
സാങ്കേതികവിദ്യ, സര്‍ഗാത്മകത, സഹകരണം എന്നിവയിലൂടെ പ്രകൃതിയുമായുള്ള ബന്ധത്തെ പുനര്‍നിര്‍മിക്കുക ലക്ഷ്യം
കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയെയും പ്രകൃതിലോകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന, ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിസ്പീഷീസ് ഹാക്കത്തണിന്
ആതിഥേയത്വം വഹിക്കാന്‍ കൊച്ചി ഒരുങ്ങുന്നു. മെയ് 9,10 തീയതികളില്‍ കൊച്ചിയിലെ ടിങ്കര്‍ സ്‌പേസിലാണ് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍ 2026 അരങ്ങേറുക.
മനുഷ്യകേന്ദ്രീകൃതമായ പ്രശ്‌നങ്ങളിലാണ് സാധാരണ ഹാക്കത്തണുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും കൂടി മുന്‍ഗണന നല്‍കുന്ന രീതിയിലാണ് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലുടനീളം ജൈവവൈവിധ്യ ഉന്‍മൂലനവും, മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സഹവര്‍ത്തിത്വമുള്ള ഒരു ഗ്രഹത്തിന് വേണ്ടി സാങ്കേതികവിദ്യയെ പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള പുത്തന്‍ ആശയങ്ങള്‍ക്കായിരിക്കും പ്രഥമ മള്‍ട്ടിസ്പീഷീസ് ഹാക്കത്തണിലൂടെ കൊച്ചി സാക്ഷ്യം വഹിക്കുക.
ടിങ്കര്‍ഹബ് ഫൗണ്ടേഷനുമായി സഹകരിച്ച് സോക്രട്ടസ് മള്‍ട്ടിസ്പീഷീസ് സ്റ്റുഡിയോ സംഘടിപ്പിക്കുന്ന ഈ ദ്വിദിന ഹാക്കത്തണില്‍, 8.7 ദശലക്ഷത്തിലധികം ജീവിവര്‍ഗങ്ങള്‍ പങ്കിടുന്ന ഈ ഗ്രഹത്തിന് ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധര്‍, ഗവേഷകര്‍, ഡിസൈനര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, പ്രകൃതി സ്‌നേഹികള്‍ തുടങ്ങിയവര്‍ ഒരുമിക്കും. പരിസ്ഥിതി സൗഹൃദമായ കാഴ്ചപ്പാടിലൂടെ നവീന ആശയങ്ങള്‍ കണ്ടെത്താന്‍ വിദഗ്ധരെയും പങ്കാളികളെയും ക്ഷണിക്കുന്ന ഈ പരിപാടിയിലൂടെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ ആവാസവ്യവസ്ഥയ്ക്കും പ്രയോജനപ്പെടുന്ന ഉപകരണങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമ്പര്‍ക്കത്തില്‍ മുന്‍പന്തിയിലാണ് കേരളം നിലകൊള്ളുന്നത്. രാജ്യത്തെ ആനകളുടെ 40 ശതമാനത്തിലധികവും കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന വന ഇടനാഴികളും, കുറഞ്ഞുവരുന്ന പക്ഷികളുടെ ദേശാടനവും, കാലാവസ്ഥാ വ്യതിയാനത്തില്‍ ദുര്‍ബലമായ തീരദേശ ആവാസവ്യവസ്ഥകളും ചേര്‍ന്ന് ആഗോളതലത്തിലുള്ള വലിയൊരു പ്രതിസന്ധിയെയാണ് സംസ്ഥാനം പ്രതിഫലിപ്പിക്കുന്നത്. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കാരണം ഓരോ വര്‍ഷവും നിരവധി മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനുകളാണ് പൊലിയുന്നത്. അതേസമയം പല ജീവിവര്‍ഗങ്ങളും അവയെക്കുറിച്ച് രേഖപ്പെടുത്തപ്പെടുന്നതിന് മുമ്പേ തന്നെ അഭൂതപൂര്‍വമായ നിരക്കില്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
ഈ അടിയന്തിര സാഹചര്യത്തിനുള്ള ഒരു പ്രതികരണമെന്ന നിലയില്‍ സാങ്കേതികവിദ്യയെ ഒരു തടസമായിട്ടല്ല, മറിച്ച് ജീവിവര്‍ഗങ്ങള്‍ക്കിടയിലുള്ള ഒരു പാലമായി വിഭാവനം ചെയ്തുകൊണ്ടാണ് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍ ഉയര്‍ന്നുവരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), സാറ്റലൈറ്റ് ഇമേജറി, ബയോഅകൗസ്റ്റിക്‌സ്, സെന്‍സര്‍ അധിഷ്ഠിത സംവിധാനങ്ങള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രകൃതി സംരക്ഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭാവി രൂപപ്പെടുത്താന്‍ സഹായിക്കുന്ന ആശയങ്ങള്‍ ഈ ഹാക്കത്തണിലൂടെ ടീമുകള്‍ വികസിപ്പിക്കും.
