് ഇനി മുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി ലഭ്യമാകുക.
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാനും പൊതുജനങ്ങൾക്ക് കാര്യാലയങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കാനുമാണ് ഈ നീക്കം.നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) വഴി ലോഗിൻ ചെയ്ത് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം. രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിലൂടെ പേപ്പർ ഉപയോഗം കുറയ്ക്കാനും വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനും സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന ഖത്തറിന്റെ ദീർഘകാല തന്ത്രത്തിന്റെ ഭാഗമായാണ് നഗര ആസൂത്രണ മേഖലയിലെ ഈ പുതിയ പരിഷ്കാരം. ഇത് ഉപഭോക്താക്കൾക്ക് സമയം ലാഭിക്കാനും കൂടുതൽ സുതാര്യമായ സേവനം ഉറപ്പാക്കാനും സഹായിക്കും.










