06:12pm 06 November 2026
NEWS
മൂന്ന് മന്ത്രിമാർ മാറ്റുരയ്ക്കുന്ന കൊല്ലം
29/03/2026  05:59 PM IST
പി. ജയചന്ദ്രൻ
മൂന്ന് മന്ത്രിമാർ മാറ്റുരയ്ക്കുന്ന കൊല്ലം

കൊല്ലം ഭൂരിപക്ഷം നൽകിയ മുന്നണിയാണ് പലപ്പോഴും സംസ്ഥാനത്ത് ഭരണത്തിൽ എത്തിയിട്ടുള്ളത്.  ഉദാഹരണത്തിന് ഏറ്റവും ഒടുവിൽ 2016 ലും 2021 ലും നടന്ന തെരഞ്ഞെടുപ്പുഫലങ്ങൾ നോക്കിയാൽ മതി. 2016 ൽ ജില്ലയിൽ ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നില്ലാതെ 11 ഉം എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ അക്കുറി ഭരണവും എൽ.ഡി.എഫിനായിരുന്നു. 2021 ലും ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിച്ചത് എൽ.ഡി.എഫ് ആയിരുന്നു. 11 ൽ 9. അപ്പോഴും സ്വാഭാവികമായും ഭരണം രണ്ടാമത് പ്രാവശ്യവും എൽ.ഡി.എഫിന്റെ കൈകളിലെത്തി. ആ വിജയത്തുടർച്ച ആവർത്തിച്ച് മൂന്നാമത് പ്രാവശ്യവും അധികാരത്തിലെത്തുവാൻ എൽ.ഡി.എഫും, പത്തുവർഷം മുൻപ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം തിരിച്ചുപിടിച്ച് ഭരണം കൈപ്പിടിയിലൊതുക്കുവാൻ യു.ഡി.എഫും സർവ്വശക്തിയും സംഭരിച്ച് അങ്കത്തട്ടിൽ നിൽക്കുമ്പോൾ, രാഷ്ട്രീയ അതികായകൻമാരെ പലരേയം വാഴ്ത്തിയും വീഴ്ത്തിയും പരിചയമുള്ള കൊല്ലം ജില്ല ആർക്കൊപ്പം നിൽക്കും എന്ന് ഉറ്റുനോക്കുകയാണ് കേരളം. പഴയതിൽ നിന്നും ഒരുപാട് വളർന്നു കയറിയ എൻ.ഡി.എയും ശക്തമായ സാന്നിധ്യം അറിയിച്ച് രംഗത്തുണ്ട്.

പ്രധാന കക്ഷികളുടെ അംഗബലത്തിന്റടിസ്ഥാനത്തിൽ നോക്കിയാൽ ഇടതുപക്ഷ പാർട്ടികൾക്ക് മുൻതൂക്കമുള്ള ജില്ലയാണ് കൊല്ലം. ആ മുൻതൂക്കം പക്ഷെ അതേപോലെ തെരഞ്ഞെടുപ്പിൽ നിലനിർത്തുവാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഇടതുപക്ഷത്തിന്റെ കോട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട മണ്ഡലങ്ങളിൽപ്പോലും യു.ഡി.എഫ് വിജയിച്ചുകയറിയ ചരിത്രമുണ്ട്. അതാതുകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നോക്കി സമ്മതിദാനാവകാശം വിനിയോഗിക്കുവാനുള്ള ജില്ലയിലെ വോട്ടർമാരുടെ പ്രബുദ്ധതയ്ക്ക് തെളിവായിട്ടാണ് അത് ചൂണ്ടിക്കാട്ടപ്പെട്ടത്. ആ പ്രബുദ്ധതയുടെ അളവുകോൽ അവർ ആർക്കും പണയം വച്ചിട്ടില്ലെന്നു സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പു ഫലങ്ങളാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ജില്ല കാഴ്ച വച്ചത്. 2016 ലും 2021 ലും യു.ഡി.എഫിനെ വിറപ്പിച്ച കൊല്ലം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നൽകിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 

