മുഖം മിനുക്കി കെപിസിസി; ആത്മാവിനെ വീണ്ടെടുക്കാനാകുമോ?

കെപിസിസിക്ക് ഇന്നു മുതൽ പുതിയ നേതൃത്വം. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ഇന്നു രാവിലെ ചുമതലയേൽക്കും. രാവിലെ 9.30-ന് ഇന്ദിരാഭവനിലാണ് ചടങ്ങ്.വർക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥ്, എ.പി. അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേൽക്കും. അടൂർ പ്രകാശ് എംപി യുഡിഎഫ് കൺവീനറായി ചുമതലയേൽക്കുന്നതും ഇന്നു തന്നെയാണ്.
കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കുമ്പോൾ ദേശീയ നേതൃത്വത്തിന് ഏറെ പ്രതീക്ഷകളുണ്ട്. ഉടനെത്തുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തൊട്ടുപിന്നാലെയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ വലിയ വിജയത്തിലെത്തിക്കുകയാണ് സണ്ണി ജോസഫിനുള്ള നിയോഗം. അതിന് അദ്ദേഹത്തിന് കഴിയുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറുകയും കെപിസിസി പ്രസിഡന്റിനെക്കാൾ അധികാരവും ആഗ്രഹവും പ്രഭാവവും അണികളുടെ പിന്തുണയുമുള്ള അരഡസനിലേറെ നേതാക്കൾ ചില പ്രത്യേക ലക്ഷ്യങ്ങളുമായി കരുനീക്കം നടത്തുകയും ചെയ്യുമ്പോൾ കേരളത്തിലെ കോൺഗ്രസിന് അതിന്റെ ആത്മാവിനെ എങ്ങനെ വീണ്ടെടുക്കാനാകും എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്.
കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലത്തെ ഗ്രൂപ്പുകളല്ല ഇന്ന് കോൺഗ്രസിലുള്ളത്. പഴയ എ,ഐ ഗ്രൂപ്പുകൾക്കും അപ്പുറം ഓരോ നേതാക്കളും ഓരോ ഗ്രൂപ്പായി മാറുന്ന കാഴ്ച്ചയാണ് ഇന്ന് കോൺഗ്രസിൽ. മിക്ക നേതാക്കളും നോട്ടമിടുന്നത് മുഖ്യമന്ത്രി കസേരയുമാണ്. സണ്ണി ജോസഫിന് അങ്ങനെയൊരു നോട്ടമില്ല എന്നത് മറ്റു നോതാക്കളുടെ ഹിറ്റ് ലിസ്റ്റിൽ നിന്നും അദ്ദേഹം ഒഴിവാകാൻ കാരണമാകും.
കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ നേതൃമാറ്റത്തിൽ പരസ്യമായും രഹസ്യമായും പ്രതിഷേധം അറിയിക്കുന്നുണ്ട്. പാർട്ടിക്ക് അധികാരം പിടിക്കുക എന്നതിലുപരി തനിക്ക് അധികാരം കിട്ടുക എന്ന നേതാക്കളുടെ ചിന്തയാണ് കോൺഗ്രസിനെ ഇപ്പോൾ തകർക്കുന്നത്. എല്ലാ നേതാക്കളിലും ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു നേതാവ് കേരളത്തിലെ കോൺഗ്രസിലില്ല എന്നതാണ് ഈ പാർട്ടി സംസ്ഥാനത്ത് നേരിടുന്ന പ്രതിസന്ധി. അത്തരമൊരു നേതൃത്വം ദേശീയ തലത്തിലുമില്ല എന്നത് ഒരു ദുരന്തവും.











