
ന്യൂഡൽഹി: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ഡൽഹിയിലെ തരൂരിന്റെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. പുനഃസംഘടനയ്ക്ക് തരൂരിന്റെ പിന്തുണ ലഭിച്ചതായി സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനോട് അകലം പാലിക്കുന്നതിനിടെയാണ് കെ.പി.സി.സി അധ്യക്ഷന്റെ ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
കെ.പി.സി.സി ഭാരവാഹികളെയും ഡി.സി.സി അധ്യക്ഷന്മാരെയും സമവായത്തിലൂടെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വർക്കിംഗ് പ്രസിഡന്റുമാരും ഡൽഹിയിൽ ക്യാമ്പ് ചെയ്താണ് പട്ടികയ്ക്ക് രൂപം നൽകുന്നത്.
സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിൽ വലിയ അഭിപ്രായവ്യത്യാസങ്ങളില്ലെങ്കിലും, പാലക്കാട്, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലെ അധ്യക്ഷന്മാരുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടായേക്കാം. ദലിത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കിയിൽ ഈഴവ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ പട്ടിക ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി ഇന്ന് സമർപ്പിക്കും.