പാർലമെന്റ് തെരഞ്ഞെടുപ്പിൽ 9 മണ്ഡലങ്ങളിലും മേൽക്കൈ നേടിയ യു.ഡി.എഫ്, തദ്ദേശ തെരഞ്ഞെടുപ്പിൽ 7 മണ്ഡലങ്ങളിലാണ് മുന്നിലെത്തിയത്. ആ മേൽക്കൈയും മുന്നേറ്റവും ജില്ലയിലെ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലം മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുവാൻ യു.ഡി.എഫിനെ സഹായിച്ചു. 2021 ൽ രൂപീകൃതമായ ശേഷം ഇന്നലെ വരെ എൽ.ഡി.ഫ് കുത്തകയാക്കി വച്ചിരുന്ന കൊല്ലം കോർപ്പറേഷൻ ഭരണം കൈപ്പിടിയിലൊതുക്കാനായതും യു.ഡി.എഫിന് കുന്നോളം പ്രതീക്ഷ നൽകുമ്പോൾ '16 ലേയും 21' ലേയും പിണറായി സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും, പ്രതിസന്ധി ഘട്ടങ്ങളിൽ നൽകിയ കരുതലുമൊക്കെ എണ്ണിയെണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് ജനങ്ങളെ സമീപിക്കുന്നത്. അപ്പോഴും പക്ഷെ ശബരിമല സ്വർണ്ണക്കൊള്ളയുൾപ്പെടെയുള്ള കുറച്ചധികം വിഷയങ്ങളുണ്ട് അവർക്ക് വിശദീകരിക്കാൻ പാടുള്ളതായി.

എന്നാൽ 2021 നുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും ഉണ്ടായ വളർച്ചയാണ് എൻ.ഡി.എയുടെ കരുത്ത്. 2016, 21 തെരഞ്ഞെടുപ്പുകളിൽ ചാത്തന്നൂർ മണ്ഡലത്തിൽ ബി.ജെ.പിക്കായിരുന്നു രണ്ടാം സ്ഥാനം. സമാനമായ കുറേ നേട്ടങ്ങളുടെ പട്ടികയുണ്ട് എൻ.ഡി.എയ്ക്ക് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുവാനായി. ഒപ്പം, മാറിയ സാഹചര്യവും എൻ.ഡി.എ ചൂണ്ടിക്കാട്ടുന്നു.

കരുത്തർ രംഗത്ത്

അങ്ങനെ സംസ്ഥാന ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എൽ.ഡി.എഫും കേന്ദ്രഭരണനേട്ടങ്ങൾ എടുത്തുകാട്ടി എൻ.ഡി.എയും വോട്ടർമാരെ സമീപിക്കുമ്പോൾ കേന്ദ്രത്തിനും കേരളത്തിനുമെതിരെയുള്ള കുറ്റപത്രവുമായാണ് കളം നിറയാനും കളം പിടിക്കുവാനുമുള്ള യു.ഡി.എഫിന്റെ ശ്രമം.

സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് കരുത്തരുമായിട്ടാണ് എൽ.ഡി.എഫ് രംഗത്തുവന്നിട്ടുള്ളത്. കൊട്ടാരക്കരയിൽ ധനവകുപ്പുമന്ത്രി കെ.എൻ. ബാലഗോപാലും, പത്തനാപുരത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറും, ചടയമംഗലത്ത് ക്ഷീരവികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണിയുമാണ് മത്സരരംഗത്തുള്ള മൂന്ന് മന്ത്രിമാർ. ഇതിൽ ബാലഗോപാലിനും ചിഞ്ചുറാണിക്കുമെതിരെ പറയുവാൻ വ്യക്തിപരമോ ഭരണപരമോ ആയ യാതൊരുവിധമായ കുറ്റപ്പെടുത്തലുമില്ല എതിർവിഭാഗങ്ങൾക്ക്. അതല്ല പക്ഷെ പത്തനാപുരത്ത് നിന്ന് ആറാമത് വിജയം കൊയ്യാനിറങ്ങിയിട്ടുള്ള ഗതാഗത വകുപ്പ് മന്ത്രികൂടിയായ കെ.ബി. ഗണേഷ്‌കുമാറിന്റെ കാര്യം. അടുത്തകാലം വരെ ഗണേഷിന് സുരക്ഷിതകോട്ടയായിരുന്ന പത്തനാപുരത്തിന്റെ ഇന്നത്തെ അവസ്ഥ എത്രത്തോളം സുരക്ഷിതമാണെന്നറിയുവാൻ ഫലപ്രഖ്യാപനം വരുന്ന മേയ് 4 വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. മന്ത്രിയുടെ ഭാര്യ തന്നെ വിളിച്ചുപറഞ്ഞ, അവിഹിതത്തിന്റെ കാര്യം, അവർ തമ്മിൽ പറഞ്ഞ്, 'സെറ്റിൽ'ചെയ്‌തെങ്കിലും ജനങ്ങൾ മറക്കാറായിട്ടില്ല. അതിന്റെ കൂടെയാണ് ഗണേഷിന് എന്നും കരുത്തായിരുന്ന എൻ.എസ്.എസിൽ നിന്നുണ്ടായ തിരിച്ചടി. ഈ രണ്ട് സംഭവങ്ങളും മണ്ഡലത്തിലുടനീളം ആളിക്കത്തുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയും എൻ.ഡി.എ സ്ഥാനാർത്ഥി ട്വന്റി 20 യുടെ എസ്. അനിൽകുമാറും വിജയപ്രതീക്ഷയിലാണ്. അതിൽതന്നെ ഏറ്റവും വലിയ വിജയപ്രതീക്ഷ ജ്യോതികുമാർ ചാമക്കാലക്കാണ്. വി.ഡി. സതീശൻ കണക്കുകൂട്ടുന്ന നൂറ് സീറ്റിൽ ഒന്ന് പത്തനാപുരമാകും എന്നാണ് 2021 ലും ഗണേശനോട് ഏറ്റുമുട്ടി പരാജയപ്പെട്ട ചാമക്കാലയുടെ ഉറപ്പ്.

