
തിരുവനന്തപുരം: വിശ്രമമില്ലാത്ത അമിത ജോലിഭാരവും അധികൃതരുടെ അനാസ്ഥയും കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ചോരവീഴ്ത്തി. തുടർച്ചയായ ഡ്യൂട്ടിക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നുണ്ടായ ദാരുണ അപകടത്തിൽ രണ്ട് ജീവനക്കാർക്ക് ദാരുണാന്ത്യം. കോഴിക്കോട്-ബംഗളൂരു സൂപ്പർ ഡീലക്സ് ബസ് കർണാടക ബിഡദിയിൽ ദിശാസൂചിക ബോർഡിന്റെ തൂണിലിടിച്ച് മറിഞ്ഞ് താത്കാലിക ഡ്രൈവർ മിഥിലേഷ് (വെള്ളയിൽ), കണ്ടക്ടർ അരുൺ (ചേവായൂർ) എന്നിവരാണ് മരിച്ചത്.
മൈസൂരു സർവീസ് കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ മാത്രം തിരിച്ചെത്തിയ മിഥിലേഷിനെ, മതിയായ വിശ്രമം നൽകാതെ അന്നുരാത്രി തന്നെ ബംഗളൂരു സർവീസിലേക്ക് വീണ്ടും നിയോഗിക്കുകയായിരുന്നു. 1820 രൂപ അധികം കിട്ടുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ ഇരട്ടിപ്പണിക്ക് തയ്യാറാകുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ കെ.എസ്.ആർ.ടി.സിയുടെ കടുത്ത ആൾക്ഷാമമാണ്.
ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഡ്യൂട്ടി ക്രമീകരണം
ഒരു ഡബിൾ ഡ്യൂട്ടിക്ക് (16 മണിക്കൂർ) ശേഷം നിർബന്ധമായും അടുത്ത ദിവസം ഓഫ് നൽകണമെന്നാണ് നിയമം. എന്നാൽ, പകരക്കാരില്ലാത്തതിനാൽ സർവീസ് മുടങ്ങാതിരിക്കാൻ ജീവനക്കാരെ തുടർച്ചയായി ജോലിക്ക് നിയോഗിക്കുകയാണ്. ഉറക്കമൊഴിയാൻ കണ്ണിൽ വിക്സ് തേച്ച് വണ്ടിയോടിക്കേണ്ട ഗതികേടിലാണ് പല ഡ്രൈവർമാരും.
ആയിരത്തോളം ഒഴിവുകൾ:
ഡ്രൈവർ, കണ്ടക്ടർ തസ്തികകളിൽ ആയിരത്തിലേറെ ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പും ആശ്രിത നിയമനങ്ങളും ഇനിയും കടലാസിലൊതുങ്ങി നിൽക്കുന്നു.
പേരിനു മാത്രം ഡ്രൈവർ കം കണ്ടക്ടർ: ദീർഘദൂര സർവീസുകളിൽ രണ്ടുപേരും മാറിമാറി വാഹനമോടിക്കുന്ന 'ഡ്രൈവർ കം കണ്ടക്ടർ' രീതി നിർബന്ധമാണെങ്കിലും ഇത് പാലിക്കപ്പെടുന്നില്ല. അപകടത്തിൽ മരിച്ച അരുൺ കണ്ടക്ടർ മാത്രമായിരുന്നു. ജൂലൈയിൽ 700 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും നിയമനങ്ങൾ ഇനിയും വൈകുകയാണ്.
കെ.എസ്.ആർ.ടി.സിയിലെയും കെ-സ്വിഫ്റ്റിലെയും താത്കാലിക ജീവനക്കാരെ വിശ്രമമില്ലാതെ വലയ്ക്കുന്ന ഈ 'മരണപ്പാച്ചിൽ' ജീവനക്കാരുടെ മാത്രമല്ല, നിരപരാധികളായ യാത്രക്കാരുടെ ജീവനും കൂടിയാണ് പന്താടുന്നത്.











