
പുതിയ പ്രതീക്ഷകളും മാറ്റങ്ങളുമായി മറ്റൊരു വർഷത്തിലേക്ക് കടക്കുമ്പോൾ ഓരോ കൂറുകാർക്കും വ്യത്യസ്ത അനുഭവങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. തൊഴിൽ, സാമ്പത്തികം, കുടുംബം, ആരോഗ്യം, യാത്ര, വിവാഹം തുടങ്ങിയ മേഖലകളിൽ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് പല കൂറുകാർക്കും പ്രവചിക്കുന്നത്. 12 കൂറുകാരുടെയും പൊതുവായ ഫലങ്ങൾ നോക്കാം.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4): കുടുംബത്തിൽ ശാന്തിയും സന്തോഷവും ഐശ്വര്യവും നിലനിൽക്കുന്ന വർഷം. സ്വന്തമായി വീട് എന്ന സ്വപ്നം ചിലർക്ക് യാഥാർഥ്യമാകാം. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. മക്കളുടെ പുരോഗതിയിൽ സന്തോഷിക്കാം. പുതിയ ജോലിക്കും ജോലി മാറ്റത്തിനും ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കുമെങ്കിലും ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2): തൊഴിൽ മേഖലയിൽ നിന്നുള്ള വരുമാനം വർധിക്കാൻ സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. പല കാര്യങ്ങളും നേടിയെടുക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടി വരും. മക്കളുടെ ചെലവുകൾ വർധിക്കാം. ആദ്യ ആറുമാസം ഗുണദോഷ സമ്മിശ്രമായിരിക്കുമെങ്കിലും രണ്ടാം പകുതി കൂടുതൽ അനുകൂലമായിരിക്കും. വർഷാവസാനം നേട്ടങ്ങൾ വർധിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4): സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുള്ള വർഷം. കഴിഞ്ഞ കാലത്തെ പല ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാനാകും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാം. സ്ഥാനക്കയറ്റത്തിനും ബിസിനസ് വളർച്ചയ്ക്കും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ ആരംഭിക്കാം. എന്നാൽ കൂട്ടുകച്ചവടത്തിൽ നഷ്ടസാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ആരോഗ്യവും കുടുംബജീവിതവും പൊതുവേ തൃപ്തികരമായിരിക്കും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം): പൊതുവേ നേട്ടങ്ങൾ നിറഞ്ഞ വർഷം. കർമരംഗത്ത് അഭിവൃദ്ധിയും കുടുംബസൗഖ്യവും സന്താനങ്ങളുടെ പുരോഗതിയും പ്രതീക്ഷിക്കാം. കലാരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാം. തിരഞ്ഞെടുപ്പുകളിൽ വിജയസാധ്യതയുണ്ട്. ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനാകും. പുതിയ സൗഹൃദങ്ങൾ നേട്ടങ്ങൾക്ക് വഴിയൊരുക്കും. ആരോഗ്യനിലയും അനുകൂലമായിരിക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): സാമ്പത്തിക ഞെരുക്കവും അനാവശ്യ ചെലവുകളും നേരിടേണ്ടി വരാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലമായ സമയമല്ല. ശത്രുക്കളിൽ നിന്നുള്ള എതിർപ്പുകളും ഉപദ്രവങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലെ കാര്യങ്ങൾ തുടരുന്നതിൽ തടസ്സമുണ്ടാകില്ല. വർഷത്തിന്റെ അവസാനത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): സാമ്പത്തിക പുരോഗതിക്കും സ്ഥാനക്കയറ്റത്തിനും സാധ്യതയുള്ള വർഷം. ഏറെക്കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ സഫലമാകാം. സന്താനഭാഗ്യം പ്രതീക്ഷിക്കുന്ന ദമ്പതികൾക്ക് അനുകൂല സമയം. മക്കളിൽനിന്ന് സന്തോഷവാർത്തകൾ ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനും കുടുംബസ്വത്ത് സ്വന്തമാക്കാനും അവസരമുണ്ടാകും. ചിലർക്ക് വീട് സ്വന്തമാക്കാനും യോഗമുണ്ട്. എന്നാൽ ദാമ്പത്യബന്ധത്തിൽ അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധ വേണം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): സാമ്പത്തിക പുരോഗതി തുടരുന്ന ഗുണകരമായ വർഷം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. എന്നാൽ തൊഴിൽരംഗത്ത് കൂടുതൽ അധ്വാനവും ചില ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. ആരോഗ്യനില തൃപ്തികരമായിരിക്കും. ബന്ധുക്കളുമായുള്ള പഴയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സാധിക്കും. രണ്ടാം പകുതി കൂടുതൽ അനുകൂലമായിരിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ഭാഗ്യവും ഈശ്വരാനുഗ്രഹവും അനുകൂലിക്കുന്ന വർഷം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാൻ സാധിക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാം. പുതിയ സംരംഭങ്ങൾക്ക് അനുകൂല സമയമാണിത്. ബിസിനസിൽ വളർച്ചയും സമൂഹത്തിൽ അംഗീകാരവും ബഹുമതികളും ലഭിക്കാം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ഗുണദോഷ സമ്മിശ്രമായ വർഷമായിരിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകുമെങ്കിലും യാത്രകൾ വർധിക്കും. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. വാഹനവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്കും ചെലവുകൾക്കും സാധ്യത. ആരോപണങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കുന്ന സാഹചര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത് നല്ലതാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് ഒഴിവാക്കാം. രണ്ടാം പകുതി കൂടുതൽ ഗുണകരമാകും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വരും. വരുമാനം വർധിക്കും. അവിവാഹിതർക്ക് വിവാഹയോഗമുണ്ട്. കുടുംബജീവിതത്തിൽ സമാധാനം നിലനിൽക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കാം. എന്നാൽ രണ്ടാം പകുതിയിൽ ചില തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): വിദ്യാർഥികൾ പഠനകാര്യങ്ങളിൽ അലസത കാണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. പല കാര്യങ്ങളും നേടിയെടുക്കാൻ ആവർത്തിച്ച് ശ്രമിക്കേണ്ടി വരും. വിദേശയാത്രയ്ക്ക് ചിലർക്ക് അവസരം ലഭിക്കും. ആദ്യപകുതിയിലെ ബുദ്ധിമുട്ടുകൾ രണ്ടാം പകുതിയിൽ കുറയും. അവിവാഹിതർക്ക് വിവാഹയോഗവും കാണുന്നു. തൊഴിലും ആരോഗ്യവും പൊതുവേ തൃപ്തികരമായിരിക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): ഗുണദോഷ സമ്മിശ്രമായ വർഷം. സ്ഥാനക്കയറ്റത്തിനും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാം. വിദേശയാത്രയ്ക്കും അനുകൂല സമയമാണ്. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. രണ്ടാം പകുതിയിൽ കാര്യങ്ങൾ മന്ദഗതിയിലാകാനും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാനും സാധ്യതയുണ്ട്.