മൂന്നുപ്രാവശ്യം സി.പി.എമ്മിനുവേണ്ടി കൊട്ടാരക്കര നിലനിർത്തിയ അഡ്വ.ഐഷാപോറ്റിയാണ്, ഇക്കുറി അവിടെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിന്റെ എതിർസ്ഥാനാർത്ഥി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഒറ്റദിവസം പോലും ഖജനാവ് പൂട്ടാതിരുന്ന ധനകാര്യമന്ത്രി എന്ന സൽപ്പേരുമായാണ് പിണറായി മന്ത്രിസഭയിലെ ഈ രണ്ടാമൻ കൊട്ടാരക്കരയിൽ രണ്ടാമൂഴം തേടി രംഗത്തുള്ളത്. സി.പി.എമ്മുമായി തെറ്റി കോൺഗ്രസിൽ ചേർന്ന് കൈപ്പത്തി ചിഹ്നത്തിൽ പഴയ സഹപ്രവർത്തകനെ നേരിടുന്ന ഐഷാപോറ്റി നിസ്സാരയല്ലെന്ന് എൽ.ഡി.എഫിനറിയാം. കൊട്ടാരക്കരയിൽ തെരഞ്ഞെടുപ്പു രംഗം കത്തിജ്ജ്വലിക്കുന്നത് അതിനാലാണ്. അതുകൊണ്ടുതന്നെ പ്രവചനാതീതമാണ് ഇവിടുത്തെ സ്ഥിതി. കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ആർ. രശ്മിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. അങ്ങനെ കളം മാറ്റിച്ചവിട്ടിയ രണ്ടുപേരുമായിട്ടാണ് ഇക്കുറി ബാലഗോപാൽ മാറ്റുരയ്ക്കുന്നത്.

ജില്ലയിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം ചടയമംഗലമാണ്. മന്ത്രി ജെ. ചിഞ്ചുറാണിക്ക്, സി.പി.ഐ മണ്ഡലമായ ചടയമംഗലം വലിയൊരു വെല്ലുവിളിയല്ലെന്ന് എൽ.ഡി.എഫ് കരുതുന്നു. കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ യു.ഡി.എഫിനുവേണ്ടിയും കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ആർ. അരുൺരാജ് ബി.ജെ.പിയ്ക്കുവേണ്ടിയും രംഗത്തുണ്ട്.

ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബിജോണിന് ചവറയിൽ ഇത് അഞ്ചാം പോരാട്ടമാണ്. ആർ.എസ്.പിയിലെ തന്നെ(പിളർപ്പിനെ തുടർന്ന്) വി.പി. രാമകൃഷ്ണപിള്ളയേയും എൻ.കെ. പ്രേമചന്ദ്രനേയും പരാജയപ്പെടുത്തി രണ്ടുപ്രാവശ്യം നിയമസഭയിലെത്തിയ ഷിബു ബേബിജോൺ 2011 ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗവുമായി. പിന്നീട് 2016 ൽ സി.പി.എം സ്വതന്ത്രൻ വിജയൻപിള്ളയോടും 2021 ൽ വിജയൻപിള്ളയുടെ മകൻ സുജിത് വിജയൻ പിള്ളയോടുമാണ് പരാജയപ്പെട്ടത്. ഈ തെരഞ്ഞെടുപ്പിലും സുജിത് വിജയൻപിള്ള തന്നെയാണ് ഷിബുവിന്റെ പ്രതിയോഗി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറഞ്ഞ മാർജിനിലാണ് പരാജയപ്പെട്ടത് എന്നതും, മാറി എന്ന് പറയുന്ന സാഹചര്യവുമാണ് ഷിബുവിന്റെ പ്രതീക്ഷ. കെ.ആർ രാജേഷാണ് എൻ.ഡി.എ സ്ഥാനാർത്ഥി.  