പരമ്പരാഗത ഹാക്കത്തണുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങള്‍ക്ക് സമീപമുള്ള വന്യമൃഗങ്ങളുടെ സാനിധ്യം തിരിച്ചറിയുന്നതിനുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്യുന്നത് മുതല്‍, തേനീച്ചകള്‍ അള്‍ട്രാവയലറ്റ് പാറ്റേണുകളെ എങ്ങനെ മനസിലാക്കുന്നുവെന്നും, തിമിംഗലങ്ങള്‍ പരിണമിച്ചുകൊണ്ടിരിക്കുന്ന പാട്ടുകളിലൂടെ എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്നും വരെ മനസിലാക്കി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ഒരേപോലെ പരിഗണിച്ചുകൊണ്ടുള്ള പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകളെയാണ് ഈ പരിപാടിയിലൂടെ വികസിപ്പിക്കുന്നത്.
36 മണിക്കൂര്‍ നീളുന്ന ഹാക്കത്തണില്‍ ജൈവവൈവിധ്യം, മനുഷ്യ-മൃഗ സഹവര്‍ത്തിത്വം, പ്രകൃതി സംരക്ഷണം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലായി പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മാര്‍ഗനിര്‍ദേശത്തോടെ പങ്കാളികള്‍ പരിഹാരങ്ങള്‍ വികസിപ്പിക്കും. ജീവിവര്‍ഗങ്ങളുടെ നിരീക്ഷണം, സംഘര്‍ഷങ്ങള്‍ തടയല്‍, ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം എന്നിവ ഇതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന് സഹവര്‍ത്തിത്വവുമായി ബന്ധപ്പെട്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എലിഫന്റ് കോറിഡോര്‍ മാപ്പര്‍ പോലുള്ള ചലഞ്ചുകള്‍ കേരളത്തിലെ ആനകളുടെ പ്രധാന സഞ്ചാരപാതകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലളിതമായ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ടീമുകളെ പ്രേരിപ്പിക്കും. ഇത് സംഘര്‍ഷങ്ങള്‍ മുന്‍കൂട്ടി കണ്ട് ഒഴിവാക്കാന്‍ വിവിധ സമൂഹങ്ങളെ സഹായിക്കും.
മെയ് 10ന് കൊച്ചി ടിങ്കര്‍സ്‌പേസില്‍ നടക്കുന്ന പൊതുപ്രദര്‍ശനത്തോടെയാണ് പരിപാടി സമാപിക്കുക. മത്സരാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത പദ്ധതികള്‍ അടുത്തറിയാനും, അവരുമായി സംവദിക്കാനും, സാങ്കേതികവിദ്യ എങ്ങനെ പാരിസ്ഥിതിക ഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്ന് മനസിലാക്കാനും ഇതിലൂടെ കൊച്ചിയിലെ പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കും. വെറുമൊരു മത്സരത്തിനപ്പുറം, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കാമെന്ന വലിയ ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരിക്കും ഈ ഹാക്കത്തണ്‍. പ്രകൃതിയുമായി മനുഷ്യന്‍ എങ്ങനെ സഹവര്‍ത്തിത്വത്തില്‍ കഴിയണമെന്ന പുതിയ ചിന്തകള്‍ക്ക് കൂടി ഇത് വഴിയൊരുക്കുമെന്നാണ് സംഘാകരുടെ പ്രതീക്ഷ.
ആവാസ് ലീഡര്‍ഷിപ്പ് ലാബ്‌സ്, ഇക്വിനോക്ട് കോസ്‌മോസ്, അഗാമി, യൂത്ത് കണ്‍സര്‍വേഷന്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്ക് (യുകാന്‍), റീവൈല്‍ഡ് എന്നിവയും പ്രഥമ മള്‍ട്ടിസ്പീഷീസ് ഹാക്കത്തണുമായി സഹകരിക്കുന്നുണ്ട്.
Register here :https://elephantacademy.org/multispecies-hackathon










