
തിരുവനന്തപുരം: നിലവിലെ കെ.പി.സി.സി ഓഫീസ് സെക്രട്ടറി വണ്ടന്നൂർ സുരേഷ് വിജയിച്ചതിന് ശേഷം 35 വർഷത്തെ ഇടവേളയിൽ കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനം വീണ്ടും കെ.എസ്.യുവിന്. കെ.എസ്.യു സ്ഥാനാർത്ഥി ആര്യശ്രീയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക സർവകലാശാല അസാധുവാക്കിയതോടെയാണ് ആര്യശ്രീയുടെ വിജയം.
ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി ഇതിനുമുമ്പ് അവസാനമായി വിജയിച്ച കെ.എസ്.യു സ്ഥാനാർത്ഥി വണ്ടന്നൂർ സുരേഷായിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം ഇപ്പോൾ കെ.പി.സി.സി ഓഫീസ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മൂന്നര പതിറ്റാണ്ടിന് ശേഷം അതേ പദവിയിലേക്ക് കെ.എസ്.യു പ്രതിനിധി എത്തുന്നത് സംഘടനയ്ക്ക് ശ്രദ്ധേയ നേട്ടമായി.
എസ്.എഫ്.ഐ സ്ഥാനാർത്ഥിയും എഫ്.വൈ.യു.ജി.പി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷെബിന്റെ സ്ഥാനാർത്ഥിത്വമാണ് റദ്ദാക്കിയത്. രണ്ടാം സെമസ്റ്ററിൽ സപ്ലിമെന്ററി പരീക്ഷ എഴുതാനുണ്ടെന്ന വിവരം മറച്ചുവച്ച് നാമനിർദേശപത്രിക സമർപ്പിച്ചെന്ന പരാതിയെ തുടർന്നായിരുന്നു നടപടി.
ലിങ്ദോ കമ്മിറ്റി ശുപാർശ പ്രകാരമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ നാമനിർദേശപത്രിക അസാധുവാക്കിയത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള എസ്.എഫ്.ഐയുടെ മറ്റൊരു സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രികയും നേരത്തെ തള്ളിയിരുന്നു.