ബിന്ദുകൃഷ്ണ വീണ്ടും പോരിനിറങ്ങുന്ന ജില്ലാ ആസ്ഥാനമണ്ഡലത്തിൽ സി.ഐ.ടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എന്നീ നിലകളിലെ പ്രവർത്തനം ജയമോഹന് മണ്ഡലത്തിലെ വോട്ടർമാരുമായി അടുത്ത ബന്ധം നൽകുമ്പോൾ മുൻ ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലും 2021 ലെ പരാജയത്തിനുശേഷം മണ്ഡലത്തിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ചതുമാണ് ബിന്ദുകൃഷ്ണയുടെ പ്ലസ് പോയിന്റായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി എൽ.ഡി.എഫ് വിജയിച്ചുപോരുന്ന കൊല്ലം ഇക്കുറിയും നിലനിർത്താനാവുമെന്ന് ഇടതുപക്ഷം പ്രത്യാശ പുലർത്തുമ്പോൾ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രശസ്ത കാർഡിയോ സർജൻ ഡോ. പ്രതാപനാണ് ബി.ജെ.പി സ്ഥാനാർത്ഥി.
കെ.പി.സി.സി സെക്രട്ടറി സൂരജ് രവിയും, സി.പി.ഐയിലെ ആർ. രാജേന്ദ്രനും, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തുവന്ന ബി.ബി. ഗോപകുമാറുമാണ് ചാത്തന്നൂരിൽ മാറ്റുരയ്ക്കുന്നത്. ഇരവിപുരത്ത് എ. നൗഷാദ് മൂന്നാമൂഴം തേടുമ്പോൾ അഡ്വ. വിഷ്ണു മോഹനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ആർ.എസ്.പി വിട്ട് ബി.ഡി.ജെ.എസിൽ ചേർന്ന സജി ഡി.ആനന്ദ് എൻ.ഡി.എ സ്ഥാനാർത്ഥി.

സി.ആർ. മഹേഷ് എന്ന ജനകീയ എം.എൽ.എയ്ക്ക്, മുൻ എം.എൽ.എ ബി.എം. ഷെരീഫിന്റെ മകൾ എം.എസ്. താരയും (എൽ.ഡി.എഫ്) വി.എസ്. ജിതിൻ ദേവുമാണ്     (ബി.ജെ.പി) പ്രതിയോഗികൾ. സി.പി.ഐയിൽ നിന്നും മഹേഷ് പിടിച്ചെടുത്ത മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് അടവുകൾ പതിനെട്ടും പയറ്റുമ്പോൾ ജില്ലയിൽ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമായി മാറിയിരിക്കുന്നു കരുനാഗപ്പള്ളി.
കെ.പി.സി.സി വൈസ് പ്രസിഡന്റും സിറ്റിംഗ് എം.എൽ.എയുമായ പി.സി.വിഷ്ണുനാഥിനെതിരെ എൽ.ഡി.എഫിനുവേണ്ടി കന്നിയങ്കത്തിനിറങ്ങിയിരിക്കുകയാണ് എസ്.എൻ. സജികുമാർ. റോബിൻ രാധാകൃഷ്ണനാണ് ബി.ജെ.പി സ്ഥാനാർത്ഥി.
പുനലൂരിൽ സി. അജയപ്രസാദും (എൽ.ഡി.എഫ്), മുസ്ലീംലീഗ് പ്രസിഡന്റ് നൗഷാദ് യുനുസും (യു.ഡി.എഫ്), അഡ്വ. രഘുനാഥും (എൻ.ഡി.എ) ആണ് മലയോരമനസ്സ് കീഴടക്കാൻ ഏറ്റുമുട്ടുന്നത്.

കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോനിത് 6-ാം ഊഴം. എതിരാളി ഉല്ലാസ് കോവൂരിന് മൂന്നാമൂഴവും. എൻ.ഡി.എയ്ക്കുവേണ്ടി രാജിപ്രസാദും രംഗത്തുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img