
തിരുവന്തപുരം: യുഡിഎഫിന് ഭരണം കിട്ടിയതോടെ നാഥനില്ലാ കളരിയായി കെപിസിസിയും ഇന്ദിരാഭവനും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ്പ്രസിഡന്റുമാരായ വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥും എ.പി. അനിൽകുമാറും മന്ത്രിമാരായതോടെ ഇവർ ഭരണകാര്യങ്ങളിൽ വ്യാപൃതരാണ്. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരിൽ പലരും മന്ത്രിമാരും എം.എൽ.എമാരും ആയതോടെ ഇവരും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് എത്തുന്നില്ല.
നിലവിൽ വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലാണ് കെ.പി.സി.സിയുടെ പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്. ഷാഫി തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് മടങ്ങിയതോടെ കെ.പി.സി.സി ഓഫിസ് നാഥനില്ലാ കളരിയായി. ഓഫീസ് സെക്രട്ടറിയായിരുന്ന സജി പി പി എസായി ചുമതലയേൽക്കുകയും ചെയ്തതോടെ ഇന്ദിരാ ഭവൻ അക്ഷരാർത്ഥത്തിൽ നാഥനില്ലാ കളരിയായി മാറി. പുതിയ കെപിസിസി ഭാരവാഹികൾ സംബന്ധിച്ച ചർച്ചകൾ നേതാക്കൾക്കിടയിൽ ഇനിയും ധാരണയായിട്ടില്ല.
ഇതിനിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെരുമാറ്റം സംബന്ധിച്ചും പരാതികൾ ഉയരുന്നുണ്ട്. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതാക്കളോട് പോലും തികഞ്ഞ ധാർഷ്ട്യത്തോടെ സംസാരിക്കുന്ന പേഴ്സണൽ സ്റ്റാഫുകളുണ്ട് എന്നാണ് പരാതി. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്റെ സ്റ്റാഫ് നഴ്സസ് സംഘടനയുടെ ഭാരവാഹികളോടും മോശമായി സംസാരിച്ചിരുന്നു. ഇതുസംബന്ധിച്ച് പരാതി പറയാനായി സംഘടനാ നേതാക്കൾ ഇന്ദിരാഭവനിലെത്തിയെങ്കിലും അവിടെ ഉത്തരവാദിത്തപ്പെട്ട ആരും ഉണ്ടായിരുന്നില്ല.
അടിയന്തരമായി കെപിസിസി പുനസംഘടന നടത്തണമെന്നും ഇന്ദിരാഭവനിൽ ഉത്തരവാദിത്തപ്പെട്ടവർ ചുമതലയേൽക്കണം എന്നുമുള്ള ആവശ്യം കോൺഗ്രസുകാരിൽ നിന്നുതന്നെ ഉയരുന്നുണ്ട്. ഭരണത്തിന്റെ ലഹരിയിൽ മതിമറന്ന് പാർട്ടിയെ ഇല്ലാതാക്കരുത് എന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.









