അധിനിവേശ മത്സ്യ നിർമാർജനത്തിനൊപ്പം ആദിവാസി സമൂഹത്തിന് വരുമാനമാർഗം
തേക്കടി: കേരളത്തിലെ ജലാശയങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും തദ്ദേശീയ മത്സ്യവർഗങ്ങൾക്കും ഭീഷണിയായി മാറിയ അധിനിവേശ മത്സ്യമായ ആഫ്രിക്കൻ മുഷിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും അതോടൊപ്പം ആദിവാസി സമൂഹങ്ങൾക്ക് സുസ്ഥിരമായ വരുമാനമാർഗം ഒരുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്ന നിർമാണ പരിശീലന പരിപാടിക്ക് തേക്കടിയിൽ തുടക്കമായി.
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്), കേരള വനം വകുപ്പ്, കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ICAR) പിന്തുണയോടെ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന്റെ (PTCF) സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജൂലൈ 8, 9 തീയതികളിൽ തേക്കടി മന്നാങ്കുടി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിശീലനത്തിൽ പ്രദേശത്തെ ആദിവാസി വനിതകൾ പങ്കെടുക്കുന്നു. അധിനിവേശ ആഫ്രിക്കൻ മുഷിയിൽ നിന്ന് ഉയർന്ന മൂല്യമുള്ള ഭക്ഷ്യോൽപ്പന്നങ്ങളും മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും ശാസ്ത്രീയമായി നിർമ്മിക്കുന്നതിനുള്ള പ്രായോഗിക പരിശീലനമാണ് നൽകുന്നത്.
കേരളത്തിലെ ജലാശയങ്ങളിൽ അധിനിവേശ മത്സ്യങ്ങളുടെ സാനിധ്യം കുറച്ചുകൊണ്ട് ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനൊപ്പം, അവയെ സാമ്പത്തിക മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി മാറ്റി ആദിവാസി സമൂഹങ്ങൾക്ക് സംരംഭകത്വവും സ്ഥിരവരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അധിനിവേശ ആഫ്രിക്കൻ മുഷിയെ ഇത്തരത്തിൽ ഫലപ്രദമായി വിനിയോഗിക്കുന്ന രാജ്യത്തെ ആദ്യ സംരംഭങ്ങളിലൊന്നാണിത്.
പരിശീലന പരിപാടിക്കൊപ്പം ജൂലൈ 10-ന് ഭക്ഷ്യമേളയും മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിക്കും. ഭക്ഷ്യമേള ജൂലൈ 11 വരെ തുടരും. ഇതോടൊപ്പം കുഫോസിലെയും കേരള സർവകലാശാലയിലെയും വിദ്യാർഥികളുടെ നേതൃത്വത്തിൽ പെരിയാർ നദിയിൽ മത്സ്യസർവേയും പുരോഗമിക്കുകയാണ്. ജലാശയങ്ങളിലെ മത്സ്യവൈവിധ്യവും അധിനിവേശ മത്സ്യങ്ങളുടെ വ്യാപനവും വിലയിരുത്തുന്നതിനുള്ള സർവേ ജൂലൈ 12 വരെ തുടരും.










