09:24pm 09 November 2026
NEWS
കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ വണ്ടി, കീശ നിറയ്ക്കുന്ന ബജറ്റ് ടൂറിസം
14/06/2025  08:57 AM IST
സുരേഷ് വണ്ടന്നൂർ
കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ വണ്ടി, കീശ നിറയ്ക്കുന്ന ബജറ്റ് ടൂറിസം

അവധി ദിനങ്ങൾ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം പദ്ധതി വലിയൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ കാടും മലയും ചുരവും കയറിയുള്ള കെ.എസ്.ആർ.ടി.സി യാത്രകൾ സഞ്ചാരികൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ് നൽകുന്നത്. ഈ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിക്ക് വലിയ വരുമാനം നേടാനും സാധിക്കുന്നുണ്ട്.

കണ്ണൂർ ഡിപ്പോയുടെ മാതൃകാപരമായ നേട്ടം

കെ.എസ്.ആർ.ടി.സി.യുടെ ഏറെ ജനപ്രീതി നേടിയ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഡിപ്പോകൾ ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും, കണ്ണൂർ ഡിപ്പോയാണ് ഈ രംഗത്ത് റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിൽ 63.43 ലക്ഷം രൂപയാണ് കണ്ണൂർ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വരുമാനം. ടൂർ പാക്കേജുകളിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും കണ്ണൂരിനാണ്.

ജനപ്രിയ ടൂർ പാക്കേജുകൾ

സഞ്ചാരികൾ ഏറ്റവും കൂടുതൽ ബുക്ക് ചെയ്തത് ഗവി-കുമളി-രാമക്കൽമേട്, മൂന്നാർ-കാന്തല്ലൂർ-മറയൂർ ട്രിപ്പുകളാണ്. ഒരു രാത്രിയും രണ്ട് പകലുകളുമുള്ള ഈ പാക്കേജുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വയനാട് ദുരന്തത്തിന് ശേഷം വയനാട്ടിലേക്ക് ആദ്യമായി ട്രിപ്പ് പോയതും കണ്ണൂർ കെ.എസ്.ആർ.ടി.സിയാണ്. അതിരപ്പിള്ളി, മലക്കപ്പാറ, കുട്ടനാട്, വാഗമൺ, കുമരകം, കൊല്ലൂർ, കുടജാദ്രി, ഉഡുപ്പി, സൈലന്റ് വാലി, മലമ്പുഴ ഡാം, നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും കണ്ണൂരിൽ നിന്ന് വിനോദയാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. 50 സീറ്റിംഗ് കപ്പാസിറ്റിയുള്ള പുഷ് ബാക്ക് സീറ്റുകളുള്ള ബസുകളാണ് യാത്രകൾക്കായി ഉപയോഗിക്കുന്നത്.

തീർത്ഥാടന യാത്രകളും മൺസൂൺ പാക്കേജുകളും

വരുമാനം വർദ്ധിപ്പിക്കുന്നതിനായി തീർത്ഥാടന യാത്രകളും മൺസൂൺ പാക്കേജുകളുമായി കൂടുതൽ പദ്ധതികൾ കണ്ണൂർ ഡിപ്പോ തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം കൊട്ടിയൂർ, കൊല്ലൂർ തീർത്ഥാടന യാത്രകളും, ജൂലായിൽ നാലമ്പലം പഞ്ചപാണ്ഡവ ക്ഷേത്രദർശനവും അടങ്ങുന്ന വിപുലമായ പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് 100 ട്രിപ്പുകൾ

കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ നിന്നും കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ട്രിപ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂർ ഡി.ടി.ഒ. വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ യൂണിറ്റിൽ നിന്നും കൊട്ടിയൂരിലേക്ക് പ്രത്യേക തീർത്ഥാടക പാക്കേജുകളും നടത്തുന്നുണ്ട്. രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച് മമ്മാനിക്കുന്ന് മഹാദേവി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല മുത്തപ്പക്ഷേത്രം, കൊട്ടിയൂർ മഹാദേവക്ഷേത്രം എന്നിവ ദർശിച്ച് രാത്രി എട്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്. ഒരാൾക്ക് 490 രൂപയാണ് സൂപ്പർ ഡീലക്സ് ബസുകളിലെ ഈ യാത്രയ്ക്ക് ചാർജ് വരുന്നത്. ജൂൺ 14, 18, 21, 24 തീയതികളിൽ ഷെഡ്യൂൾ ട്രിപ്പുകളും കുടുംബശ്രീ യൂണിറ്റുകൾക്കും മറ്റ് സംഘടനകൾക്കും പ്രത്യേക ട്രിപ്പുകളും ലഭ്യമാണ്.

കല്യാണ യാത്രകൾക്കും കെ.എസ്.ആർ.ടി.സി.

നഷ്ടത്തിലാണെന്ന വാർത്തകൾക്കിടയിലും കെ.എസ്.ആർ.ടി.സിയെ അടിമുടി ഉഷാറാക്കാനുള്ള പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ കെ.എസ്.ആർ.ടി.സി. കല്യാണ യാത്രകൾക്കായി കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്ക് നൽകാനുള്ള പദ്ധതിയാണ് ഇതിലൊന്ന്. സ്വകാര്യ ടൂറിസ്റ്റ് ബസുകൾക്ക് പതിനായിരങ്ങൾ മുടക്കുന്ന സാധാരണക്കാർക്ക് മിതമായ നിരക്കിൽ കെ.എസ്.ആർ.ടി.സിയുടെ ഈ സേവനം പ്രയോജനപ്പെടുത്താം.

40 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 3500 രൂപയാണ് ഓർഡിനറി, സിറ്റി, ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട് ബസുകൾക്ക് വാടക. ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്ലോർ, നോൺ എ.സി ബസുകൾക്ക് 3700 രൂപയും, സൂപ്പർ ഫാസ്റ്റിന് 3800 രൂപയും, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സുകൾക്ക് 3900 രൂപയും, വോൾവോ ലോ ഫ്ലോർ എസികൾക്ക് 4300 രൂപയും, വോൾവോ മൾട്ടി എക്സൽ, സ്കാനിയ മൾട്ടി എക്സൽ ബസുകൾക്ക് 5300 രൂപയുമാണ് വാടക നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നാല് മണിക്കൂർ വരെയുള്ള സമയത്തിനാണ് ഈ തുക. സമയവും ദൂരവും കൂടുന്നതിനനുസരിച്ച് തുകയും വർദ്ധിക്കും.

കെ.എസ്.ആർ.ടി.സിയുടെ പുതിയ മുഖം

കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണെന്ന വാർത്തകൾക്കിടയിലാണ് അധിക വരുമാനം നേടാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഉതകുന്ന തരത്തിൽ ഇങ്ങനെയൊരു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. ബജറ്റ് ടൂറിസം പദ്ധതിയുടെ വിജയം പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ മികച്ച യാത്രാനുഭവങ്ങൾ നൽകി കെ.എസ്.ആർ.ടി.സിയെ മികവിന്റെ പാതയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ ട്രാൻസ്‌പോർട്ട് അധികൃതർ വ്യക്തമാക്കി.
ടിക്കറ്റുകൾ കെ.എസ്.ആർ.ടി.സി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ബുക്ക് ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img