05:49am 09 November 2026
NEWS
​ഉറക്കംതൂങ്ങി കെ.എസ്.ആർ.ടി.സി; ഇരട്ടിപ്പണിയിൽ വീണ്ടും ജീവനുകൾ പൊലിഞ്ഞു, നികത്താതെ ആയിരം ഒഴിവുകൾ
09/08/2026  09:55 AM IST
ന്യൂസ് ബ്യൂറോ
​ഉറക്കംതൂങ്ങി കെ.എസ്.ആർ.ടി.സി; ഇരട്ടിപ്പണിയിൽ വീണ്ടും ജീവനുകൾ പൊലിഞ്ഞു, നികത്താതെ ആയിരം ഒഴിവുകൾ

 


 


​തിരുവനന്തപുരം: വിശ്രമമില്ലാത്ത അമിത ജോലിഭാരവും അധികൃതരുടെ അനാസ്ഥയും കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ചോരവീഴ്ത്തി. തുടർച്ചയായ ഡ്യൂട്ടിക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നുണ്ടായ ദാരുണ അപകടത്തിൽ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. കോഴിക്കോട്-ബംഗളൂരു സൂപ്പർ ഡീലക്സ് ബസ് കർണാടക ബിഡദിയിൽ ദിശാസൂചിക ബോർഡിന്റെ തൂണിലിടിച്ച് മറിഞ്ഞ് താത്കാലിക ഡ്രൈവർ മിഥിലേഷ് (വെള്ളയിൽ), കണ്ടക്ടർ അരുൺ (ചേവായൂർ) എന്നിവരാണ് മരിച്ചത്.
​മൈസൂരു സർവീസ് കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ മാത്രം തിരിച്ചെത്തിയ മിഥിലേഷിനെ, മതിയായ വിശ്രമം നൽകാതെ അന്നുരാത്രി തന്നെ ബംഗളൂരു സർവീസിലേക്ക് വീണ്ടും നിയോഗിക്കുകയായിരുന്നു. 1820 രൂപ അധികം കിട്ടുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ ഇരട്ടിപ്പണിക്ക് തയ്യാറാകുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ കെ.എസ്.ആർ.ടി.സിയുടെ കടുത്ത ആൾക്ഷാമമാണ്.
​ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഡ്യൂട്ടി ക്രമീകരണം
​ഒരു ഡബിൾ ഡ്യൂട്ടിക്ക് (16 മണിക്കൂർ) ശേഷം നിർബന്ധമായും അടുത്ത ദിവസം ഓഫ് നൽകണമെന്നാണ് നിയമം. എന്നാൽ, പകരക്കാരില്ലാത്തതിനാൽ സർവീസ് മുടങ്ങാതിരിക്കാൻ ജീവനക്കാരെ തുടർച്ചയായി ജോലിക്ക് നിയോഗിക്കുകയാണ്. ഉറക്കമൊഴിയാൻ കണ്ണിൽ വിക്സ് തേച്ച് വണ്ടിയോടിക്കേണ്ട ഗതികേടിലാണ് പല ഡ്രൈവർമാരും.

​ആയിരത്തോളം ഒഴിവുകൾ: 

ഡ്രൈവർ, കണ്ടക്ടർ തസ്തികകളിൽ ആയിരത്തിലേറെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പും ആശ്രിത നിയമനങ്ങളും ഇനിയും കടലാസിലൊതുങ്ങി നിൽക്കുന്നു.
​പേരിനു മാത്രം ഡ്രൈവർ കം കണ്ടക്ടർ: ദീർഘദൂര സർവീസുകളിൽ രണ്ടുപേരും മാറിമാറി വാഹനമോടിക്കുന്ന 'ഡ്രൈവർ കം കണ്ടക്ടർ' രീതി നിർബന്ധമാണെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. അപകടത്തിൽ മരിച്ച അരുൺ കണ്ടക്ടർ മാത്രമായിരുന്നു. ജൂലൈയിൽ 700 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും നിയമനങ്ങൾ ഇനിയും വൈകുകയാണ്.
കെ.എസ്.ആർ.ടി.സിയിലെയും കെ-സ്വിഫ്റ്റിലെയും താത്കാലിക ജീവനക്കാരെ വിശ്രമമില്ലാതെ വലയ്ക്കുന്ന ഈ 'മരണപ്പാച്ചിൽ' ജീവനക്കാരുടെ മാത്രമല്ല, നിരപരാധികളായ യാത്രക്കാരുടെ ജീവനും കൂടിയാണ് പന്താടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img